• Sun Mar 30 2025

ഭൂമി വാങ്ങി വര്‍ഷങ്ങളായി താമസം; കൊച്ചിയില്‍ വ്യാജ രേഖകളുമായി ബംഗ്ലാദേശി കുടുംബം അറസ്റ്റില്‍

ഭൂമി വാങ്ങി വര്‍ഷങ്ങളായി താമസം; കൊച്ചിയില്‍ വ്യാജ രേഖകളുമായി ബംഗ്ലാദേശി കുടുംബം അറസ്റ്റില്‍

കൊച്ചി: എറണാകുളം ഞാറയ്ക്കലില്‍ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശി കുടുംബം പിടിയില്‍. ഞാറയ്ക്കലില്‍ ഭൂമി വാങ്ങി വര്‍ഷങ്ങളായി താമസിക്കുന്നവരാണ് പിടിയിലായത്. ദമ്പതികളായ ദശരഥ് ബാനര്‍ജി (38), ഭാര്യ മാരി ബിബി (33) മൂന്നും മക്കളുമാണ് പിടിയിലായത്. അറസ്റ്റിലായ ദമ്പതികളെ റിമാന്‍ഡ് ചെയ്തു.

ഇവരുടെ കുട്ടികളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. വ്യാജ ജനന സര്‍ട്ടിഫിക്കറ്റാണ് ഇവരെ കുടുക്കിയത്. ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി എറണാകുളം റൂറല്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ജില്ലയില്‍ ഈ വര്‍ഷം പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം 37 ആയി. ബംഗാളില്‍ നിന്ന് വ്യാജമായി ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ സ്വന്തമാക്കിയ ശേഷം കേരളത്തിലേക്ക് എത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

വ്യാജ രേഖകളുമായി കേരളത്തിലെത്തിയ ദമ്പതിമാര്‍ പറവൂര്‍ വടക്കേ മേത്തറ ഭാഗത്ത് സ്ഥലം വാങ്ങി രജിസ്റ്റര്‍ ചെയ്ത് താമസിക്കുകയായിരുന്നു. ഇവരില്‍ നിന്ന് കേരളത്തില്‍ നിന്നുള്ള ഡ്രൈവിങ് ലൈസന്‍സ്, വാഹനത്തിന്റെ ആര്‍സി ബുക്കിന്റെ പകര്‍പ്പ്, വാര്‍ഡ് മെമ്പര്‍ നല്‍കിയ സാക്ഷ്യപത്രം എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

റൂറല്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ തോമസ്, എസ്ഐമാരായ അഖില്‍ വിജയകുമാര്‍, ലാലന്‍, ഹരിചന്ദ്, എഎസ്ഐമാരായ സ്വപ്ന, റെജി എ തങ്കപ്പന്‍, എസ്സിപിഒമാരായ മിറാജ്, സുനില്‍ കുമാര്‍, സിപിഒമാരായ ശ്രീകാന്ത്, ആന്റണി ഫ്രെഡി, ശ്യാംകുമാര്‍, ഐശ്വര്യ, എച്ച്ജി വേണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.