ബഹിരാകാശത്തേക്ക് 'ലേഡീസ് ഒണ്‍ലി' യാത്ര; ബ്ലൂ ഒറിജിന്റെ ചരിത്ര ദൗത്യം ഇന്ന്

ബഹിരാകാശത്തേക്ക് 'ലേഡീസ് ഒണ്‍ലി' യാത്ര;  ബ്ലൂ ഒറിജിന്റെ ചരിത്ര ദൗത്യം ഇന്ന്

വാഷിങ്ടണ്‍: പോപ് ഗായിക കേറ്റി പെറി അടക്കം ആറ് വനിതകളുമായി ബ്ലൂ ഒറിജിന്‍ കമ്പനിയുടെ ചരിത്ര ബഹിരാകാശ വിനോദ യാത്ര ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഏഴിന് പുറപ്പെടും.

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനിന്റെ ന്യൂ ഷെപ്പേഡ് മിഷനിലെ പതിനൊന്നാം ദൗത്യത്തിന്റെ ഭാഗമായാണ് ഇന്നത്തെ യാത്ര. 1963 ല്‍ വാലന്റീന തെരഷ്‌കോവ ബഹിരാകാശത്ത് ഒറ്റയ്ക്ക് സഞ്ചരിച്ചതിന് ശേഷം സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന ആദ്യ ബഹിരാകാശ ദൗത്യമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.

നാസ മുന്‍ റോക്കറ്റ് ശാസ്ത്രജ്ഞ ഐഷ ബോവ്, ആക്ടിവിസ്റ്റ് അമാന്‍ഡ എന്‍ഗുയെന്‍, ടെലിവിഷന്‍ അവതാരക ഗെയ്ല്‍ കിങ്്, സിനിമ നിര്‍മാതാവ് കെറിയാന്‍ ഫ്‌ലിന്‍, ജെഫ് ബെസോസിന്റെ പ്രതിശ്രുത വധുവും മാധ്യമ പ്രവര്‍ത്തകയുമായ ലോറന്‍ സാഞ്ചസ് എന്നിവരാണ് പോപ് ഗായിക കേറ്റി പെറിയുടെ സഹ സഞ്ചാരികള്‍.

വെസ്റ്റ് ടെക്‌സസിലെ ബ്ലൂ ഒറിജിന്‍ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. ഭൗമാന്തരീക്ഷത്തെയും ബഹിരാകാശത്തെയും വേര്‍തിരിക്കുന്ന കാര്‍മന്‍ രേഖ മറികടന്ന ശേഷം പേടകം പതിനൊന്ന് മിനിറ്റ് കൊണ്ട് സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചിറങ്ങും.

സാങ്കേതികപരമായി ബ്ലൂ ഒറിജിന്‍ പേടകം ബഹിരാകാശ പരിധിയിലേക്ക് പ്രവേശിക്കുമെങ്കിലും ഇത്തരം ദൗത്യത്തിലെ അംഗങ്ങളെ 'ബഹിരാകാശ യാത്രികര്‍' എന്ന് വിശേഷിപ്പിക്കാറില്ല. 'ബഹിരാകാശ ടൂറിസ്റ്റ്' എന്നാണ് പൊതുവേ ഇവര്‍ അറിയപ്പെടുക. ഇതുവരെ ബെസോസ് അടക്കം 52 പേരാണ് ബ്ലൂ ഒറിജിന്‍ ദൗത്യങ്ങളിലൂടെ ബഹിരാകാശത്തെത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.