'ഗുരുതര കേസിലോ സാമ്പത്തിക കുറ്റകൃത്യങ്ങളിലോ ഒളിവില്‍പ്പോയ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ല': നിരീക്ഷണവുമായി സുപ്രീം കോടതി

'ഗുരുതര കേസിലോ സാമ്പത്തിക കുറ്റകൃത്യങ്ങളിലോ ഒളിവില്‍പ്പോയ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ല': നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസില്‍ സമന്‍സോ വാറണ്ടോ കൈപ്പറ്റാതിരിക്കുകയോ ഒളിവില്‍ പോവുകയോ ചെയ്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്ന് സുപ്രീം കോടതി. ഹീനമായ കുറ്റകൃത്യങ്ങളിലോ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളിലോ പങ്കുണ്ടെന്ന് കോടതി പ്രഥമദൃഷ്ട്യാ കണ്ടെത്തിയാല്‍ പ്രത്യേകിച്ചും മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

നിയമവാഴ്ച നിലനില്‍ക്കണമെങ്കില്‍ ഓരോ വ്യക്തിയും നിയമത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും വേണമെന്നും ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. സഹകരണ സംഘത്തില്‍ നിന്ന് നിയമവിരുദ്ധമായി വായ്പ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആദര്‍ശ് ഗ്രൂപ്പ് കമ്പനികളുടെ മേധാവികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കിയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.
മുന്‍കൂര്‍ ജാമ്യം ചോദ്യം ചെയ്ത എസ്എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ്) സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് അതിന്റെ സ്ഥാപകര്‍ ഉണ്ടാക്കിയ ആദര്‍ശ് ഗ്രൂപ്പ് കമ്പനികള്‍ക്ക് 1700 കോടി രൂപ നിയമവിരുദ്ധമായി വായ്പ നല്‍കിയെന്നാണ് കേസ്.

വ്യാജരേഖ ചമച്ചാണ് കമ്പനികള്‍ക്ക് വായ്പ നല്‍കിയതെന്നാണ് എസ്എഫ്‌ഐഒ ആരോപിച്ചത്. ഗുരുഗ്രാമിലെ പ്രത്യേക കോടതി പല തവണ സമന്‍സും വാറണ്ടും അയച്ചെങ്കിലും പ്രതികള്‍ അത് കൈപ്പറ്റാന്‍ തയ്യാറായിരുന്നില്ല. വിചാരണയ്ക്കും എത്തിയില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളിയെങ്കിലും ഹൈക്കോടതി അനുവദിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.