കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ കല രാജുവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചതില്‍ അനൂപ് ജേക്കബ് എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. യുഡിഎഫ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.
നഗരസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ തന്നെ തട്ടിക്കൊണ്ടുപോയത് സിപിഎമ്മുകാരെന്ന് കല രാജു പറഞ്ഞു. തന്റെ കാല് വെട്ടിമാറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും കല രാജു പ്രതികരിച്ചു. തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കൗണ്‍സിലറുടെ ആരോപണം.
തന്നോട് വളരെ മോശം ഭാഷയില്‍ സംസാരിച്ചു. വലിച്ചിഴച്ച് കാറില്‍ കയറ്റി ദേഹോപദ്രവം ഏല്‍പിച്ചെന്നും കല രാജു പറഞ്ഞു. തന്റെ കാല് കാറില്‍ കുടുങ്ങിയപ്പോള്‍ വെട്ടിമാറ്റി തരാമെന്ന് ഒരു സിപിഎം പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു.
തട്ടിക്കൊണ്ടു പോയതിന് ശേഷം സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലാണ് തന്നെ എത്തിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും നെഞ്ചുവേദന അനുഭവപ്പെട്ടപ്പോള്‍ ഗ്യാസിന്റെ ഗുളിക തന്നുവെന്നും കല രാജു പറഞ്ഞു.
കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനിരിക്കവെയാണ് കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍മാന്‍, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി എന്നിവരടക്കം 45 പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.