'ശനിയാഴ്ചയ്ക്കുള്ളില്‍ എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ വീണ്ടും ആക്രമണം'; ഹമാസിന് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്

'ശനിയാഴ്ചയ്ക്കുള്ളില്‍ എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ വീണ്ടും ആക്രമണം'; ഹമാസിന് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഹമാസിന്റെ തടവറയിലുള്ള എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന നിര്‍ദേശവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ശനിയാഴ്ച വരെ സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ജനുവരി 19 ന് പ്രാബല്യത്തില്‍ വന്ന ആറ് ആഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് പശ്ചിമേഷ്യന്‍ വിഷയത്തില്‍ യു.എസ് പ്രസിഡന്റ് വീണ്ടും ഇടപെട്ടത്. ഹമാസിന്റെ നീക്കത്തെ ഭയാനകം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. മാത്രമല്ല വെടിനിര്‍ത്തലിന് ശേഷം എന്ത് ചെയ്യണമെന്ന് ഇസ്രയേല്‍ തീരുമാനിക്കട്ടെ എന്നും ട്രംപ് വ്യക്തമാക്കി.

ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കണം. അവരെയെല്ലാം തിരികെ വേണം. താന്‍ തന്റെ കാര്യമാണ് പറയുന്നതെന്നും ഇസ്രയേലിന് വേണ്ടത് ചെയ്യാമെന്നും ട്രംപ് വ്യക്തമാക്കുന്നു. പക്ഷെ തന്റെ കാര്യത്തില്‍, ശനിയാഴ്ച രാത്രി 12 മണിക്കുള്ളില്‍ അവരെ വിട്ടയിച്ചില്ലെങ്കില്‍, ഗാസ വീണ്ടും നരക തുല്യമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. താന്‍ നിര്‍ദേശിച്ച സമയപരിധിയെക്കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി സംസാരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഭീഷണിക്ക് പിന്നിലെ വസ്തുതകള്‍ എന്താണെന്ന് ട്രംപ് വിശദീകരിച്ചില്ല. താന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഹമാസിന് അറിയാമെന്ന് മാത്രമാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. വെടിനിര്‍ത്തലിന് ശേഷം യു.എസ് സേനയുടെ സാധ്യത തള്ളിക്കളയുന്നുണ്ടോ എന്ന ചോദ്യത്തിന് എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാമെന്നായിരുന്നു ട്രംപിന്റെ മറുപടി.

ഗാസ ഏറ്റെടുത്ത് പുനര്‍നിര്‍മിക്കാമെന്ന് നേരത്തേ ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ എന്ത് അധികാരം ഉപയോഗിച്ചാണ് യുഎസ് ഇത് നടപ്പാക്കാന്‍ പോകുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഗാസ ഇടിച്ചുനിരത്തിയ ഇടമാണ്. അവശേഷിക്കുന്നതും പൂര്‍ണമായി നിരത്തും. അവിടെ ഇനി ഹമാസ് അടക്കം ആരുമുണ്ടാവില്ല. ഗാസ ഒരു വലിയ റിയല്‍ എസ്റ്റേറ്റ് സ്ഥലമാണ്. യുഎസ് അതു സ്വന്തമാക്കും. മനോഹരമായി പുനര്‍നിര്‍മിക്കും എന്നായിരുന്നു ട്രംപിന്റെ വാഗ്ദാനം.

അതുപോലെ ഗാസയിലെ 20 ലക്ഷത്തിലേറെ വരുന്ന പാലസ്തീന്‍കാര്‍ ഒഴിയണമെന്നും ട്രംപ് ആവര്‍ത്തിച്ചു. കുറച്ച് പാലസ്തീന്‍കാരെ അമേരിക്ക സ്വീകരിക്കാന്‍ ഒരുക്കമാണ്. എന്നാല്‍ ഓരോ അപേക്ഷയും പ്രത്യേകം പരിശോധിക്കുമെന്നും അദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.