ആലപ്പുഴ: ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ സ്വന്തം ജീവന്‍ പോലും മറന്ന് അത്ഭുതകരമായി രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍. ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ നിഷാദാണ് യുവാവിനെ രക്ഷിച്ചത്. 'എടാ ചാടല്ലേടാ... പ്ലീസ്' എന്ന് അലറിവിളിച്ച് ഓടിവന്നു രക്ഷിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ആലപ്പുഴയിലെ ഹരിപ്പാട് ബ്രഹ്മാണ്ഡ വിലാസം സ്‌കൂളിനും തൃപ്പക്കുടം റെയില്‍വേ ക്രോസിനും ഇടയില്‍ കാട് പിടിച്ച സ്ഥലത്താണ് സംഭവം. ട്രെയിന്‍ വന്നുകൊണ്ടിരുന്ന ട്രാക്കിലൂടെ ഓടിയെത്തിയ നിഷാദ് യുവാവിനെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. യുവാവിനെ കാണാനില്ലെന്ന് രാവിലെ സ്റ്റേഷനില്‍ നിന്ന് അറിയിച്ചിരുന്നു. ലൊക്കേഷന്‍ നോക്കിയപ്പോള്‍ റെയില്‍വേ ട്രാക്കിന് അടുത്താണ് കാണിച്ചതെന്നും ഉടന്‍ തന്നെ അങ്ങോട്ടേക്ക് പുറപ്പെടുകയുമായിരുന്നുവെന്നും നിഷാദ് പറഞ്ഞു.
ഗേറ്റ് കീപ്പറോട് അന്വേഷിച്ചപ്പോള്‍ ഒരാള്‍ ട്രാക്കില്‍ നില്‍ക്കുന്നുണ്ടെന്ന് തോന്നുന്നുവെന്നും ഹരിപ്പാട് നിന്ന് ഒരു ട്രെയിന്‍ വരുന്നുണ്ടെന്നും അറിഞ്ഞു. അതുകേട്ടപ്പോള്‍ ട്രാക്ക് വഴി യുവാവിന് അടുത്തേക്ക് ഓടുകയായിരുന്നു നിഷാദ്. അലര്‍ച്ച കേട്ട് യുവാവ് ട്രാക്കില്‍ നിന്ന് പുറത്തേക്ക് ഓടി മാറുകയായിരുന്നു. എന്തിനാടാ ചാടാന്‍ പോയേ എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ യുവാവിനോട് ചോദിച്ചു. സാര്‍ ഇപ്പോ വിളിച്ചില്ലേല്‍ താന്‍ ചാടുമായിരുന്നുവെന്നായിരുന്നു യുവാവിന്റെ മറുപടി.
യുവാവിനെ രക്ഷിക്കാനായി ട്രാക്കിലൂടെ ഓടുന്നതിനിടെ നിഷാദിന്റെ ചെരുപ്പ് പൊട്ടുകയും കാലിന് പരിക്കേല്‍ക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.