അനധികൃത റിക്രൂട്ട്‌മെന്റ്: നിയമനിര്‍മാണ സാധ്യത പരിശോധിക്കുന്നതിന് പത്തംഗ കമ്മിറ്റി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

അനധികൃത റിക്രൂട്ട്‌മെന്റ്: നിയമനിര്‍മാണ സാധ്യത പരിശോധിക്കുന്നതിന് പത്തംഗ കമ്മിറ്റി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള അന്താരാഷ്ട്ര റിക്രൂട്ട്മെന്റ് മേഖലയിലെ സുതാര്യത ഉറപ്പ് വരുത്തി സുരക്ഷിത കുടിയേറ്റം സാധ്യമാക്കുന്നതിന് കമ്മിറ്റി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ നിയമ നിര്‍മാണ സാധ്യത പരിശോധിക്കുന്നതിന് 10 അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, കേരള ഡിജിപി, നോര്‍ക്ക വകുപ്പ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, നിയമസഭാ സെക്രട്ടറി, നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍, ലോക കേരള സഭാ സെക്രട്ടറിയേറ്റ് ഡയറക്ടര്‍, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, എന്‍.ആര്‍.ഐ സെല്‍ പൊലീസ് സൂപ്രണ്ട്, ഐഐഎംഎഡി ചെയര്‍ ഡോ. ഇരുദയ രാജന്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

സുരക്ഷിത കുടിയേറ്റം ഉറപ്പ് വരുത്തുന്നതിന് ബോധവല്‍ക്കരണ പരിപാടികള്‍ ഉള്‍പ്പെടെ നടത്തിവരുന്നുണ്ടെങ്കിലും അനധികൃത റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ കെണിയില്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍, ഏജന്റുമാര്‍, ഇടനിലക്കാര്‍ തുടങ്ങിയവര്‍ നിയമ പരിമിതികള്‍ മനസിലാക്കി കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്ന പ്രവണതയുണ്ട്.

കേരളത്തില്‍ നിന്നുള്ള അനധികൃത റിക്രൂട്ട്‌മെന്റ് തടയുന്നതിനും സുരക്ഷിത കുടിയേറ്റം ഉറപ്പ് വരുത്തുന്നതിനും സംസ്ഥാന തലത്തില്‍ പ്രത്യേക നിയമനിര്‍മാണം സാധ്യമാകുമോയെന്ന് പരിശോധിക്കണമെന്നുള്ളത് നാലാം ലോക കേരളസഭയുടെ സുപ്രധാന നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാലാം ലോകകേരള സഭ സ്റ്റാന്റിങ് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം കേരളത്തില്‍ നിന്നുള്ള അന്താരാഷ്ട്ര റിക്രൂട്ട്മെന്റ് രീതികള്‍ കാര്യക്ഷമമാക്കുന്നതിന് വിവിധ ദേശീയ-അന്തര്‍ദേശീയ ഏജന്‍സികളെയും വിദഗ്ധരെയും പങ്കെടുപ്പിച്ചുകൊണ്ട് ബ്രെയിന്‍സ്റ്റോര്‍മിങ് സെഷന്‍ 2024 ഒക്ടോബര്‍ 28 ന് സംഘടിപ്പിച്ചിരുന്നു.

അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് മേഖലയിലെ നിയമനിര്‍മാണ സാധ്യത പഠിക്കുന്നതിനായി ഒരു വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് യോഗം ശുപാര്‍ശ ചെയ്തു. ഈ സെഷനില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളെ അധികരിച്ചു വിശദമായ ഒരു പഠന റിപ്പോര്‍ട്ടും സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനതലത്തില്‍ പ്രത്യേക നിയമനിര്‍മാണം സാധ്യമാകുമോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

മാത്രമല്ല നിയമനിര്‍മാണ രൂപീകരണത്തിനുള്ള സാധ്യത പഠനത്തിനോടൊപ്പം, കരട് പോളിസി നോട്ട് പരിശോധനയും തുടര്‍ നടപടികളും കമ്മിറ്റി ശുപാര്‍ശ ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.