സിറിയയിൽ കൂറ്റൻ ക്രിസ്മസ് ട്രീ അഗ്നിക്കിരയാക്കി; ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുന്നു

സിറിയയിൽ കൂറ്റൻ ക്രിസ്മസ് ട്രീ അഗ്നിക്കിരയാക്കി; ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുന്നു

ദമാസ്‌കസ്: സിറിയന്‍ നഗരമായ ഹമായില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച ക്രിസ്മസ് ട്രീ അജ്ഞാതര്‍ അഗ്നിക്കിരയാക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. 

മധ്യസിറിയയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ സുഖൈലബിയയിലാണ് സംഭവം.
നഗരത്തിലെ ഒരു പ്രധാന സ്‌ക്വയറില്‍ സ്ഥാപിച്ചിരിക്കുന്ന ക്രിസ്മസ് ട്രീക്ക് തോക്കുധാരിയായ രണ്ടാളുകള്‍
ഇന്ധനം ഒഴിച്ച് തീ വെക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.
നിരവധി ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ആരാണ് മരത്തിന് തീയിട്ടതെന്ന് വ്യക്തമല്ല.

അതേസമയം സംഭവത്തിന് പിന്നില്‍ ഉള്ളവരെ പിടികൂടിയതായി നിലവില്‍ സിറിയ ഭരിക്കുന്ന ഹയാത്ത് തെഹ്‌രീര്‍ അല്‍ ഷാം അറിയിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

ഈ സംഭവത്തെ തുടര്‍ന്ന് പുതിയ ഇസ്‌ലാമിക ഭരണകൂടത്തിന് കീഴില്‍ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് നിരവധി ജനങ്ങള്‍ തെരുവുകളിലേക്കിറങ്ങി. ഭരണകക്ഷിയായ ഹയാത്ത് തെഹ്‌രീര്‍ അല്‍ ഷാമിലെ ഒരംഗം സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മരം പുനഃസ്ഥാപിക്കുമെന്ന് സുഖൈലബിയയില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന് ഉറപ്പ് നല്‍കി.

സിറിയയിലെ വിദേശികളാണ് സംഭവത്തിന് പിന്നിലെന്ന് എച്ച്.ടി.എസ് വെളിപ്പെടുത്തിയതോടെ വിദേശികള്‍ക്കെതിരേയും പ്രതിഷേധക്കാര്‍ വിമര്‍ശനമുന്നയിക്കുകയുണ്ടായി.

അസദിന്റെ പതനശേഷം മുഹമ്മദ് അബു ജുലാനിയുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന പുതിയ ഭരണകൂടം അധികാരം ഏറ്റെടുക്കും മുമ്പ് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുമെന്ന് അറിയിച്ചിരുന്നു.

കുര്‍ദുകള്‍, അര്‍മേനിയക്കാര്‍, അസീറിയക്കാര്‍, ക്രിസ്ത്യാനികള്‍, ഡ്രൂസ്, അലവിറ്റ് ഷിയ, അറബ് സുന്നികള്‍ എന്നിവരുള്‍പ്പെടെ നിരവധി ന്യൂനപക്ഷ ഗ്രൂപ്പുകള്‍ നിലവില്‍ സിറിയയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.