ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ പതിനേഴുകാരന്‍ നടത്തിയ ഗൂഢാലോചന പുറത്ത്. ട്രംപിനെ വകവരുത്താന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ അമ്മയെയും രണ്ടാനച്ഛനെയും കൊലപ്പെടുത്തിയതോടെ നികിത കാസപ് എന്ന കൗമാരക്കാരന്‍ പൊലീസിന്റെ പിടിയിലായി.
ഫെബ്രുവരിയില്‍ നടന്ന സംഭവത്തെക്കുറിച്ച് അമേരിക്കന്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന കാര്യങ്ങള്‍ പുറത്തു വന്നത്. കാസപ്പിനെതിരെ ഒമ്പത് കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതില്‍ രണ്ട് കൊലപാതക കുറ്റങ്ങളും മൃതദേഹം ഒളിപ്പിച്ച കുറ്റങ്ങളും ഉള്‍പ്പെടും. അതിനൊപ്പമാണ് പ്രസിഡന്റിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റവും ചുമത്തിയത്.
കഴിഞ്ഞ ഫെബ്രുവരി 11 നാണ് കൗമാരക്കാരന്‍ മാതാപിതാക്കളെ കൊലപ്പെടുത്തുന്നത്. കാസപ്പിന്റെ അമ്മ ടാറ്റിയാന കാസപ്പിനെയും രണ്ടാനച്ഛന്‍ ഡൊണാള്‍ഡ് മേയറെയും വീടിനുള്ളില്‍ വെടിവച്ച് കൊല്ലുകയായിരുന്നു. രണ്ടാഴ്ചയായി കുട്ടി സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് അധികൃതര്‍ വീട് സന്ദര്‍ശിച്ചപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഴുകിയ മൃതദേഹങ്ങള്‍ക്കൊപ്പം ആഴ്ചകളോളം താമസിച്ച ശേഷം 14,000 ഡോളറും പാസ്‌പോര്‍ട്ടുകളും വളര്‍ത്തു നായയുമായി രക്ഷപെട്ട പ്രതിയെ കഴിഞ്ഞ മാസം കന്‍സാസില്‍ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടാനച്ഛന്റെ കാര്‍ മോഷ്ടിച്ചതിനും തോക്ക് കൈവശം വച്ചതിനുമാണ് കാസപ്പിനെ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ട്രംപിനെ വധിക്കാനുള്ള പദ്ധതി വെളിപ്പെട്ടത്.
കാസപ്പ് തന്റെ പദ്ധതികള്‍ക്കായി ഡ്രോണും സ്ഫോടക വസ്തുക്കളും വാങ്ങിയതായും റഷ്യന്‍ പ്രഭാഷകന്‍ ഉള്‍പ്പെടെയുള്ളവരുമായി തന്റെ പദ്ധതികള്‍ പങ്കുവെച്ചതായും ഫെഡറല്‍ അധികൃതര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലുണ്ട്. ഹിറ്റ്ലറെ പ്രശംസിക്കുന്ന മൂന്ന് പേജുള്ള കുറിപ്പും കണ്ടെടുത്തു.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജൂലൈ 13 ന് പെന്‍സില്‍വാനിയയില്‍ ട്രംപിനു നേരെ ഒരാള്‍ വെടിയുതിര്‍ത്തിരുന്നു. അദേഹത്തിന്റെ ചെവിക്കാണ് അന്ന് പരിക്കേറ്റത്. ഇതില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 15 ന് ഫ്‌ളോറിഡയിലെ ഗോള്‍ഫ് കോഴ്സില്‍ വച്ചും ട്രംപിനെ വധിക്കാന്‍ ശ്രമമുണ്ടായി. ട്രംപിനെ വകവരുത്താന്‍ ശ്രമിക്കുന്നതായി ഇറാനെതിരേയും ആരോപണം ഉയര്‍ന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.