വത്തിക്കാൻ സിറ്റി: ഓരോ വിദ്യാർഥിയും ലോകത്തിലേക്ക് പുതിയത് എന്തെങ്കിലും കൊണ്ടുവരണമെന്ന് ആഹ്വാനം നൽകി ഫ്രാൻസിസ് മാർപാപ്പ. വിദ്യാർഥികളെ തൊഴിലിന്റെ ലോകം പരിചയപ്പെടുത്താനായി ഇറ്റാലിയൻ ക്രിസ്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (A.C.L.I) സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവർക്കു വേണ്ടിയുള്ള സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.
'ഇതാ നിങ്ങൾക്ക് മുമ്പിൽ ലോകം അതിന്റെ വാതായനങ്ങൾ തുറന്നിട്ടിരിക്കുന്നു. ഒരുപക്ഷേ, ലോകം ജനനിബിഡമാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. അല്ലെങ്കിൽ, നിങ്ങളുടെ ഏകാഗ്രത നഷ്ടപ്പെടുകയും മനസ്സ് പതറുകയും ചെയ്യുന്നതായി തോന്നാം. എന്നിരുന്നാലും, നിങ്ങളുടേതായ സംഭാവനയുടെ കുറവ് തീർച്ചയായും ഈ ലോകത്തിലുണ്ട്. അതിനാൽ നിങ്ങൾ ഓരോരുത്തരും പുതുതായി എന്തെങ്കിലും ലോകത്തിലേക്ക് കൊണ്ടുവരണമെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു' - തൻ്റെ സന്ദേശത്തിൽ പരിശുദ്ധ പിതാവ് ഇപ്രകാരം കുറിച്ചു.
തൻ്റെ സമീപകാല ചാക്രിക ലേഖനമായ ദിലെക്സിത്ത് നോസിൻ്റെ പ്രതിപാദ്യ വിഷയമായ ഹൃദയത്തെക്കുറിച്ചുള്ള ചിന്തകളിലേക്ക് ഫ്രാൻസിസ് പാപ്പാ വിദ്യാർത്ഥികളുടെ ശ്രദ്ധ ക്ഷണിച്ചു. ഈ കാലഘട്ടത്തിലെ തൊഴിൽ മേഖലയിൽ ഈ ആശയം എന്താണ് അർത്ഥമാക്കുന്നതെന്ന് മാർപാപ്പ ചോദിച്ചു.
അധ്വാനവും ഹൃദയവും
സാധാരണഗതിയിൽ, സ്നേഹം, സൗഹൃദം തുടങ്ങിയ കാര്യങ്ങളുമായാണ് ഹൃദയത്തെ നാം ബന്ധിപ്പിക്കാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ, തൊഴിലിടങ്ങളിലേക്കും നമ്മുടെ ഹൃദയം നാം കൊണ്ടുപോകാറുണ്ട്. നാം തീരുമാനങ്ങൾ എടുക്കുന്നത് ഹൃദയത്തിലായതിനാൽ ഹൃദയത്തിന് കാവൽ ആവശ്യമുണ്ടെന്ന് ബൈബിൾ പറയുന്നു.
നിങ്ങൾ ജോലിയുടെ ലോകത്തിലേക്ക് പ്രവേശിക്കുമ്പോൾ, നിങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങളുടെ ബാഹുല്യം നിമിത്തം നിങ്ങൾ തളർന്നുപോയേക്കാം. അപ്രകാരമുള്ള സാഹചര്യങ്ങളിൽ സമാധാനവും സമചിത്തതയും കാത്തുസൂക്ഷിക്കാൻ ഹൃദയത്തിനു കാവലേർപ്പെടുത്താൻ നിങ്ങൾ പഠിക്കണം. നിങ്ങൾക്ക് അപമാനവും അസ്വസ്ഥതയും ഉളവാക്കുന്നവിധമുള്ള സമ്മർദ്ദങ്ങൾക്കു വഴങ്ങരുത്. മുന്നോട്ടുള്ള പുരോഗതി തടയുന്നതും ആത്മാർത്ഥയ്ക്ക് തുരങ്കം വയ്ക്കുന്നതുമായ കാര്യങ്ങൾക്കു മുമ്പിൽ മുട്ടുമടക്കുകയുമരുത്.
സ്വന്തം തത്വങ്ങളിൽ ഉറച്ചുനിൽക്കുക
നിങ്ങളുടേതായ സംഭാവനകൾ ലോകത്തിന് നൽകണമെന്നുണ്ടെങ്കിൽ എന്തിനും ഏതിനും സമ്മതം നൽകരുത്. അങ്ങനെയായാൽ തിന്മയ്ക്കുപോലും നിങ്ങൾ സമ്മതം നൽകിയെന്നുവരാം. അധിക സമ്പത്തും സമൂഹത്തിൽ അന്തസും നേടാൻ വേണ്ടി നിങ്ങൾ വിശ്വസിക്കാത്ത മാതൃകകളുമായി പൊരുത്തപ്പെടരുത്. തിന്മയ്ക്ക് വഴിപ്പെട്ടാൽ അത് നിങ്ങളുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തും. അതിൻ്റെ ഫലം ഏകാന്തതയും ശൂന്യതയുമായിരിക്കും.
നമ്മുടെ പൊതു ഭവനം പുനർനിർമ്മിക്കുന്നതിനും മനുഷ്യ സാഹോദര്യത്തിന്റെ ഇഴകൾ നെയ്തെടുക്കുന്നതിനുമായി ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്ന് മാർപാപ്പ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. 'മനുഷ്യഹൃദയത്തിന് പ്രത്യാശിക്കേണ്ടതെങ്ങനെയെന്ന് അറിയാം. നമ്മെ കൂടുതൽ സ്വതന്ത്രരാക്കുന്ന എന്തിന്റെയും ആരംഭം ഹൃദയത്തിലാണ്. അത് ഒരിക്കലും നമുക്ക് അന്യതാബോധം നൽകുന്നില്ല - ഫ്രാൻസിസ് പാപ്പ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.