കേരളം വെന്തുരുകുന്നു: രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളം വെന്തുരുകുന്നു: രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കടുത്ത വേനലില്‍ കേരളത്തില്‍ ആശങ്ക. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നുള്ള വികിരണ തോത് ഉയരുന്നതാണ് കൂടുതല്‍ ആശങ്കയ്ക്ക് കാരണം. ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ യുവി സൂചികയില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ഈ ജില്ലകളില്‍ യുവി തോത് 11 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

യുവി സൂചികയില്‍ കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, ഇടുക്കി ജില്ലകളില്‍ യുവി വികരണ തോത് 10 രേഖപ്പെടുത്തിയപ്പോള്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒന്‍പതാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് എട്ട് ആണ് യുവി ഇന്‍ഡക്സ്.

കോഴിക്കോട്, വയനാട്, തൃശൂര്‍, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ യുവി തോത് ഏഴ് രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ യുവി വികിരണ തോത് ആണ് ആണ്. കാസര്‍കോടാണ് ഏറ്റവും കുറവ് യുവി തോത്. യുവി ഇന്‍ഡക്സ് അഞ്ച് രേഖപ്പെടുത്തിയ കാസര്‍കോട് അലര്‍ട്ടുകളൊന്നുമില്ല.

യുവി ഇന്‍ഡക്സ് അഞ്ചിന് മുകളിലേക്ക് പോയാല്‍ അപകടകരമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നു. വെയിലിന് ഒപ്പം എത്തുന്ന തരംഗ ദൈര്‍ഘ്യം കുറഞ്ഞ വികിരണമാണ് യുവി. അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയും വായുമണ്ഡലവും ജലതന്മാത്രകളും എല്ലാം കടന്നു ഭൂമിയില്‍ എത്തുന്ന ഇവ ശരീരത്തില്‍ വൈറ്റമിന്‍ ഡി നിര്‍മിക്കാന്‍ നല്ലതാണെങ്കിലും അധികമായാല്‍ മാരകമാണ്. യുവി സൂചിക ഏഴിന് മുകളിലെത്തിയാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നുമാണ് മുന്നറിയിപ്പ്.

വേനല്‍ക്കാലത്ത് സൂര്യന്‍ വടക്കന്‍ അര്‍ദ്ധഗോളത്തിലേക്ക് നീങ്ങുന്നതാണ് ചൂടിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണം. വികിരണ തീവ്രതയിലെ വ്യതിയാനങ്ങള്‍ കാരണം മാര്‍ച്ച് 20 മുതല്‍ രണ്ടാഴ്ചത്തേക്ക് യുവി ലെവല്‍ ഉയര്‍ന്നതായിരിക്കും. പീക്ക് സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് സൂര്യാതപത്തിന് കാരണമാകും.
സുരക്ഷാ നടപടികള്‍

ഉയര്‍ന്ന യുവി വികിരണങ്ങളില്‍ നിന്ന് സുരക്ഷിതരായിരിക്കാന്‍ തൊപ്പികളോ കുടകളോ ഉപയോഗിക്കണം.
പുറത്തുപോകുമ്പോള്‍ സണ്‍ഗ്ലാസുകള്‍ ധരിക്കണം.

എക്സ്പോഷര്‍ കുറയ്ക്കുന്നതിന് ശരീരം മൂടുന്ന ലൈറ്റ് കോട്ടണ്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
കുന്നിന്‍ പ്രദേശങ്ങള്‍, ഉഷ്ണമേഖലാ പ്രദേശങ്ങള്‍, തുറസായ ഭൂപ്രകൃതികള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്.
കാരണം ഈ സ്ഥലങ്ങളില്‍ സാധാരണയായി ഉയര്‍ന്ന അളവിലുള്ള യുവി വികിരണം അനുഭവപ്പെടാറുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.