ചെന്നൈ: കവര്‍ച്ചാകേസുകളിലെ പ്രതി ചെന്നൈയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശുകാരനായ ജാഫര്‍ ഗുലാം ഹുസൈന്‍ (28) ആണ് മരിച്ചത്. തരമണി റെയില്‍വേ സ്റ്റേഷന് സമീപം പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവെ ഇയാള്‍ക്ക് നേരേ നിറയൊഴിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് സഹായിയായ സൂരജിനൊപ്പം ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് ജാഫറിനെ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് പൊലീസും ജാഫറും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. മോഷ്ടിച്ച സ്വര്‍ണം കണ്ടെത്താനായി പൊലീസ് തരമണി മേഖലയിലേക്ക് കൊണ്ടുപോയപ്പോള്‍ ജാഫര്‍ പൊലീസിന് നേരേ നിറയൊഴിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. സ്വയം പ്രതിരോധിക്കാനായി അയാളെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡ്, അഡയാര്‍, ബസന്ത് നഗര്‍ എന്നിവിടങ്ങളില്‍ രാവിലെ നടക്കാന്‍ പോകുന്നവരെയാണ് ജാഫറും സൂരജും മോഷണത്തിനായി ലക്ഷ്യമിടാറുള്ളത്. ചെന്നൈയില്‍ നിന്നും പത്ത് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം ഇയാള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ജാഫറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി റോയപേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മഹാരാഷ്ട്രയില്‍ ജാഫറിന്റെ പേരില്‍ 150 മോഷണക്കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ചെന്നൈയില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകമാണിത്. 2024 ജൂലൈ അഞ്ചിന് ബിഎസ്പി നേതാവ് ആംസ്‌ട്രോങ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ കൊലകള്‍ തുടങ്ങിയത്.
അതേസമയം ചെന്നൈയില്‍ 'ഇറാനിയന്‍' കവര്‍ച്ചാ സംഘം പിടിമുറുക്കുന്നതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച തരമണിയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജാഫര്‍ ഇറാനിയന്‍ കൊള്ളസംഘത്തിലെ പ്രധാനിയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. മാല തട്ടിപ്പറിക്കലാണ് സംഘത്തിന്റെ പ്രധാന മോഷണം. ഇറാനിയന്‍
കൊള്ളസംഘത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
ഇന്ത്യയിലുടനീളം സംഘമായി സഞ്ചരിച്ച് ഒരേ ദിവസം വിവിധ സ്ഥലങ്ങളില്‍ മാല മോഷണം നടത്തി രക്ഷപ്പെടുന്നവരാണ് ഇവര്‍. ചൊവ്വാഴ്ച ചെന്നൈയില്‍ വെറും 70 മിനിറ്റിനുള്ളില്‍ ആറ് സ്ഥലങ്ങളില്‍ പ്രായമായ സ്ത്രീകളുടെ മാലതട്ടിയെടുത്ത് 26 പവന്‍ ആഭരണവുമായി ചെന്നൈ വിമാനത്താവളത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ഇവര്‍ ചെന്നൈയില്‍ നിന്ന് പോയിരുന്നുവെങ്കില്‍ പിടികൂടാന്‍ പ്രയാസപ്പെടുമായിരുന്നു. ഇവരുടെ സംഘത്തില്‍ 20 പേരുണ്ട്. അതില്‍ പ്രധാനിയായിരുന്നു ജാഫര്‍.
1970 കളില്‍ ഇറാനില്‍നിന്ന് നിരവധിയാളുകള്‍ ഇന്ത്യയിലെത്തി മുംബൈയുടെ പ്രാന്തപ്രദേശങ്ങളില്‍ താമസമാക്കിയിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെട്ടവരായതുകൊണ്ടാണ് ഇവര്‍ക്ക് ഇറാനിയന്‍ കൊള്ളക്കാര്‍ എന്ന പേര് വീണത്. കവര്‍ച്ച മാത്രമാണ് ഇവരുടെ തൊഴില്‍. പ്രത്യേകിച്ചും ആളുകളുടെ ശ്രദ്ധതിരിച്ചുള്ള മാല തട്ടിപ്പറിക്കല്‍. ഇവരില്‍ പലര്‍ക്കും തമിഴ്, തെലുങ്ക് ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകള്‍ അറിയാം. മഹാരാഷ്ട്രയിലെ അമ്പിവേലിയിലും കര്‍ണാടകയിലെ ബീദറിലും നിലവില്‍ ഇറാനിയന്‍ കൊള്ളക്കാര്‍ താമസിക്കുന്നുണ്ട്.
2013 ല്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാന്‍ പൊലീസ് വേഷത്തിലെത്തിയ 15 ഇറാനി കൊള്ളക്കാരെ അറസ്റ്റ് ചെയ്തിരുന്നു. 2018 ല്‍ ചെന്നൈ നഗരപ്രദേശങ്ങളില്‍ ഉള്‍പ്പെടെ സ്ഥലങ്ങളില്‍ മാല പിടിച്ചുപറിയില്‍ അഞ്ച് ഇറാനി കൊള്ളക്കാരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 104 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു. തമിഴ്‌നാട്ടിനെ ഞെട്ടിച്ച അലമാരക്കള്ളന്‍മാരും ഇവരായിരുന്നു. വീട്ടിനകത്തുള്ള അലമാരകള്‍ ജനലുകള്‍ക്കടുത്തേക്ക് വലിച്ചുനീക്കി അതിനകത്തുളള വിലപിടിപ്പുള്ള സാമഗ്രികള്‍ കൊള്ളയടിക്കുകയായിരുന്നു അലമാരക്കള്ളന്‍മാരുടെ പ്രവര്‍ത്തന രീതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.