പതിമൂന്ന് വയസായാല്‍ ആശ്രിത നിയമനത്തിന് അര്‍ഹത; മാനദണ്ഡങ്ങള്‍ പുതുക്കി സര്‍ക്കാര്‍

പതിമൂന്ന് വയസായാല്‍ ആശ്രിത നിയമനത്തിന് അര്‍ഹത; മാനദണ്ഡങ്ങള്‍ പുതുക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ജോലിയിലിരിക്കേ സര്‍ക്കാര്‍ ജീവനക്കാര്‍ മരണപ്പെടുന്ന സംഭവങ്ങളില്‍ ലഭിക്കുന്ന ആശ്രിത നിയമനത്തിനുള്ള വ്യവസ്ഥകള്‍ പുതുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.

ആശ്രിത നിയമന അപേക്ഷകളില്‍ കാലതാമസം ഉണ്ടാകുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് പുതുക്കിയ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നത്. പുതുക്കിയ വ്യവസ്ഥകള്‍ മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകരിച്ചു.

ഇതുപ്രകാരം സര്‍ക്കാര്‍ ജീവനക്കാരന്‍ മരണമടയുന്ന സാഹചര്യം പരിഗണിക്കാതെ തന്നെ ആശ്രിത നിയമനം നല്‍കും. എന്നാല്‍ ജീവനക്കാരന്‍ മരണമടയുന്ന തിയതിയില്‍ ആശ്രിതന് 13 വയസോ അതിനു മുകളിലോ പ്രായമുണ്ടാകണം.

വിധവ, വിഭാര്യന്‍, മകന്‍, മകള്‍, ദത്തെടുത്ത മകന്‍, ദത്തെടുത്ത മകള്‍, അവിവാഹിതരായ ജീവനക്കാരനാണെങ്കില്‍ അച്ഛന്‍, അമ്മ, അവിവാഹിതരായ സഹോദരി, സഹോദരന്‍ എന്നീ മുന്‍ഗണനാ ക്രമത്തില്‍ ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ട്. ആശ്രിതര്‍ തമ്മില്‍ അഭിപ്രായ സമന്വയമുണ്ടെങ്കില്‍ അപ്രകാരവും അല്ലാത്ത പക്ഷം മുന്‍ഗണനാ ക്രമത്തിലും നിയമനം നല്‍കും.

അതേസമയം ഇന്‍വാലിഡ് പെന്‍ഷണര്‍ ആയ ജീവനക്കാര്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് പദ്ധതി വഴിയുള്ള നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. സര്‍വീസ് നീട്ടികൊടുക്കല്‍, പുനര്‍നിയമനം എന്നീ സാഹചര്യങ്ങളില്‍ ജോലിയില്‍ തുടരവെ മരണമടയുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ല.

സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍ ഉള്‍പ്പെടെ അധ്യാപകരുടെ ആശ്രിതര്‍ക്കും നിയമനത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ആനുകൂല്യത്തിന് അര്‍ഹരല്ല. സ്വമേധയാ വിരമിച്ച ജീവനക്കാര്‍ മരണപ്പെടാല്‍ അവരുടെ ആശ്രിതര്‍ക്ക് നിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

ജീവനക്കാരന്‍ മരണമടയുന്ന സമയത്ത് വിവാഹിതരായ മകന്‍/മകള്‍ എന്നിവര്‍ വിവാഹ ശേഷവും അവര്‍ മരണമടഞ്ഞ ഉദ്യോഗസ്ഥന്റെ/ ഉദ്യോഗസ്ഥയുടെ ആശ്രിതരായിരുന്നു എന്ന് തെളിയിക്കേണ്ടി വരും. ഇതിനായി തഹസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റ് ആശ്രിത നിയമന അപേക്ഷയോടൊപ്പം ഹാജരാക്കണം.

വിധവ, വിഭാര്യന്‍ ഒഴികെയുള്ള ആശ്രിതര്‍ വിധവയുടെയോ, വിഭാര്യന്റെയോ സമ്മതപത്രം കൂടി അപേക്ഷയോടൊപ്പം ഹാജരാക്കണം. ആശ്രിതര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്ന പക്ഷം വിധവയോ, വിഭാര്യനോ നിര്‍ദേശിക്കുന്ന ആളിന് ആശ്രിത നിയമനം നല്‍കും. വിധവ, വിഭാര്യന്‍ എന്നിവര്‍ക്ക് മറ്റ് ആശ്രിതരുടെ സമ്മതപത്രം ആവശ്യമില്ല.

