മോഡി-വാന്‍സ് കൂടിക്കാഴ്ച്ച: ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ നിര്‍ണായക പുരോഗതി; ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കും

മോഡി-വാന്‍സ് കൂടിക്കാഴ്ച്ച: ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ നിര്‍ണായക പുരോഗതി; ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കും

ന്യൂഡല്‍ഹി: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച്ച നടത്തി. ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച്ച.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനെ കേന്ദ്രീകരിച്ചായിരുന്നു ഇരുവരുടെയും ചര്‍ച്ച. ചൈനയുമായി അമേരിക്ക തീരുവ യുദ്ധം പ്രഖാപിച്ച ഘട്ടത്തിലാണ് വാന്‍സിന്റെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് തീരുവ വിഷയത്തില്‍ ഇന്ത്യയോടുള്ള മൃദുസമീപനം തുടരുമെന്ന സൂചനയാണ് യു.എസ് വൈസ് പ്രസിഡന്റിന്റെ സന്ദര്‍ശനം നല്‍കുന്നത്. വ്യാപാര കരാര്‍ സംബന്ധിച്ച് തുടര്‍ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. ഊര്‍ജം, പ്രതിരോധം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തി.


ഇന്ത്യ-യു.എസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെ പുരോഗതിയില്‍ മോഡിയും ജെ.ഡി വാന്‍സും സംതൃപ്തി പ്രകടിപ്പിച്ചതായി ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കൂടിക്കാഴ്ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അമേരിക്കയിലേക്കുള്ള എല്ലാ ഇന്ത്യന്‍ ഇറക്കുമതികള്‍ക്കും ചുമത്തിയ 26 ശതമാനം പകരതീരുവ പ്രാബല്യത്തില്‍ വരുന്നത് 90 ദിവസത്തേക്ക് ട്രംപ് മരവിപ്പിച്ചിരുന്നു. ഇന്ത്യയുമായുള്ള സൗഹൃദത്തിന് പ്രഥമ പരിഗണന നല്‍കുന്നതിനാല്‍ താരിഫ് വിഷയത്തില്‍ ഇന്ത്യയ്ക്ക് അനുകൂലമായ കരാറായിരിക്കും നടപ്പാക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസം അമേരിക്കന്‍ ശതകോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോണ്‍ മസ്‌ക് മോഡിയുമായി ടെലിഫോണില്‍ സംസാരിക്കുകയും ഇന്ത്യ-യു.എസ് വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.


വാന്‍സുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ, സുഹൃത്തായ ഡൊണാള്‍ഡ് ട്രംപിനുള്ള ആശംസയും മോഡി കൈമാറി. അമേരിക്ക, ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന്‍ എന്നി രാജ്യങ്ങള്‍ ഉള്‍പ്പെട്ട ക്വാഡ് സഖ്യത്തിന്റെ ഉച്ചകോടി ഈ വര്‍ഷം ഇന്ത്യയിലാണ് നടക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷം അവസാനം ഇന്ത്യയിലേക്കുള്ള ട്രംപിന്റെ സന്ദര്‍ശനത്തെ താന്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് മോഡി വാന്‍സിനോടു പറഞ്ഞു. ഫെബ്രുവരിയില്‍ മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയിലും വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചയിലും ട്രംപിനെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.


വാന്‍സിന്റെ കുട്ടികള്‍ക്ക് മയില്‍പ്പീലി സമ്മാനിച്ച് പ്രധാനമന്ത്രി

തിങ്കളാഴ്ച രാവിലെയാണ് വാന്‍സ് ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷയ്ക്കും മക്കളായ ഇവാന്‍, വിവേക്, മിറാബെല്‍ എന്നിവര്‍ക്കുമൊപ്പം ഇന്ത്യയിലെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.