വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ മൃതദേഹ സംസ്കാരത്തിന് ശേഷം ലോക ശ്രദ്ധയിൽ സെന്റ് മേരി മേജർ ബസിലിക്ക നിറഞ്ഞ് നിൽക്കുന്നെങ്കിലും ഇനി ലോകത്തിന്റെ കണ്ണുകൾ സുപ്രസിദ്ധമായ സിസ്റ്റൈൻ ചാപ്പലിലേക്കായിരിക്കും. അതിമനോഹരമാണ് സിസ്റ്റൈൻ ചാപ്പൽ. വത്തിക്കാനിലെത്തുന്ന സന്ദർശകർ സെന്റ് പീറ്റർ ബസിലിക്കയ്ക്ക് ശേഷം കാണാൻ ആഗ്രഹിക്കുന്ന സ്ഥലം ഒരുപക്ഷെ സിസ്റ്റൈൻ ചാപ്പലായിരിക്കും. 2024ൽ ഏകദേശം ഏഴ് മില്യൺ ജനങ്ങളാണ് സിസ്റ്റൈൻ ചാപ്പൽ സന്ദർശിച്ചത്. 2025 ൽ ഇതിന്റെ ഇരട്ടിയായിരിക്കും സന്ദർശകരുടെ എണ്ണം.
മാർപാപ്പാമാരുടെ തിരഞ്ഞെടുപ്പ്, വെളുത്ത പുക, കറുത്ത പുക ഇതൊക്കെ ഈ ചാപ്പലിനോട് ബന്ധപ്പെട്ട് നമ്മുടെ ഓർമയിലേക്ക് വരുന്നെങ്കിലും അതിലൊക്കെ ഉപരി മൈക്കിൾ ആഞ്ചലോയുടെ ചിത്രപ്പണികളാൽ പ്രസിദ്ധമാണ് സിസ്റ്റൈൻ ചാപ്പൽ.

ഈ ദേവാലയത്തിന്റെ നിർമാണ കാലഘട്ടങ്ങളുടെ ആരംഭത്തിൽ പ്രശസ്ത ചിത്രകാരന്മാരായ സാൻഡ്രോ ബോട്ടിസെല്ലി, പിയട്രോ പെറുഗിനോ, പിന്റുറിച്ചിയോ, ഡൊമെനിക്കോ ഗിർലാൻഡയോ, കോസിമോ റോസെല്ലി എന്നിവരടങ്ങുന്ന സംഘമാണ് മോശയുടെയും ക്രിസ്തുവിന്റെയും ജീവിതങ്ങളെ ചിത്രീകരിക്കുന്ന ചുമർ ചിത്രങ്ങൾ തയാറാക്കിയിരുന്നത്. അവർ ചാപ്പലിന്റെ ജോലി ആരംഭിച്ച് വർഷങ്ങൾക്ക് ശേഷമാണ് ജൂലിയസ് രണ്ടാമൻ മാർപാപ്പ മൈക്കലാഞ്ചലോയെ ചുമതലപ്പെടുത്തുന്നത്. അങ്ങനെയാണ് ലോകശ്രദ്ധ നേടിയ ‘ആദത്തിന്റെ സൃഷ്ടി’ ചിത്രീകരിക്കപ്പെടുന്നത്.
ദൈവത്തെ മാലാഖമാരാൽ ചുറ്റപ്പെട്ട ഒരു മനുഷ്യസാദൃശ്യത്തോട് ബന്ധപ്പെടുത്തിയാണ് ഈ ചിത്രീകരണം. ‘ആദത്തിന്റെ സൃഷ്ടി’ കേന്ദ്രമാക്കി, ഉല്പത്തി പുസ്തകത്തിലെ വ്യത്യസ്ത കഥകളെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങൾ പല ഗ്രൂപ്പുകളായി തിരിച്ചാണ് ക്രമീകരിച്ചിട്ടുള്ളത്. അന്ത്യവിധിയുടെ ചിത്രവും ഇതിൽ ഏറെ ശ്രദ്ധേയമാണ്.
1483 ആഗസ്റ്റ് 15നാണ് സിക്‌സ്റ്റസ് നാലാമൻ മാർപാപ്പ ഈ ദേവാലയം ഔവർ ലേഡി ഓഫ് അസംപ്‌ഷനായി സമർപ്പിച്ചത്. അതിനാൽ തന്നെ സ്വർഗാരോപിത മാതാവിന്റെ തിരുന്നാൾ ദിനമാണ് ഇവിടെ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്നതും. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് കൂടുന്നതും ഈ ദേവാലയത്തിൽവച്ചാണ്.
സിസ്റ്റൈൻ ചാപ്പലിൽ പ്രവേശിക്കുമ്പോൾ അവിടെ ചിത്രീകരിച്ചിരിക്കുന്ന ചുമർചിത്രങ്ങളിൽ നിരവധി നഗ്നരൂപങ്ങൾ കണ്ട് ആശ്ചര്യപ്പെട്ടേക്കാം. എന്നാൽ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1994 ഏപ്രിലെ ഒരു ദിവ്യബലി മധ്യേ “മനുഷ്യ ശരീരത്തിന്റെ ദൈവശാസ്ത്ര സങ്കേതം” എന്നാണ് സിസ്റ്റൈൻ ചാപ്പലിനെ വിശേഷിപ്പിച്ചത്.
“സ്ത്രീ പുരുഷ സൃഷ്ടിയെക്കുറിച്ചുള്ള ഉല്പത്തി പുസ്തകത്തിലെ സൂചനകളാൽ നയിക്കപ്പെടാൻ സ്വയം വിട്ടുകൊടുത്തതുകൊണ്ടായിരിക്കാം മൈക്കലാഞ്ചലോ ഇപ്രകാരം ചിത്രീകരിച്ചിരിക്കുന്നത്. ആദ്യ മനുഷ്യനും അവന്റെ ഭാര്യയും നഗ്നരായിരുന്നു; പക്ഷേ അവർ ലജ്ജിച്ചില്ല” – പരിശുദ്ധ ജോൺ പോൾ പിതാവ് അന്ന് ദേവാലയത്തിൽവെച്ച് പറഞ്ഞിരുന്നു.
40.9 മീറ്റർ (134 അടി) നീളവും 13.4 മീറ്റർ (44 അടി) വീതിയുമുള്ള ചാപ്പലിന്റെ പുറംഭാഗത്ത് യാതൊരു വിത അലങ്കാരപണികളും നടത്തിയിട്ടില്ല.1984 നവംബർ ഏഴിന് നവീകരണ പ്രവൃത്തികൾ നടത്താനായി ചാപ്പൽ അടച്ചു. പുനരുദ്ധാരണം പൂർത്തിയാക്കി 1994 ഏപ്രിൽ എട്ടിനാണ് പള്ളി വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.