വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇന്ന് ലോകം വിട നല്‍കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1: 30 ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ദിവ്യബലിയോടെയാണ് സംസ്‌കാര ചടങ്ങ് ആരംഭിക്കുക. ഇറ്റാലിയന്‍ കര്‍ദിനാള്‍ ജോവാനി ബത്തീസ്ത സംസ്‌കാര ചടങ്ങില്‍ മുഖ്യകാര്‍മികനാകും. ഏഴ് മാര്‍പാപ്പമാരെ കബറടക്കിയ സെന്റ് മേരി മേജര്‍ പേപ്പല്‍ ബസിലിക്കയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും ഭൗതികശരീരം അടക്കം ചെയ്യുക. സംസ്‌കാരച്ചടങ്ങുകളുടെ 87 പേജുള്ള ശുശ്രൂഷാക്രമം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു.

ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെ രാത്രി (വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 11:30) തന്നെ പാപ്പയുടെ ഭൗതീക ശരീരം ഉള്‍കൊള്ളുന്ന പെട്ടി, കാമര്‍ലെംഗോ കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെലിന്റെയും മറ്റ് കര്‍ദ്ദിനാളുമാരുടെയും വത്തിക്കാനിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെയും നേതൃത്വത്തില്‍ സീല്‍ ചെയ്തിരുന്നു. കര്‍ദിനാള്‍-കാമര്‍ലെംഗോ കെവിന്‍ ഫാരെലിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങ്, മാര്‍പാപ്പയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പട്ടികപ്പെടുത്തുന്ന ഒരു രേഖ വായിച്ചുകൊണ്ടാണ് ആരംഭിച്ചത്. 266-ാമത് പോപ്പിന്റെ ഓര്‍മ്മ സഭയുടെയും എല്ലാ മനുഷ്യരാശിയുടെയും ഹൃദയത്തില്‍ എന്നും നിലനില്‍ക്കുന്നുവെന്നും അതില്‍ പറയുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് 130 ലോക നേതാക്കള്‍ വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന അന്ത്യശുശ്രൂഷയില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഏകദേശം 250,000 ല്‍ അധികം ആളുകളാണ് വലിയ ഇടയനെ അവസാനമായി ഒരു നോക്ക് കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനുമായി സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ എത്തിയത്.

ശനിയാഴ്ചത്തെ ശുശ്രൂഷകള്‍ക്ക് ശേഷം സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നിന്ന് വിലാപയാത്രയായി മൃതശരീരം സാന്താ മരിയ ബസിലിക്കയിലേക്ക് കൊണ്ടുപോകും. റോമിലെ പുരാതന ദേവാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന ഫോറി ഇംപീരിയാലിയും കൊളോസിയവും കടന്നാണ് യാത്ര. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൃതശരീരം ഏറ്റുവാങ്ങാന്‍ സാന്താ മരിയ ബസിലിക്കയില്‍ അശരണരുടെ ഒരു സംഘം തന്നെ ഉണ്ടാകുമെന്ന് വത്തിക്കാന്‍ അറിയിച്ചു.

പ്രാര്‍ഥനയ്ക്ക് ശേഷം പാപ്പയെ ഇവിടെ തറനിരപ്പില്‍ അടക്കും. 'ഫ്രാന്‍സിസ്‌കസ്' (ഫ്രാന്‍സിസ് എന്നതിന്റെ ലത്തീന്‍ നാമം) എന്ന് മാത്രമേ ശവകുടീരത്തില്‍ എഴുതൂ. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗ്രഹമായിരുന്നു ഇത്. ഞായറാഴ്ച രാവിലെ മുതല്‍ പൊതുജനങ്ങള്‍ക്ക് ശവകുടീരം സന്ദര്‍ശിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.