ന്യൂഡല്‍ഹി: യു.കെയിലെക്കും ഓസ്ട്രേലിയയിലെക്കും പോകാനൊരുങ്ങുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടി. ഇരുരാജ്യങ്ങളും രാജ്യാന്തര അപേക്ഷകര്‍ക്കുള്ള വിസ ചാര്‍ജും വിദ്യാര്‍ഥികള്‍ക്കുള്ള ട്യൂഷന്‍ ഫീസും 13 ശതമാനം വരെ വര്‍ധിപ്പിച്ചു. ഈ മാസം മുതല്‍ വര്‍ധനവ് പ്രാബല്യത്തില്‍ വരും.
വിദേശത്ത് സന്ദര്‍ശനം, ജോലി, പഠനം എന്നിവ പദ്ധതിയിടുന്ന ഇന്ത്യക്കാര്‍ക്കുള്ള ഹ്രസ്വകാല സന്ദര്‍ശക വിസ, തൊഴില്‍ സ്‌പോണ്‍സര്‍ഷിപ്പുകള്‍, ദീര്‍ഘകാല യൂണിവേഴ്സിറ്റി കോഴ്‌സുകള്‍ തുടങ്ങി നിരവധി വിഭാഗങ്ങളെ ഈ മാറ്റം ബാധിക്കും.
യു.കെയില്‍ ആറ് മാസത്തെ സ്റ്റാന്‍ഡേര്‍ഡ് വിസിറ്റര്‍ വിസയ്ക്ക് 115 പൗണ്ടില്‍ നിന്ന് ( ഏകദേശം 12,700 രൂപ) 127 പൗണ്ട് (ഏകദേശം 14,000 രൂപ) ആക്കി വര്‍ധിപ്പിച്ചു.
ദീര്‍ഘകാല വീസകളില്‍ രണ്ട് വര്‍ഷത്തേതിന് 52,392 രൂപ, അഞ്ച് വര്‍ഷത്തേതിന് 93,533 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. സ്റ്റുഡന്റ് വിസയ്ക്ക് 524 പൗണ്ട് (ഏകദേശം 57,796 രൂപ) ആയി ഉയര്‍ന്നു. 6-11 മാസത്തെ ഇംഗ്ലീഷ് കോഴ്സുകള്‍ക്കുള്ള ഹ്രസ്വകാല പഠന വിസയ്ക്ക് 23,604 രൂപ വേണ്ടി വരും.
തൊഴില്‍ വിഭാഗത്തില്‍, മൂന്ന് വര്‍ഷത്തെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് 769 പൗണ്ട് (എകദേശം 84,820 രൂപ) ആയി ഉയര്‍ന്നു. ഇന്നൊവേറ്റര്‍ ഫൗണ്ടര്‍ വിസയ്ക്ക് 1,274 പൗണ്ട് (ഏകദേശം 1,40,520 രൂപ) ആയി. .ഒരു സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിന് ഇപ്പോള്‍ 525 പൗണ്ട് ചെലവാകും.
ഓസ്‌ട്രേലിയയില്‍ സ്റ്റുഡന്റ് വിസയുടെ ഫീസ് 1,600 ഓസ്‌ട്രേലിയന്‍ ഡോളറില്‍ നിന്ന് (85,600 രൂപ) 1,808 ഓസ്‌ട്രേലിയന്‍ ഡോളറായി (96,800 രൂപ) ഉയരും. സന്ദര്‍ശക, തൊഴില്‍ വിസകളിലും സമാനമായ വര്‍ധനവുണ്ടായിട്ടുണ്ട്. വര്‍ധനവിനു ശേഷം, വര്‍ക്ക് വിസയ്ക്ക് ഏകദേശം 1,130 ഓസ്‌ട്രേലിയന്‍ ഡോളര്‍ (60,490 രൂപ) ആണ് ഫീസാവുക.
യു.കെയില്‍ 2017 മുതല്‍ മരവിപ്പിച്ചിരുന്ന ട്യൂഷന്‍ ഫീസ് ഉയര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 2025-26 അധ്യയന വര്‍ഷത്തില്‍ പഠനം ആരംഭിക്കുന്ന വിദ്യാര്‍ഥികളെയാണ് ഈ ഫീസ് വര്‍ധന പ്രധാനമായും ബാധിക്കുക.
നിലവിലെ 10,20,265 രൂപ എന്ന വാര്‍ഷിക പരിധി അഞ്ച് വര്‍ഷത്തിനുള്ളില്‍ 11,58,139 രൂപ ആയി ഉയരും. ഓസ്ട്രേലിയയില്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയില്‍ മിക്ക കോഴ്സുകള്‍ക്കും പ്രതിവര്‍ഷം 31.5 ലക്ഷത്തോളം വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.