ഗൂഗിളിന് ഇന്ന് 27-ാം പിറന്നാള്‍; ആദ്യ ലോഗോ ഡൂഡിലാക്കി ആഘോഷം

ഗൂഗിളിന് ഇന്ന് 27-ാം പിറന്നാള്‍; ആദ്യ ലോഗോ ഡൂഡിലാക്കി ആഘോഷം

സെര്‍ച്ച് എഞ്ചിനായ ഗൂഗിളിന് ഇന്ന് 27-ാം ജന്മദിനം. തങ്ങളുടെ ആദ്യത്തെ ലോഗോ ഡൂഡിലായി അവതരിപ്പിച്ചാണ് ഗൂഗിള്‍ ആഘോഷം പങ്കുവച്ചത്. 1998 ല്‍ രൂപകല്‍പന ചെയ്ത വിന്റേജ് ലോഗോയാണ് ഡൂഡിലായി അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഉപയോക്താക്കളെ ഗൂഗിളിന്റെ പഴയ കാലം ഓര്‍മിപ്പിക്കുന്നതാണ്.

ഒരു തുടക്കക്കാരന്റെ എല്ലാ പരിമിതികളോടെയുമായിരുന്നു ഗൂഗിളിന്റേയും തുടക്കം. 1998 ല്‍ വാടകയ്‌ക്കെടുത്ത ഒരു ഗാരേജിലാണ് ഗൂഗിളിന്റെ ആദ്യ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ലോകത്തെ വിവരങ്ങള്‍ സംഘടിപ്പിക്കുകയും അത് എല്ലാവര്‍ക്കും ലഭ്യമാക്കുകയും ഉപയോഗ പ്രദമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ സ്ഥാപിതമായത്. 'ബാക്ക്‌റബ്' (BackRub) എന്നായിരുന്നു ആദ്യം ഈ സെര്‍ച്ച് എഞ്ചിനെ വിളിച്ചിരുന്നത്. പിന്നീട് അത് ഗൂഗിള്‍ എന്നാക്കി മാറ്റുകയായിരുന്നു.

യഥാര്‍ത്ഥത്തില്‍ വലിയ സംഖ്യ എന്ന അര്‍ത്ഥമുള്ള 'googol' എന്ന വാക്ക് തെറ്റായി എഴുതിയാണ് google ആയത്. അസംഖ്യം വിവരങ്ങള്‍ ലഭിക്കുന്ന ഇടം എന്ന അര്‍ത്ഥത്തിലാണ് ആ പേര് നല്‍കിയത്. 1998 സെപ്റ്റംബര്‍ 27 നാണ് 'ഗൂഗിള്‍.ഐഎന്‍സി' എന്ന കമ്പനിക്ക് തുടക്കമിട്ടത്. പിന്നീട് 2015 ല്‍ ആല്‍ഫബെറ്റ് എന്ന കമ്പനി രൂപീകരിക്കുകയും ഗൂഗിള്‍ ഉള്‍പ്പടെയുള്ള അനുബന്ധമായി പ്രവര്‍ത്തിച്ച വിവിധ സ്ഥാപനങ്ങളെ ഒറ്റ കുടക്കീഴില്‍ കൊണ്ടുവരികയും ചെയ്തു. ഇപ്പോള്‍ ആഗോളതലത്തില്‍ ലക്ഷക്കണക്കിന് ജീവനക്കാരുള്ള വലിയ വ്യവസായ ഭീമനാണ് ഗൂഗിള്‍.

ഡൂഡില്‍ തുടക്കം

1998 സെപ്റ്റംബര്‍ നാലിനാണ് ഗൂഗിള്‍ ഔദ്യോഗികമായി സ്ഥാപിതമായത്. എന്നാല്‍ സെപ്റ്റംബര്‍ 27 ആണ് ജന്‍മവാര്‍ഷികമായി കമ്പനി ആചരിക്കുന്നത്. 2006 മുതലാണ് സെപ്റ്റംബര്‍ 27 ന് ഗൂഗിള്‍ ബെര്‍ത്ത് ഡേ ആചരിക്കാന്‍ തുടങ്ങിയത്. ഓരോ പിറന്നാളിലും സ്ഥാപനം പ്രത്യേക ഡൂഡില്‍ പുറത്തിറക്കാറുണ്ട്.

ബേണിങ് മാന്‍ ഫെസ്റ്റിവലിന് പോകുന്നതിനാല്‍ തങ്ങള്‍ ഓഫീസിലുണ്ടാവില്ലെന്ന് ആളുകളെ അറിയിക്കുന്നതിന് വേണ്ടിയാണ് 1998 ല്‍ ലാറി പേജും സെര്‍ജി ബ്രിന്നും ആദ്യത്തെ ഡൂഡില്‍ പ്രസിദ്ധീകരിച്ചത്. ഓരോ വര്‍ഷവും ലോകമെമ്പാടും നൂറുകണക്കിന് ഡൂഡിലുകള്‍ ഗൂഗിള്‍ പുറത്തിറക്കാറുണ്ട്. പലപ്പോഴും ഒരേ സമയം വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത ഡൂഡിലുകളും കാണാനാകും.

പോയ വര്‍ഷങ്ങളിലായി 5,000 ലേറെ ഡൂഡിലുകള്‍ ഗൂഗിള്‍ നിര്‍മിച്ച് അവതരിപ്പിച്ചിട്ടുണ്ട്. ഇതിലെ ശ്രദ്ധേയമായവ പിറന്നാള്‍ ദിനത്തില്‍ കമ്പനി അവതരിപ്പിക്കുന്നു.

ലാറിയുടെയും സെര്‍ജിയുടെയും സ്വപ്നം

ഇന്ന് ലോകത്തെ എറ്റവും വലിയ ടെക് കമ്പനികളില്‍ ആദ്യ അഞ്ചില്‍ ഒന്നായി ഗൂഗിളുണ്ട്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും കോടിക്കണക്കിന് ആളുകള്‍ ഓരോ മിനിട്ടിലും ഗൂഗിളിനെ ആശ്രയിക്കുന്നു.

1998 സെപ്റ്റംബറിലാണ് ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്ന് ഗൂഗിളിന് തുടക്കമിട്ടത്. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ പി.എച്ച്.ഡി വിദ്യാര്‍ഥികളായിരുന്നു ഇരുവരും. തങ്ങളുടെ ഗവേഷണ വിഷയമെന്ന നിലയ്ക്കാണ് ഗൂഗിള്‍ എന്ന ആശയത്തെ ഇരുവരും വികസിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.