'തലകറങ്ങുന്നതായും സോഫാസെറ്റ് വലിച്ച് നീക്കുന്നതായും തോന്നി...'; ഭൂകമ്പം കണ്‍മുന്നില്‍ക്കണ്ട് വിറങ്ങലിച്ച് നാല് കോഴിക്കോട്ടുകാര്‍

'തലകറങ്ങുന്നതായും സോഫാസെറ്റ് വലിച്ച് നീക്കുന്നതായും തോന്നി...'; ഭൂകമ്പം കണ്‍മുന്നില്‍ക്കണ്ട് വിറങ്ങലിച്ച് നാല് കോഴിക്കോട്ടുകാര്‍

കോഴിക്കോട്: ബാങ്കോക്കിലെ ഭയാനകമായ ഭൂകമ്പം കണ്‍മുന്നില്‍ക്കണ്ട നടുക്കത്തിലാണ് കോഴിക്കോട് നിന്നുള്ള നാല് വിനോദസഞ്ചാരികള്‍. കോഴിക്കോട് ഗണപത് ഗേള്‍സ് സ്‌കൂളിലെ മുന്‍ അധ്യാപിക കെ.കെ ഷജ്നയും സുഹൃത്തായ നടക്കാവ് സ്‌കൂളിലെ അധ്യാപിക എ. ശുഭ, മകന്‍ ഡോ. അര്‍ജുന്‍ സുരേഷ്, മകള്‍ സങ്കീര്‍ത്തന സുരേഷ് എന്നിവരാണ് ഭൂകമ്പബാധിത പ്രദേശത്ത് അകപ്പെട്ട് പോയത്.

ഭൂകമ്പത്തില്‍പ്പെട്ടപ്പോള്‍ ഇവിടെ ഷുവര്‍‌സ്റ്റേ എന്ന ഹോട്ടലിലായിരുന്നു തങ്ങള്‍ ഉണ്ടായിരുന്നതെന്ന് ഷജ്ന പറഞ്ഞു. തലകറക്കം പോലെയും ഇരുന്ന സോഫാസെറ്റ് ആരോ വലിച്ച് നീക്കുന്നതുപോലെയുമാണ് ആദ്യം തോന്നിയത്. ഭൂകമ്പമാണെന്ന് അവര്‍ വിളിച്ചു പറഞ്ഞു. ഉടന്‍ എല്ലാവരും ഹോട്ടലിന് പുറത്തേക്ക് ഇറങ്ങിയോടി. തൊട്ടടുത്ത ഹോട്ടല്‍ക്കെട്ടിടത്തിന് മുകളില്‍ നിന്ന് വാട്ടര്‍ടാങ്കിലെ വെള്ളംചീറ്റി പുറത്തേക്ക് ശക്തിയായി ഒഴുകുന്നതും വാഹനങ്ങള്‍ റോഡില്‍ മുന്നോട്ട് നീങ്ങാന്‍ കഴിയാതെ നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്നമാണ് കണ്ടത്.

ഓടാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നോട്ട് നീങ്ങാന്‍ കഴിയാത്ത അവസ്ഥ. സ്വിമ്മിങ് പൂളിലും മറ്റും ഉണ്ടായിരുന്നവര്‍ക്ക് ഹോട്ടലുകാര്‍ തോര്‍ത്തും വസ്ത്രങ്ങളും മറ്റും നല്‍കുന്നുണ്ടായിരുന്നു. മെട്രോയില്‍ ക്യൂനിന്നെങ്കിലും നീങ്ങുന്നില്ലെന്ന് കണ്ട് എല്ലാവരും വാഹനത്തിനുള്ളില്‍ തന്നെ ഇരുന്നു. എട്ട് മണിക്കൂറോളം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.

കടകളെല്ലാം അടഞ്ഞുകിടന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഭക്ഷണത്തിനുള്ള കടകളാണ് ആദ്യം തുറന്നത്. ആശുപത്രിയിലുള്ളവര്‍ പോലും റോഡില്‍ ഇറങ്ങിയെന്ന് ഷജ്ന പറയുന്നു. ഹോട്ടല്‍ മുറിയില്‍ നിലവില്‍ സുരക്ഷിതരാണ് തങ്ങളെന്നും അവര്‍ അറിയിച്ചു.

തിങ്കളാഴ്ചയാണ് കോഴിക്കോട്ട് നിന്ന് ഇവിടേക്ക് പുറപ്പെട്ടത്. ആദ്യം നെടുമ്പാശേരിയില്‍ നിന്ന് ക്വലാലംപുരിലേക്കും പിന്നീട് ഫുക്കറ്റിലേക്കും തുടര്‍ന്ന് ബാങ്കോക്കിലേക്കും എത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.