തൃശൂർ അതിരൂപതാംഗം ഫാ. ഫ്രാൻസിസ് കരിപ്പേരി അന്തരിച്ചു

തൃശൂർ അതിരൂപതാംഗം  ഫാ. ഫ്രാൻസിസ് കരിപ്പേരി അന്തരിച്ചു

തൃശൂർ: ആത്മീയഗുരു, ഭൗതികശാസ്ത്ര അദ്ധ്യാപകൻ, എഴുത്തുകാരൻ, കർമ്മനിരതനായ വികാരി എന്നിങ്ങനെ വിവിധ സേവനമേഖലകളിൽ പ്രശോഭിച്ച തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ഫ്രാൻസിസ് കരിപ്പേരി ഇന്ന് (ഫെബ്രു 25) ഉച്ചകഴിഞ്ഞ് 3 മണിക്ക് അന്തരിച്ചു.

മൃതസംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് പറപ്പൂക്കര ദൈവാലയത്തിൽ നടത്തപ്പെടും. ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ 6.30 ന് തൃശൂർ സെന്റ് ജോസഫ് വൈദികമന്ദിരത്തിലെ വി. ബലിക്കുശേഷം 7.30 മുതൽ 8.30 വരെ തൃശൂർ സെന്റ് ജോസഫ് വൈദികമന്ദിരത്തിലും, അതിനുശേഷം രാവിലെ 9.30മുതൽ 10.30 വരെ മുളങ്ങ് സെ. ഫ്രാൻസീസ് സേവ്യർ പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 10.30 മുളങ്ങിലുള്ള ജ്യേഷ്ഠ സഹോദരന്റ മകൻ റാഫിയുടെ വസതിയിലേക്ക് കൊണ്ടുപോയി ഉച്ചകഴിഞ്ഞ് 1.45 വരെ പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 1.45 ന് വീട്ടിൽ നിന്ന് മൃതസംസ്കാരശുശ്രൂഷകൾ ആരംഭിക്കുന്നതാണെന്ന് തൃശൂർ അതിരൂപതാ വക്താവ് അറിയിച്ചു.

ഇരിങ്ങാലക്കുട രൂപത പറപ്പൂക്കര ഇടവകയിലെ പരേതരായ ഔസേപ്പ് , ഏല്യ ദമ്പതികളുടെ മകനായി 1938 മെയ് 1 ന് ജനിച്ചു. തൃശ്ശൂർ മൈനർ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിലെ വൈദികപരിശീലനം പൂർത്തിയാക്കിയശേഷം 1964 മാർച്ച് 11ന് മാർ ജോർജ്ജ് ആലപ്പാട്ട് പിതാവിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു.

ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ പങ്കുകാരനായി ദൈവജനത്തിനായി പരിയാരം ഇടവകയിൽ സഹവികാരിയായി അജപാലനശുശ്രൂഷ ആരംഭിച്ച അദ്ദേഹം പുലക്കാട്ടുകര ഇടവകയിൽ നടത്തുവികാരിയായും കല്ലൂർ പടിഞ്ഞാറ്, പാലക്കൽ, അയ്യന്തോൾ, അത്താണി, വെളപ്പായ, കണ്ണംകുളങ്ങര, നെടുപുഴ, ചെവ്വൂർ, പുറനാട്ടുകര, കൂനംമൂച്ചി, വരാക്കര, പൂത്തറക്കൽ, പാലാഴി, ചാഴൂർ എന്നിവിടങ്ങളിൽ വികാരിയായും സെന്റ് തോമസ് കോളേജ് ഹോസ്റ്റൽ വാർഡനായും കരിസ്മാറ്റിക് പ്രസ്ഥാന ഡയറക്ടറായും പഴുവിൽ സെന്റ് മേരീസ് ധ്യാനകേന്ദ്രസഹായിയായും സേവനം ചെയ്തിട്ടുണ്ട്. കാലിക്കറ്റ് സർവ്വകലാശാലയിൽ എം.എ.സി ഭൗതികശാസ്ത്രത്തിൽ റാങ്ക് കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹം സെന്റ് തോമസ് കോളേജ് പ്രൊഫസർ, വൈദിക സമിതി സെക്രട്ടറി, പാസ്റ്ററൽ കൗൺസിൽ അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭൗതികശാസ്ത്രത്തിലെ സിദ്ധന്തങ്ങൾ നർമ്മം കലർത്തി പഠിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രസിദ്ധമാണ്.

10 ൽ അധികം പള്ളികൾ പണി ചെയ്തിട്ടുള്ള അദ്ദേഹം .പണിക്കാരോടൊപ്പം പണി ചെയ്തുകൊണ്ട് മാതൃക കാട്ടിയിരുന്നു. അനേകർക്ക്‌ വൈദീകവൃത്തിയിലെക്ക് കടന്നു ചെല്ലുവാൻ അദ്ദേഹം പ്രേരണ നൽകി. അൾത്താരബാലന്മാർക്ക് നല്ല പരിശീലനം നൽകുന്നതിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു .

കരിപ്പേരിയച്ചൻ എന്ന് ഇടവക ജനം വിളിച്ചിരുന്ന അച്ചൻ മികച്ച എഴുത്തുകാരനും ഗാനരചയിതാവും കൂടിയാണ്. ചില ഭക്തിഗാന കാസറ്റുകളും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. 2015 ഫെബ്രുവരി 4 മുതൽ തൃശൂർ സെന്റ് ജോസഫ് വൈദികമന്ദിരത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

റപ്പായി (പരേതൻ), ലാസർ (പരേതൻ), ത്രേസ്യ എന്നിവർ സഹോദരങ്ങളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.