ഇന്ത്യന്‍ സമയം വൈകുന്നേരം 8:30 ന്
കോലഞ്ചേരി: യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി മലങ്കര മെത്രാപ്പൊലീത്തയും എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ മാര്‍ച്ച് 25 ന് വാഴിക്കും. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ സെന്റ് മേരീസ് സിറിയന്‍ കത്തീഡ്രലില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 8:30 നാണ് ചടങ്ങ്. സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ മുഖ്യകാര്‍മ്മികത്വം വഹിക്കും.
യാക്കോബായ സഭയുടേതടക്കം സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ മറ്റു മെത്രാപ്പൊലീത്തമാര്‍ സഹകാര്‍മികരാകും. യാക്കോബായ സഭാംഗങ്ങളുടെ പ്രതിനിധി സംഘവും മാര്‍ത്തോമ്മാ സഭയുടെ ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയും ലെബനനില്‍ എത്തി. ചടങ്ങ് നടക്കുന്ന സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന പ്രാര്‍ഥനയ്ക്ക് പാത്രിയര്‍ക്കീസ് ബാവായും ജോസഫ് മാര്‍ ഗ്രിഗോറിയോസും നേതൃത്വം നല്‍കി. വചനിപ്പ് തിരുനാള്‍ ദിവസമാണ് സ്ഥാനാരോഹണമെന്ന പ്രത്യേകതയുമുണ്ട്. ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് വചനിപ്പ് തിരുനാളിന്റെ ഭാഗമായി നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് പാത്രിയര്‍ക്കീസ് ബാവ മുഖ്യ കാര്‍മികനാകും.
മുള്‍ക്കിരീടമണിഞ്ഞ് കുരിശിന്റെ വഴിയിലൂടെയുള്ള യാത്രയാണിതെന്ന് അറിയാം. ആ കഠിന യാത്രയില്‍ കേരളത്തിലെ സുമനസുകളായ എല്ലാവരെയും ഒന്നിച്ചുനിര്‍ത്തി, ഭിന്നതയും തിന്മയോടുള്ള ആഭിമുഖ്യം ഒഴിവാക്കി മുന്നോട്ടുപോകാനായിരിക്കും തന്റെ ശ്രമമെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് വ്യക്തമാക്കി.
പ്രാദേശിക ഭരണത്തിനായി ക്രമീകരിച്ച കാതോലിക്കേറ്റിലെ 81-ാമത് ബാവയാകും ജോസഫ് ഗ്രിഗോറിയോസ്. കര്‍ദ്ദിനാള്‍ ബസേലിയോസ് ക്‌ളിമീസ് കാതോലിക്ക ബാവ, ജോസഫ് ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത, ലെബനന്‍ പ്രസിഡന്റ് ജോസഫ് ഖലീല്‍ ഔണ്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും. വിവിധ ക്രൈസ്തവസഭാ മേലധ്യക്ഷന്മാര്‍ ചടങ്ങില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് മലങ്കര കത്തോലിക്കാ സഭയുടെ തലവനായ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയും മാര്‍ത്തോമ്മ സഭയെ പ്രതിനിധീകരിച്ച് ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയും മറ്റ് സഭാ പ്രതിനിധികളും പങ്കെടുക്കും. വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികളായി മുന്‍മന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘവും, കേരള സര്‍ക്കാരിന്റെ പ്രതിനിധികളായി മന്ത്രി പി. രാജീവ് നയിക്കുന്ന ഏഴംഗ സംഘവും പങ്കെടുക്കും.

ചടങ്ങ് നടക്കുന്ന ലെബനന്‍ അച്ചാനെയിലുള്ള പാത്രിയര്‍ക്കാ കേന്ദ്രം
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാലം ചെയ്തതിനെ തുടര്‍ന്നാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ പുതിയ കാതോലിക്ക ബാവയായി തിരഞ്ഞെടുത്തത്. നിലവില്‍ മലങ്കര മെത്രാപ്പൊലീത്തയായിരുന്നു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ വില്‍പത്രത്തില്‍ തന്റെ പിന്‍ഗാമിയായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ പ്രഖ്യാപിച്ചിരുന്നു.
