ബീജിങ്: അമേരിക്കയുടെ പകരം ചുങ്കത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കി ചൈന. യു.എസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 125 ശതമാനം തീരുവ ഈടാക്കുമെന്ന് ചൈനീസ് കസ്റ്റംസ് താരിഫ് കമ്മീഷന്‍ വ്യക്തമാക്കി.
ചൈന ഇതുവരെ രണ്ട് ഘട്ടമായി 84 ശതമാനം നികുതിയാണ് അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ചുമത്തിയത്. കഴിഞ്ഞ ദിവസം ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 104 ശതമാനത്തില്‍ നിന്നും 125 ശതമാനമായി യു.എസ് ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് നടപടി. പുതിയ തീരുവ ഏപ്രില്‍ 12 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ചൈന വ്യക്തമാക്കി.
യു.എസ് കൂടുതല്‍ താരിഫുകള്‍ ചുമത്തുന്നത് തുടര്‍ന്നാല്‍ അത് സാമ്പത്തികമായി അര്‍ത്ഥ ശൂന്യമായ നടപടിയായി പോകും. മാത്രമല്ല ലോക സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തില്‍ തന്നെ ഈ നീക്കം തമാശയാകുമെന്നും കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. നിലനിലെ തീരുവയില്‍ യു.എസ് ഉല്‍പന്നങ്ങള്‍ക്ക് ചൈനയില്‍ വിപണിയുണ്ടാകില്ല. ഇനിയും തീരുവ ഉയര്‍ത്താനാണ് യു.എസ് ആലോചനയെങ്കില്‍ തങ്ങള്‍ അത് അവഗണിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും യുഎസിന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയിരുന്നു. ഇത്തരത്തിലുള്ള ഏകപക്ഷീയ ഭീഷണികളെ ചൈന ഭയക്കില്ലെന്നായിരുന്നു ഷീ ജിന്‍പിങ് തുറന്നടിച്ചത്. ഏകപക്ഷീയമായ ഭീഷണികളെ സംയുക്തമായി ചെറുക്കേണ്ടത് അനിവാര്യമാണ്. രാജ്യാന്തര നീതി ഉറപ്പാക്കാന്‍ ഇത് അനിവാര്യമാണ്. ഇതേ രീതിയില്‍ തുടരാനാണ് യുഎസിന്റെ നിലപാടെങ്കില്‍ അതിനെതിരെ പോരാടാന്‍ തങ്ങളും തയ്യറാണെന്നായിരുന്നു ഷീ ജിന്‍പിങ് വ്യക്തമാക്കിയത്.
കഠിനാധ്വാനത്തിലൂടെയാണ് കഴിഞ്ഞ 70 വര്‍ഷമായി ചൈന വികസനം സാധ്യമാക്കുന്നത്. മറ്റൊരു രാജ്യത്തിന്റേയും കൈത്താങ്ങിലൂടെയല്ല, അതുകൊണ്ട് തന്നെ അന്യായമായ അടിച്ചമര്‍ത്തലുകളെ ഭയപ്പെടുന്നില്ല. ബാഹ്യ പരിസ്ഥിതി എങ്ങനെ മാറിയാലും ചൈന ആത്മവിശ്വാസത്തോടെ തന്നെ തുടരുമെന്നും ഷീ കൂട്ടിച്ചേര്‍ത്തു. ചൈനീസ് ധനകാര്യമന്ത്രാലയവും പ്രത്യേകം പ്രസ്താവന ഇറക്കിയിരുന്നു. ചൈന ഇത്തരം വ്യാപാര യുദ്ധങ്ങള്‍ ആഗ്രഹിക്കുന്നില്ല. തങ്ങള്‍ക്ക് യാതൊരു ഭയവുമില്ല. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇത്തരം ബാലിശമായ നടപടികളില്‍ നിന്നും പിന്‍മാറാന്‍ തയ്യാറാകണം എന്നാണ് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞത്.
അതേസമയം ഇപ്പോഴത്തെ വ്യാപാര യുദ്ധം യു.എസിന് കനത്ത തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍. കാരണം ചൈന അമേരിക്കയെ ആശ്രയിക്കുന്നതിനേക്കാള്‍ കൂടുതല്‍ അമേരിക്ക ചൈനയെ ആശ്രയിക്കുന്നുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ ഉപഭോക്തൃ വസ്തുക്കളാണ് ചൈനയില്‍ നിന്ന് യു.എസ് പ്രധാനമായി ഇറക്കുമതി ചെയ്യുന്നത്. വ്യാവസായിക സാമഗ്രികള്‍, സോയാബീന്‍, ഫോസില്‍ ഇന്ധനങ്ങള്‍, ജെറ്റ് എഞ്ചിനുകള്‍ എന്നിങ്ങനെ ഉപഭോക്താക്കളെ നേരിട്ട് ബാധിക്കാത്ത ഉല്‍പന്നങ്ങള്‍ക്കാണ് ചൈന യു.എസിനെ ആശ്രയിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.