ന്യൂഡല്‍ഹി: രാജ്യത്ത് കുടിയേറ്റ നിയമം പ്രബല്യത്തില്‍. കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന 2025 ലെ ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്ലിന് പ്രസിഡന്റ് ദ്രൗപതി മുര്‍മു വെള്ളിയാഴ്ച അംഗീകാരം നല്‍കി. നിയമ നിര്‍മാണത്തിന് 2025 ഏപ്രില്‍ നാലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു.
നിയമപ്രകാരം ഇനി മുതല്‍ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനോ രാജ്യത്ത് താമസിക്കുന്നതിനോ പുറത്തുകടക്കുന്നതിനോ വ്യാജ പാസ്പോര്‍ട്ടോ വിസയോ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ ഏഴ് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, നഴ്‌സിങ് ഹോമുകള്‍ എന്നിവ വിദേശികളെക്കുറിച്ചുള്ള വിവരങ്ങള്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണമെന്നും നിയമ നിര്‍മാണം വ്യവസ്ഥ ചെയ്യുന്നു. കാലാവധി കഴിഞ്ഞ വിദേശികളെ കണ്ടെത്തുന്നതിന് ഇത് സഹായകമാകും.
എല്ലാ അന്താരാഷ്ട്ര വിമാനക്കമ്പനികളും കപ്പലുകളും ഇന്ത്യയിലെ ഒരു തുറമുഖത്തോ ഒരു സിവില്‍ അതോറിറ്റിക്കോ ഇമിഗ്രേഷന്‍ ഓഫീസര്‍ക്കോ യാത്രക്കാരുടെയും ജീവനക്കാരുടെയും മുന്‍കൂര്‍ വിവരങ്ങള്‍, അത്തരം വിമാനങ്ങളിലോ കപ്പലിലോ മറ്റ് ഗതാഗത മാര്‍ഗങ്ങളിലോ ഉള്ള യാത്രക്കാരുടെയും ജീവനക്കാരുടെയും വെളിപ്പെടുത്തല്‍ എന്നിവ സമര്‍പ്പിക്കേണ്ടതുണ്ട്.
നിയമത്തിലെ വ്യവസ്ഥകള്‍ക്കോ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും ചട്ടത്തിനോ ഉത്തരവിനോ വിരുദ്ധമായി, സാധുവായ പാസ്പോര്‍ട്ടോ മറ്റ് യാത്രാ രേഖയോ ഇല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും പ്രദേശത്ത് പ്രവേശിക്കുന്ന ഏതൊരു വിദേശിക്കും അഞ്ച് വര്‍ഷം വരെ തടവോ അഞ്ച് ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നും വ്യവസ്ഥ ചെയ്യുന്നു.
വിദേശികള്‍ പതിവായി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമ നിര്‍മാണം കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്. വിദേശികളെയും കുടിയേറ്റത്തെയും സംബന്ധിച്ച എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്നതിനുള്ള ഒരു സമഗ്ര നിയമനിര്‍മ്മാണമാണ് ഈ നിയമം.
വിദേശികളെയും കുടിയേറ്റത്തെയും കുറിച്ചുള്ള കാര്യങ്ങള്‍ ഇതുവരെ നാല് നിയമങ്ങളിലൂടെയാണ് കൈകാര്യം ചെയ്തിരുന്നത്, അതായത് 1920 ലെ പാസ്പോര്‍ട്ട് (ഇന്ത്യയിലേക്കുള്ള പ്രവേശനം) നിയമം, 1939 ലെ വിദേശികളുടെ രജിസ്‌ട്രേഷന്‍ നിയമം, 1946 ലെ വിദേശികളുടെ നിയമം, 2000 ലെ കുടിയേറ്റ (വാഹക ബാധ്യത) നിയമം. ഈ നിയമങ്ങളെല്ലാം ഇപ്പോള്‍ റദ്ദാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.