ന്യൂയോർക്ക്: ന്യൂയോർക്കിലെ ഹഡ്‌സൺ നദിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. സ്പെയിനിൽ നിന്നുള്ള ഒരു കുടുംബത്തിലെ അഞ്ച് പേരും അമേരിക്കക്കാരനായ പൈലറ്റുമാണ് കൊല്ലപ്പെട്ടത്. വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു സ്പാനിഷ് കുടുംബം. ഇതിനിടെ സീമെൻസിന്റെ പ്രസിഡന്റും സിഇഒയുമായ അഗസ്റ്റിൻ എസ്കോബാറും ഭാര്യയും മൂന്ന് കുട്ടികളുമാണ് മരിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് ഔദ്യാഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നാല് പേർ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിൽ വച്ചും മരിച്ചതായി അധികൃതർ പറഞ്ഞു. അപകടത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങളിൽ ഹെലികോപ്റ്റർ ആകാശത്ത് നിന്ന് തലകീഴായി ഹഡ്‌സൺ നദിയിലേക്ക് വീഴുന്നത് കാണാം. ന്യൂജേഴ്‌സി തീരത്തേക്ക് നീങ്ങാൻ ജോർജ് വാഷിങ്ടൺ പാലത്തിന് മുകളിൽ നിന്ന് തിരിഞ്ഞ ഉടൻ ഹെലികോപ്റ്ററിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ബെൽ 206 2 ബ്ലേഡഡ് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെക്കുറിച്ചുള്ള അന്വേഷണം നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ നേതൃത്വത്തിലായിരിക്കുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അറിയിച്ചു. സൈറ്റ് സീയിങ് കമ്പനികൾ, ടെലിവിഷൻ ന്യൂ സ്റ്റേഷനുകൾ, പൊലീസ് എന്നിവരാണ് ബെൽ 206 സാധാരണയായി ഉപയോഗിക്കുന്നത്.
ഹെലികോപ്റ്റർ തകർന്ന് വീണത് മാൻഹട്ടന്റെ പടിഞ്ഞാറൻ ഭാഗത്ത് നദിയിലാണ്. ചുറ്റുമുള്ള പ്രദേശം വെസ്റ്റ് വില്ലേജ് എന്നറിയപ്പെടുന്നു. ഇത് ഷോപ്പിങ്ങിനും ഭക്ഷണത്തിനും പേരുകേട്ട ഒരു ട്രെൻഡി ഏരിയയാണ്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുടെ പ്രധാന കാമ്പസിനും സമീപമാണ് ഈ സ്ഥലം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.