'ലോകമെമ്പാടുമുള്ള അമേരിക്കന്‍ സ്ഥാപനങ്ങള്‍ തരിപ്പണമാക്കാന്‍ കഴിയും'; ട്രംപിന്റെ ബോംബിങ് മുന്നറിയിപ്പിന് ഇറാന്റെ മിസൈല്‍ ഭീഷണി

'ലോകമെമ്പാടുമുള്ള അമേരിക്കന്‍  സ്ഥാപനങ്ങള്‍ തരിപ്പണമാക്കാന്‍ കഴിയും';  ട്രംപിന്റെ ബോംബിങ് മുന്നറിയിപ്പിന്  ഇറാന്റെ മിസൈല്‍ ഭീഷണി

ടെഹ്റാന്‍: ആണവ കരാറില്‍ ഒപ്പിടാന്‍ ഇറാന്‍ വിമുഖത തുടര്‍ന്നാല്‍ ദ്വിതീയ താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്നും ആവശ്യം വന്നാല്‍ ബോംബിങ് അടക്കം നടത്തുമെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് വന്ന് മണിക്കൂറുകള്‍ക്കകം 'മിസൈല്‍' ഭീഷണിയുമായി ഇറാന്‍.

ട്രംപിന്റെ ബോംബിനെതിരെ ഇറാന്റെ മിസൈലുകള്‍ തയ്യാറായി നില്‍പ്പുണ്ടെന്നാണ് ദേശീയ പത്രമായ ടെഹ്റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള അമേരിക്കന്‍ സ്ഥാപനങ്ങള്‍ തരിപ്പണമാക്കാനുള്ള മിസൈലുകള്‍ ഇറാന്‍ സജ്ജമാക്കിയിട്ടുണ്ട് എന്നായിരുന്നു ഇറാന്റെ പ്രതികരണം.

'വിക്ഷേപിക്കാന്‍ തയ്യാറായ ഈ മിസൈലുകളില്‍ ഗണ്യമായ എണ്ണം രാജ്യത്തുടനീളം സജ്ജീകരിച്ചിട്ടുള്ള ഭൂഗര്‍ഭ അറകളില്‍ ഭദ്രമാണ്. അവ വ്യോമാക്രമണങ്ങളെ ചെറുക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ്'- ഇറാന്‍ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ടെഹ്റാന്‍ ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ആണവ കരാറുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുന്നുണ്ടെങ്കിലും തീരുമാനമെടുക്കാന്‍ ഇറാന്‍ വൈകുന്നതില്‍ ട്രംപിന് കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇറാന് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.

'അവര്‍ കരാറുണ്ടാക്കുന്നില്ലെങ്കില്‍ അവിടെ ബോംബ് വര്‍ഷിക്കപ്പെടും' എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. 'അവര്‍ ഇന്നേവരെ കാണാത്ത തരത്തില്‍ ബോംബുകള്‍ പതിച്ചുകൊണ്ടേയിരിക്കും' എന്നും ട്രംപ് പറഞ്ഞു.

ആയുധം ഉപയോഗിച്ചുള്ള ആക്രമണ ഭീഷണിക്ക് പുറമേ നികുതി, ചരക്കു നിരോധനം തുടങ്ങി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഇറാന്‍ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആണവ കരാറില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സമയമാണ് ട്രംപ് ഇറാന് നല്‍കിയിരിക്കുന്നത്. ട്രംപിന്റെ മുന്നറിയിപ്പുകള്‍ മുഖവിലയ്ക്കെടുക്കാത്ത ഇറാന്‍ അമേരിക്കയുമായി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല എന്ന നിലപാടിലാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.