കോഴിക്കോട്: ലഹരിക്ക് അടിമപ്പെട്ട് കൊലവിളി മുഴക്കിയ മകനെ പൊലീസില്‍ ഏല്‍പിച്ച് അമ്മ. കോഴിക്കോട് എലത്തൂര്‍ സ്വദേശി രാഹുലിനെ (26)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ലഹരിക്ക് അടിമയായ ഇയാള്‍ വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. നിരന്തരം ഭീഷണി തുടര്‍ന്നതോടെയാണ് മകനെതിരെ അമ്മ മിനി പൊലീസില്‍ പരാതി നല്‍കിയത്.
പോക്‌സോ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ രാഹുല്‍ ഒമ്പത് മാസത്തോളം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി സമയത്ത് പൊലീസില്‍ ഹാജരാകാതെ ഒളിവില്‍ നടക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ ഇന്നലെ രാത്രി വീട്ടിലെത്തി ബഹളമുണ്ടാക്കിയത്.
തുടര്‍ന്ന് രാത്രി തന്നെ മിനി പൊലീസിനെ വിളിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് രാവിലെയാണ് പൊലീസ് എത്തിയത്. ഈ സമയം രാഹുല്‍ കഴുത്തില്‍ ബ്ലെയ്ഡ് വച്ച് ആത്മഹത്യ ഭീഷണി മുഴക്കി. തുടര്‍ന്ന് പൊലീസ് അനുനയിപ്പിച്ച് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പണം നല്‍കണമെന്നാവശ്യപ്പെട്ട് രാഹുല്‍ വീട്ടില്‍ ബഹളമുണ്ടാക്കുന്നത് പതിവാണ്. നിവൃത്തിയില്ലാതെ വന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും മിനി പറഞ്ഞു. മുന്‍പും രാഹുലിനെതിരെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാഹുലിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മിനി മാധ്യമങ്ങളോട് പറഞ്ഞു.
വീടിന് അകത്തുപോലും മകന്‍ പതിവായി ലഹരി മരുന്ന് ഉപയോഗിക്കാറുണ്ട്. പലതവണ അക്രമാസക്തനായിട്ടുണ്ട്. വിമുക്തി കേന്ദ്രത്തിലും മകനെ പ്രവേശിപ്പിച്ചിരുന്നുവെന്നും അമ്മ വ്യക്തമാക്കി.
എലത്തൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലാണ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്. കോഴിക്കോട്, താമരശേരി, കൂരാച്ചുണ്ട്, ഇടുക്കി ജില്ലയിലെ പീരുമേട് പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.