ജബല്‍പൂരില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണം: കുറ്റക്കാരായ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സീറോമലബാര്‍ സഭ

ജബല്‍പൂരില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണം: കുറ്റക്കാരായ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സീറോമലബാര്‍ സഭ

ആക്രമണ വിവരം അറിഞ്ഞ് അവിടെ എത്തിച്ചേര്‍ന്ന ജബല്‍പൂര്‍ വികാരി ജനറല്‍ ഫാ. ഡേവിസ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് ടി. എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന വൈദികരെ സംഘം ക്രൂരമായി മര്‍ദ്ദിച്ചു

കൊച്ചി: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രൈസ്തവരായ തീര്‍ത്ഥാടകരേയും വൈദികരേയും ബജറംഗ്ദള്‍ പ്രവര്‍ത്തകരായ 50 തോളം പേര്‍ സംഘടിതമായി ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സീറോമലബാര്‍ സഭ.

ഇത്തരമൊരു വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. അതുകൊണ്ട് എത്രയും പെട്ടെന്ന് മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാരും അതുപോലെ തന്നെ സുരക്ഷാ സേനയും പൊലീസും വിഷയത്തില്‍ കൃത്യമായ അന്വേണം നടത്തുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യണം. കാരണം മതന്യൂനപക്ഷങ്ങളുടെ ആരാധനാപരമായ ആവശ്യങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നുള്ളത് ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശമാണ്. ആ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമായി മാത്രമെ ഇതിനെ കാണാന്‍ കഴിയുകയുള്ളു.

2025 ഫ്രാന്‍സിസ് മാര്‍പ്പാപ്പ മഹാജൂബിലി വര്‍ഷമായി പ്രഖ്യാപിക്കുകയും പ്രത്യാശയുടെ തീര്‍ത്ഥാടകരാകാന്‍ വേണ്ടി ആവശ്യപ്പെടുകയും ചെയ്തതിന്റെ വെളിച്ചത്തിലാണ് തീര്‍ത്ഥാടകര്‍ ദേവാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. അത്തരത്തില്‍ സന്ദര്‍ശനം നടത്തിയ ഒരു വിഭാഗം വിശ്വാസികളെയാണ് സംഘടിതരായ ബജറംഗ്ദളിന്റെ പ്രവര്‍ത്തകര്‍ അകാരണമായി ആക്രമിച്ചത്.

ആക്രമണ വിവരം അറിഞ്ഞ് അവിടെ എത്തിച്ചേര്‍ന്ന ജബല്‍പൂര്‍ വികാരി ജനറല്‍ ഫാ. ഡേവിസ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് ടി. എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന വൈദികരെ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ആക്രമണ സാഹചര്യം മനസിലാക്കിയ പൊലീസ് അവരെ സ്റ്റേഷനിലേയ്ക്ക് മാറ്റുകയും പിന്നീട് വിട്ടയയ്ക്കുകയുമായിരുന്നു. ഇപ്രകാരം വിശ്വാസത്തിനെതിരായ അക്രമണങ്ങള്‍, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്. 

ഏതെങ്കിലും ഒരു മതവിഭാഗത്തോട് ഇപ്രകാരം അസഹിഷ്ണുത കാണിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അതുകൊണ്ടു തന്നെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നീതിപൂര്‍വമായ ഇടപെടലുകള്‍ നടത്തുകയും സംഭവത്തില്‍ കുറ്റക്കാരായവരെ മാതൃകാപരമായും കര്‍ശനമായും ശിക്ഷിക്കണമെന്നും സീറോമലബാര്‍ സഭ ആവശ്യപ്പെട്ടു. 

തീര്‍ത്ഥാടകര്‍ക്ക് നേരെ ജയ് ശ്രീറാം വിളിച്ചെത്തിയ സംഘം ക്രൂരമായി മര്‍ദിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും മലയാളി വൈദികരായ ഫാ. ഡേവിസും ഫാ. ജോര്‍ജും വ്യക്തമാക്കി. വിഎച്ച്പി പ്രവര്‍ത്തകരാണ് ജബല്‍പൂരില്‍ വിശ്വാസി സംഘത്തെ ആക്രമിച്ചത്. മലയാളികളായ വൈദികരെ പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലിട്ട് മര്‍ദിച്ചുവെന്നും വൈദികര്‍ വെളിപ്പെടുത്തി. വിഎച്ച്പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനില്‍ നടത്തിയത് ഗുണ്ടായിസമായിരുന്നുവെന്നും വൈദികര്‍ കൂട്ടിച്ചേര്‍ത്തു.



വാഹനം തടഞ്ഞ് വിശ്വാസികളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോള്‍ സഹായിക്കാന്‍ പോയതായിരുന്നു തങ്ങള്‍. പൊലീസ് സ്റ്റേഷനകത്ത് നടന്ന ആക്രമണം ഞെട്ടിക്കുന്നതാണ്. ശക്തമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും വൈദികര്‍ പറഞ്ഞു. സ്ത്രീകള്‍ അടക്കമുള്ളവരുടെ സംഘം പൊലീസുകാരുടെ മുന്നില്‍വച്ച് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

അതേസമയം മധ്യപ്രദേശില്‍ കത്തോലിക്കാ പുരോഹിതര്‍ക്കും അല്‍മായര്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ ഡീന്‍ കുര്യക്കോസ് എംപി ഇന്നലെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ആക്രമണം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംപി ഇക്കാര്യം അറിയിച്ചത്.

2025 ഏപ്രില്‍ ഒന്നിനായിരുന്നു ആക്രമണം ഉണ്ടായത്. ജബല്‍പൂരില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് കത്തോലിക്കാ പുരോഹിതര്‍ക്കും അല്‍മായര്‍ക്കും നേരെ ക്രൂരമായ ആക്രമണം നടന്നത്. ജൂബിലി 2025 ആഘോഷങ്ങളുടെ ഭാഗമായി പള്ളികള്‍ സന്ദര്‍ശിക്കുന്നതിനിടെ ഇടവകയില്‍ നിന്നുള്ള കത്തോലിക്കാ വിശ്വാസികളെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ അനധികൃതമായി തടഞ്ഞുവയ്ക്കുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു.

പൊലീസ് ഇടപെട്ടിട്ടും അക്രമം തുടര്‍ന്നു. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും മതസ്വാതന്ത്ര്യത്തിനെതിരായ നഗ്‌നമായ ആക്രമണമാണ് ഇതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ ക്രമസമാധാന പാലനം പരാജയമായ അവസ്ഥയിലാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

വര്‍ഗീയമായ കലാപങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു. രാജ്യത്തുടനീളം വര്‍ധിച്ചുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു മൗനം പാലിക്കുകയാണ്. രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും മൗലികവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഡീന്‍ കുര്യാക്കോസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.