'സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് സത്യസന്ധമായി'; കൂടിയ വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയെന്ന സിഎജി റിപ്പോര്‍ട്ട് തളളി മുഖ്യമന്ത്രി

'സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് സത്യസന്ധമായി'; കൂടിയ വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയെന്ന സിഎജി റിപ്പോര്‍ട്ട് തളളി മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മഹാമാരി സമയത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ വന്‍ക്രമക്കേടുണ്ടായെന്ന കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട് തളളി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇടതുമുന്നണി സത്യസന്ധമായാണ് പ്രവര്‍ത്തിച്ചിട്ടുളളതെന്ന് പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കുളള മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മദ്യ കമ്പനി വിവാദവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ക്കും പിണറായി മറുപടി നല്‍കി.

കോവിഡ് കാലത്ത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പിപിഇ കിറ്റ് അനിവാര്യമായിരുന്നു. ആവശ്യത്തിന് അവശ്യ സാധനങ്ങള്‍ കിട്ടാത്ത അവസ്ഥ ഉണ്ടായിരുന്നു. സിഎജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സര്‍ക്കാര്‍ നല്‍കിയിരുന്നു. കോവിഡ് കാലവും സാധരണ കാലവും തമ്മിലുളള വ്യത്യാസമുണ്ട്.

അവശ്യസാധന ക്ഷാമമോ വിലക്കയറ്റമോ കണക്കിലെടുത്തല്ല സിഎജി റിപ്പോര്‍ട്ട്. വ്യാജ പ്രചാരണങ്ങള്‍ക്ക് അധികം ആയുസുണ്ടാകില്ല. ഇടതുമുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രമാണ്.

കോവിഡ് കാലത്ത് 10.23 കോടി രൂപയുടെ അധിക ബാധ്യത സര്‍ക്കാരിനുണ്ടാക്കി പൊതുവിപണിയേക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

2020 മാര്‍ച്ച് 28 ന് 550 രൂപ നിരക്കില്‍ പിപിഇ കിറ്റ് വാങ്ങിയ സര്‍ക്കാര്‍ രണ്ട് ദിവസത്തിന് ശേഷം 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് മഹാരാഷ്ട്ര ആസ്ഥാനമായ സാന്‍ ഫാര്‍മ എന്ന കമ്പനിക്ക് പിപിഇ കിറ്റിന് മുന്‍കൂറായി മുഴുവന്‍ പണവും നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും വ്യക്തമാക്കിയിരിക്കുന്നത്.

മദ്യനയത്തില്‍ സര്‍ക്കാര്‍ നയം സുവ്യക്തമാണന്ന് അതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപകര്‍ വന്നാല്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. വ്യവസായ നിക്ഷേപ പദ്ധതിക്ക് ടെണ്ടര്‍ ബാധകമല്ല. 600 കോടിയുടെ നിക്ഷേപമാണ് വരുന്നത്. അനുമതി നല്‍കാന്‍ പഞ്ചായത്തിനെ പരിഗണിക്കേണ്ട കാര്യമില്ലെന്നും അദേഹം വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.