'ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം; വയനാട് പുനരധിവാസത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം': നയ പ്രഖ്യാപനത്തില്‍ ഗവര്‍ണര്‍

'ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം; വയനാട് പുനരധിവാസത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം': നയ പ്രഖ്യാപനത്തില്‍ ഗവര്‍ണര്‍

തിരുവനന്തപുരം: കേരളത്തെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് മുന്നോടിയായി നയപ്രഖ്യാപനം നടത്തുകയായിരുന്നു ഗവര്‍ണര്‍.

നവകേരളം എന്ന ലക്ഷ്യത്തിലേക്കാണ് നാം മുന്നേറുന്നത്. വികസന നേട്ടങ്ങളില്‍ കേരളം മാതൃകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ നിര്‍മ്മാര്‍ജനം തുടങ്ങിയവയ്ക്കാണ് മുന്‍ഗണന. സാമൂഹിക സുരക്ഷ ശക്തമാണെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് പുനരധിവാസം സര്‍ക്കാരിന്റെ കടമയാണ്. ഒരു വര്‍ഷത്തിനകം ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംസ്ഥാനം വലിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയായി. കാലാവസ്ഥ വ്യതിയാനം നേരിടാന്‍ കേന്ദ്ര സഹായത്തോടെ പദ്ധതി ആവിഷ്‌കരിക്കും.

എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കും. 64,006 അതിദരിദ്രരെ കണ്ടെത്തി. ഇവരുടെ പ്രശ്നം പരിഹരിക്കാന്‍ നടപടി തുടങ്ങി. ദേശീയപാത വികസനം പുരോഗമിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ സംസ്ഥാനം വന്‍ പുരോഗതി നേടി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടം എടുത്തു പറയേണ്ടതാണ് എന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി

രാവിലെ നിയമസഭയിലെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എഎന്‍ ഷംസീറും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് നിയമസഭയിലേക്ക് ആനയിച്ചു. ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗമായിരുന്നു ഇന്നത്തേത്. മാര്‍ച്ച് 28 വരെ ആകെ 27 ദിവസം സഭ ചേരുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്.

ഈ മാസം 20 മുതല്‍ 22 വരെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയാകും നടക്കുക. ഫെബ്രുവരി ഏഴിന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 10 മുതല്‍ 12 വരെ ബജറ്റിലുള്ള പൊതു ചര്‍ച്ച നടക്കും. നടപ്പ് സാമ്പത്തിക വര്‍ഷത്തെ അവസാന ഉപധനാഭ്യര്‍ഥനകള്‍ 13 ന് പരിഗണിക്കും.

ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് രണ്ട് വരെ സഭ ചേരുന്നതല്ല. ഇക്കാലയളവില്‍ വിവിധ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും. മാര്‍ച്ച് നാല് മുതല്‍ 26 വരെ 2025-26 വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ സഭ ചര്‍ച്ച ചെയ്തു പാസാക്കും. തുടര്‍ന്ന് മാര്‍ച്ച് 28 ന് സഭ പിരിയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.