ന്യൂഡല്‍ഹി: പതിനാല് മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷം വെള്ളിയാഴ്ച പുലര്‍ച്ചെ വഖഫ് ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച ചര്‍ച്ച അര്‍ദ്ധരാത്രി കഴിഞ്ഞും നീണ്ടു. ബില്ലിന് അനുകൂലമായി 128 അംഗങ്ങളും വിയോജിച്ച് 95 അംഗങ്ങളും വോട്ട് ചെയ്തു.
കേരളത്തില്‍ നിന്നുള്ള എംപിമാരടക്കം പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളെല്ലാം സഭ ശബ്ദവോട്ടോടെ തള്ളി. കേരളത്തില്‍ നിന്നും സുരേഷ് ഗോപി ഒഴികെയുള്ള 18 എംപിമാരും ബില്ലിനെ എതിര്‍ത്താണ് വോട്ട് ചെയ്തത്. വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കിയതോടെ മുനമ്പത്ത് നാട്ടുകാര്‍ ആഹ്‌ളാദ പ്രകടനം നടത്തി. മോഡിക്കും സുരേഷ് ഗോപിക്കും ഇവര്‍ ജയ് വിളിച്ചു.
ഉപരിസഭ ബില്‍ പാസാക്കിയതോടെ വഖഫ് ഭേദഗതി ബില്ലിന് പാര്‍ലമെന്റിന്റെ ഔദ്യോഗിക അംഗീകാരമായി. ഇനി നിയമമാകുന്നതിന് മുമ്പ് അന്തിമ അംഗീകാരത്തിനായി രാഷ്ട്രപതിയുടെ അനുമതിക്ക് ബില്‍ എത്തും. വഖഫ് ബോര്‍ഡ് നിയമപരമായ സംവിധാനമാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം മതേതരമാകണമെന്നും ബില്‍ അവതരിപ്പിച്ച കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.
22 അംഗങ്ങളുള്ള വഖഫ് ബോര്‍ഡില്‍ നാല് മുസ്ലീം ഇതര അംഗങ്ങളാവും ഉണ്ടാവുകയെന്നും അദേഹം വ്യക്തമാക്കി. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും വഖഫ് ബില്ലിനെ തെറ്റായി വ്യാഖ്യാനിച്ച് മുസ്ലീം ജനതയെ ഭയപ്പെടുത്തുകയാണെന്നും റിജിജു ആരോപിച്ചു. പ്രതിപക്ഷം ബില്ലിനെ ഭരണഘടനാ വിരുദ്ധവും മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണവും എന്നാന്ന് വിശേഷിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അവതരിപ്പിച്ച നിയമ നിര്‍മാണം പരിശോധിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തിയ ശേഷമാണ് സര്‍ക്കാര്‍ പുതുക്കിയ ബില്‍ അവതരിപ്പിച്ചത്. 1995 ലെ നിയമം ഭേദഗതി ചെയ്യാനും ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ ഭരണവും മാനേജ്‌മെന്റും മെച്ചപ്പെടുത്താനുമാണ് ബില്‍ ലക്ഷ്യമിടുന്നത്. മുന്‍ നിയമത്തിലെ പോരായ്മകള്‍ മറികടക്കുന്നതിനും വഖഫ് ബോര്‍ഡുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും രജിസ്ട്രേഷന്‍ പ്രക്രിയ മെച്ചപ്പെടുത്തുന്നതിനും വഖഫ് രേഖകള്‍ കൈകാര്യം ചെയ്യുന്നതില്‍ സാങ്കേതിക വിദ്യയുടെ പങ്ക് വര്‍ധിപ്പിക്കുന്നതിനും ബില്ലില്‍ ഊന്നല്‍ നല്‍കുന്നുണ്ട്.
ബില്ലില്‍ ശക്തമായ വാദപ്രതിവാദങ്ങളായിരുന്നു രാജ്യസഭയില്‍ നടന്നത്. മതത്തെ കുറിച്ചല്ല മറിച്ച് സ്വത്തുക്കളും അത് കൈകാര്യം ചെയ്യുന്നതിനെ കുറിച്ചുമാണ് ബില്ല് എന്നായിരുന്നു ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച് മന്ത്രി കിരണ്‍ റിജിജു അവകാശപ്പെട്ടത്. അഴിമതി തുടച്ചുനീക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഒരു വസ്തുവിനെ വഖഫ് ആയി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഉടമസ്ഥാവകാശ തെളിവ് നല്‍കേണ്ടത് ഇനി ആവശ്യമായി വരുമെന്നും വഖഫ് ബോര്‍ഡിന്റെ ഏതൊരു അവകാശവാദവും സ്വയമേവ വഖഫ് സ്വത്തായി പ്രഖ്യാപിക്കുന്ന രീതി ഇതോടെ ഇല്ലാതാകുമെന്നും റിജിജു പറഞ്ഞു.
1995 ലെ വഖഫ് നിയമത്തിലാണ് ഇപ്പോള്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് ലോക്‌സഭയില്‍ ബില്‍ പാസായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.