സ്ഥാനാരോഹണ ശുശ്രൂഷ പുത്തന്‍കുരിശില്‍
മാര്‍ച്ച് 30 ഉച്ചകഴിഞ്ഞ് 2:15 ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന നവാഭിഷിക്ത കാതോലിക്കാ ബാവയെ സഭയിലെ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ഥന നടത്തും. ശേഷം പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധികളായി മലങ്കരയില്‍ എത്തുന്ന ബെയ്റൂട്ടിന്റെ ആര്‍ച്ച് ബിഷപ് മാര്‍ ഡാനിയേല്‍ ക്ലിമീസ് മെത്രാപ്പോലീത്തയുടെയും ഹോംസിന്റെ ആര്‍ച്ച് ബിഷപ് മാര്‍ തീമോത്തിയോസ് റത്താ അല്‍ഖുറിയുടെയും നേതൃത്വത്തിലും മലങ്കരയിലെ എല്ലാ സുറിയാനി സഭാ മെത്രാപ്പോലീത്തമാരുടെയും കാര്‍മികത്വത്തിലും സ്ഥാനാരോഹണ ശുശ്രൂഷ (സുന്ത്രോണീസോ) നടക്കും.
വൈകുന്നേരം 4:30 ന് ബസേലിയോസ് തോമസ് പ്രഥമന്‍ നഗറില്‍ നടക്കുന്ന അനുമോദന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും.
ജോസഫ് മാര്‍ ഗ്രിഗോറിയോസ്

മുളന്തുരുത്തി മാര്‍ത്തോമ്മന്‍ ഇടവകയില്‍ പെരുമ്പിള്ളി ശ്രാമ്പിക്കല്‍ പള്ളത്തിട്ടയില്‍ വര്‍ഗീസിന്റെയും സാറാമ്മയുടെയും മകനായി 1960 നവംബര്‍ 10 നാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ ജനനം. പരേതയായ ശാന്ത, വര്‍ഗീസ്, ഉമ്മച്ചന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
പെരുമ്പള്ളി പ്രൈമറി സ്‌കൂള്‍, മുളന്തുരുത്തി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പെരുമ്പിള്ളി മോര്‍ യൂലിയോസ് സെമിനാരിലാണ് വൈദിക പഠനം നടത്തിയത്.
എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കി. അയര്‍ലന്റിലെ ഡബ്ലിന്‍ സെന്റ് പാട്രിക് കോളജില്‍ നിന്ന് വേദശാസ്ത്രത്തില്‍ ബിരുദവും നേടി. ഡബ്ലിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഫിലും അമേരിക്കയില്‍ നിന്ന് ക്ലിനിക്കല്‍ പാസ്റ്ററല്‍ ആന്‍ഡ് കൗണ്‍സിലിങില്‍ ഡിപ്ലോമയും കരസ്ഥമാക്കി.
1984 മാര്‍ച്ച് 25 ന് വൈദികനായി. 1994 ജനുവരി 16 ന് മെത്രാഭിഷിക്തനായി. 23-ാം വയസില്‍ ബസേലിയസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാശ്മീശ പദവിയിലേക്ക് ഉയര്‍ത്തി. ബാംഗ്ലൂര്‍ സെന്റ് മേരീസ് പള്ളി വികാരിയായി നാല് വര്‍ഷം സേവനം അനുഷ്ഠിച്ചു. ലണ്ടനില്‍ സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിക്ക് തുടക്കം കുറിച്ചു. നാല് വര്‍ഷം അവിടെ വികാരിയായി സേവനം അനുഷ്ഠിച്ചു.
1993 ഡിസംബര്‍ 22 ന് കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്തയായി. തോമസ് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പൊലീത്ത വിരമിച്ചതിനെ തുടര്‍ന്ന് മെത്രാപ്പൊലീത്ത സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തു.
1994 ജനുവരി 16 33-ാം വയസില്‍ ദമാസ്‌കസില്‍ വച്ച് ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്താ സ്ഥാനത്തേക്ക് നിയമിച്ചു. 27 വര്‍ഷമായി അതേപദവിയില്‍ അജപാലന ശുശ്രൂഷ ചെയ്ത് വരികയായിരുന്നു.
18 വര്‍ഷം സഭയുടെ സുന്നഹദോസ് സെക്രട്ടറിയായും എക്യുമെനിക്കല്‍ വേദികളില്‍ സഭയുടെ പ്രതിനിധിയായും പ്രവര്‍ത്തിച്ചു. ഗള്‍ഫ്-യൂറോപ്യന്‍ ഭദ്രാസനങ്ങളുടേയും തെക്കന്‍ ഭദ്രാസനങ്ങളുടേയും അങ്കമാലി ഭദ്രാസനത്തില്‍ വിവിധ മേഖലകളുടെയും ചുമതലകള്‍ വഹിച്ചു. സഭയുടെ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റിയായി 2019 മുതല്‍ പ്രവര്‍ത്തിച്ചു വരികയാണ്.
പരിശുദ്ധ പരുമല തിരുമേനിയുടെ നാലാം തലമുറക്കാരനാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.