വിവാഹ മോചിതരായ സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസിലിരിക്കെ മരണമടയുന്ന സാഹചര്യത്തില്‍ മക്കള്‍ ഉണ്ടെങ്കില്‍ മകന്‍, മകള്‍, ദത്തുപുത്രന്‍, ദത്തു പുത്രി എന്ന മുന്‍ഗണനാ ക്രമത്തിലും മക്കളില്ലെങ്കില്‍ അച്ഛന്‍, അമ്മ, അവിവാഹിതരായ സഹോദരി, സഹോദരന്‍ എന്നിവര്‍ക്കും മുന്‍ഗണനാ ക്രമത്തില്‍, ഇവര്‍ ജീവനക്കാരനെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നതെന്ന തഹസില്‍ദാരുടെ സാക്ഷ്യപത്രം ഹാജരാക്കുകയാണെങ്കില്‍ മറ്റ് വ്യവസ്ഥകള്‍ക്ക് വിധേയമായി ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ട്.

നിയമപരമായി ആദ്യ ഭാര്യ/ഭര്‍ത്താവ് വേര്‍പിരിഞ്ഞ് പുനര്‍ വിവാഹം ചെയ്യുന്ന കേസുകളില്‍ ആദ്യ ഭാര്യ അല്ലെങ്കില്‍ ആദ്യ ഭര്‍ത്താവില്‍ ഉണ്ടായ കുഞ്ഞുങ്ങള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ട്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ, വകുപ്പുകള്‍ക്കു കീഴിലുള്ള സ്ഥാപനങ്ങളിലോ, പൊതുമേഖല സ്ഥാപനങ്ങള്‍, ബാങ്കുകള്‍ (സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ) എന്നിവിടങ്ങളിലോ റെഗുലര്‍ ആയി ഉദ്യോഗത്തില്‍ പ്രവേശിച്ചു കഴിഞ്ഞവര്‍ക്ക് പദ്ധതി പ്രകാരം നിയമനം ലഭിക്കുന്നതിന് അര്‍ഹതയില്ല.

പൊതുഭരണ വകുപ്പ് തയ്യാറാക്കുന്ന ഏകീകൃത സീനിയോറിറ്റി ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് ആശ്രിത നിയമനത്തിനായി ഒഴിവുകള്‍ അനുവദിച്ച് നല്‍കുന്നത്. വിവിധ വകുപ്പുകളില്‍ നിന്ന് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പൊതുഭരണ (സര്‍വീസസ്-ഡി) വകുപ്പില്‍ സീനിയോറിറ്റി ലിസ്റ്റ് അപ്ഡേറ്റ് ചെയ്യും. ഏകീകൃത സോഫ്റ്റ് വെയറില്‍ അപേക്ഷിക്കാവുന്ന തസ്തികകളുടെ യോഗ്യത, ലഭ്യമായ ഒഴിവുകള്‍ എന്നിവ പ്രസിദ്ധീകരിക്കും.

ഓരോ തസ്തികയ്ക്കും പ്രത്യേകം പ്രത്യേകം സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കും. ഒന്നില്‍ കൂടുതല്‍ തസ്തികകളിലേക്ക് ഓപ്ഷന്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ഓപ്റ്റഡ് തസ്തികകളുടെ എല്ലാ സീനിയോറിറ്റി ലിസ്റ്റുകളിലും അപേക്ഷകരെ ഉള്‍പ്പെടുത്തും.

ഒരു സീനിയോറിറ്റി ലിസ്റ്റില്‍ നിന്നും ജോലി ലഭിച്ചു കഴിഞ്ഞ അപേക്ഷകര്‍ മറ്റ് സീനിയോറിറ്റി ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പ്രസ്തുത ലിസ്റ്റുകളില്‍ നിന്നും ഒഴിവാക്കും. മരണപ്പെട്ട ജീവനക്കാരന്റെ കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല എന്ന നിബന്ധനയുമുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.