ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ 39.8 ലക്ഷം തട്ടി; തൃശൂര്‍ സ്വദേശി അറസ്റ്റില്‍

ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ 39.8 ലക്ഷം തട്ടി; തൃശൂര്‍ സ്വദേശി അറസ്റ്റില്‍

കൊച്ചി: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങിലൂടെ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് 39,80,000 രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തൃശൂര്‍ പോട്ട പഴമ്പിള്ളി പുല്ലന്‍ വീട്ടില്‍ നബിന്‍ (26) ആണ് അറസ്റ്റിലായത്. ആലുവ സൈബര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

നിക്ഷേപത്തിന് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങിലൂടെ വന്‍ ലാഭമാണ് തട്ടിപ്പ് സംഘം വാഗ്ദാനം ചെയ്തത്. ഫെയ്സ്ബുക്കില്‍ പരസ്യം കണ്ടാണ് പിറവം സ്വദേശി തട്ടിപ്പ് സംഘവുമായി ബന്ധപ്പെടുന്നത്. പുതുതായി തുടങ്ങുന്ന ഐ.പി.ഒകളില്‍ പണം നിക്ഷേപിച്ചാല്‍ രണ്ടിരട്ടിയോ അതിലേറെയോ ലാഭമായി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതില്‍ വിശ്വസിച്ച ഇയാള്‍ ഏപ്രിലില്‍ വിവിധ ദിവസങ്ങളിലായി സംഘത്തിന്റെ വിവിധ അക്കൗണ്ടുകളിലേക്ക് 16 തവണയായി പണം

നിക്ഷേപിക്കുകയായിരുന്നു. ഓരോ ലെവല്‍ കഴിയുമ്പോള്‍ നിക്ഷേപവും ലാഭവും വര്‍ധിക്കുമെന്നായിരുന്നു ഓഫര്‍. എന്നാല്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കാതെ വന്നപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേയ്ക്ക് എത്തിയത്. പിടിയിലായ ആളുടെ അക്കൗണ്ടിലൂടെ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഒരു കോടി ഇരുപത്തിയാറ് ലക്ഷം രൂപയുടെ ഇടപാടാണ് നടന്നത്. തട്ടിപ്പ് സംഘത്തില്‍പ്പെട്ട മറ്റ് ആളുകള്‍ അയച്ചുകൊടുക്കുന്ന തുക ഡോളറാക്കി മാറ്റി തിരിച്ചയച്ചുകൊടുക്കുന്നതും ഇയാളാണ്.

ഇന്‍സ്പെക്ടര്‍ വിബിന്‍ദാസ്, എസ്.ഐമാരായ സി.കെ. രാജേഷ്, എം. അജേഷ്, എ.എസ്.ഐ. പി.ജി. ബൈജു, സീനിയര്‍ സി.പി.ഒമാരായ ആര്‍. സജേഷ്, ലിജോ ജോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങിന്റെ പേരില്‍ പണം പോകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഓണ്‍ലൈന്‍ ട്രേഡിങ്, ഷെയര്‍ ട്രേഡിങ് എന്നിവയിലൂടെ നിരവധി പേര്‍ക്ക് ലക്ഷങ്ങളാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. വന്‍ ലാഭ വാഗ്ദാനത്തില്‍ വീണുപോകുന്നവരാണ് തട്ടിപ്പില്‍ പെടുന്നത്.

ആദ്യ ഘട്ടത്തില്‍ നിക്ഷേപിക്കുന്ന തുകകള്‍ക്ക് ലാഭമെന്ന പേരില്‍ കുറച്ച് പണം നല്‍കും. വിശ്വാസമാര്‍ജ്ജിക്കാനും കൂടുതല്‍ തുക നിക്ഷേപിപ്പിക്കാനുമുള്ള അടവാണിത്. തുടര്‍ന്ന് കുടുതല്‍ പണം നിക്ഷേപിക്കുകയും തിരിച്ചെടുക്കാന്‍ കഴിയാതെ തട്ടിപ്പിനിരയാവുകയൂം ചെയ്യും. അടുത്ത കാലത്ത് ആലുവ സ്വദേശിക്ക് ഒരു കോടി രൂപയും, കോതമംഗലം സ്വദേശിക്ക് 85 ലക്ഷവും കറുകുറ്റി സ്വദേശിക്ക് 90 ലക്ഷത്തോളം രൂപയും സമാന രീതിയില്‍ നഷ്ടപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.