ന്യൂഡല്‍ഹി: അമേരിക്കന്‍ താരിഫുകള്‍മൂലം തിരിച്ചടിയേറ്റ ചൈനീസ് കമ്പനികള്‍ യു.എസിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യന്‍ കയറ്റുമതിക്കാരുടെ സഹായം തേടി. യു.എസിലെ ഉപയോക്താക്കളെ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇന്ത്യ വഴി ചരക്കുകള്‍ കയറ്റി അയയ്ക്കാന്‍ ചൈനീസ് കമ്പനികള്‍ ആലോചിക്കുന്നത്.
ചൈനയിലെ ഗ്വാംഗ്ഷോയില്‍ ലോകത്തെ ഏറ്റവും വലിയ വ്യാപാര മേളയായ കാന്റണ്‍ ഫെയര്‍ നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. യു.എസിലേക്ക് ചരക്ക് കയറ്റുമതി ചെയ്യാന്‍ സഹായം തേടി മേളയ്ക്കെത്തിയ നിരവധി ഇന്ത്യന്‍ കമ്പനികളെ ചൈനീസ് ഉല്‍പ്പാദകര്‍ സമീപിച്ചെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് ഡയറക്ടര്‍ ജനറലായ അജയ് ഷാഹി പറഞ്ഞു. കയറ്റുമതിയുടെ കമ്മീഷന്‍ ഇന്ത്യന്‍ കമ്പനികള്‍ ചൈനീസ് കമ്പനികള്‍ക്ക് നല്‍കണം.
യു.എസ് ഏര്‍പ്പെടുത്തിയ 145 ശതമാനം താരിഫ് മിക്കവാറും ചൈനീസ് കമ്പനികള്‍ക്ക് ബാധകമായിട്ടുണ്ട്. അതേസമയം ഇന്ത്യയില്‍ നിന്ന് യു.എസിലേക്ക് കയറ്റി അയയ്ക്കുന്ന ചരക്കുകള്‍ക്ക് 10 ശതമാനം മാത്രമാണ് നികുതി. 90 ദിവസത്തേക്ക് മരവിപ്പിച്ച പകരത്തിന് പകരം താരിഫുകള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുനസ്ഥാപിച്ചാല്‍ ഇന്ത്യയില്‍ നിന്നും യു.എസിലേക്കുള്ള കയറ്റുമതി നികുതി 26 ശതമാനമായി ഉയരും.
ട്രംപിന്റെ ആദ്യ ഘട്ട താരിഫ് പ്രഹരമേറ്റ പല ചൈനീസ് കമ്പനികളും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക് തന്ത്രപൂര്‍വം ചുവടുമാറ്റിയിരുന്നു. വിയറ്റ്നാമില്‍ ഫാക്ടറികള്‍ സ്ഥാപിച്ചും തായ്ലന്‍ഡിലേക്ക് ചരക്കുകള്‍ കയറ്റി അയയച്ച ശേഷം അവിടെ നിന്ന് കുറഞ്ഞ താരിഫില്‍ യുഎസിലേക്ക് കയറ്റുമതി നടത്തിയുമാണ് പിടിച്ചുനിന്നത്. എന്നാല്‍ രണ്ടാം താരിഫ് തരംഗത്തില്‍ വിയറ്റ്നാമിന് മേല്‍ 46 ശതമാനം താരിഫ് പ്രഖ്യാപിച്ച് ട്രംപ് ഈ പഴുതുമടച്ചു. ഇന്ത്യയിലേക്ക് നോക്കാന്‍ ചൈനീസ് വ്യാപാരികളെ പ്രേരിപ്പിക്കുന്നത് ഈ സാഹചര്യമാണ്.
അതേസമയം ചൈനീസ് നിക്ഷേപങ്ങള്‍ക്കും ഇറക്കുമതിക്കും മേല്‍ ഭാരത സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ കയറ്റുമതി സംവിധാനങ്ങളൊരുക്കാനും ഇന്ത്യവഴി യുഎസിലേക്ക് കയറ്റുമതി ചെയ്യാനും ചൈനീസ് കമ്പനികള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. ചൈനീസ് കമ്പനികളുടെ ബ്രാന്‍ഡിലോ ഇന്ത്യന്‍ കമ്പനികളുമായുള്ള കോ-ബ്രാന്‍ഡിങിലോ യു.എസ് കമ്പനികള്‍ക്കായി ചരക്ക് കയറ്റിയയക്കാമെന്നാണ് കാന്റണ്‍ ഫെയറിലെത്തിയ ഇന്ത്യന്‍ കമ്പനികള്‍ക്ക് വാഗ്ദാനം ലഭിച്ചിരിക്കുന്നത്.
ഹാന്‍ഡ് ടൂള്‍സ്, ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സസ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ചൈനീസ് കമ്പനികളാണ് കൂടുതലായും ഇന്ത്യന്‍ കമ്പനികളെ സമീപിച്ചതെന്ന് ഷാഹി പറഞ്ഞു. ചൈനീസ് കമ്പനികളുടെ ഉപഭോക്താക്കളായ ചില യു.എസ് കമ്പനികള്‍ ഇന്ത്യന്‍ കയറ്റുമതിക്കാരുമായി നേരിട്ട് ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.