ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഒരു രാജ്യം സ്‌പൈവെയര്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതിയുടെ വിലയിരുത്തല്‍.
'ദേശീയ സുരക്ഷയുടെ ഭാഗമായി ഒരു രാജ്യം സ്പൈവെയര്‍ കൈവശം വയ്ക്കുന്നതില്‍ തെറ്റില്ല. അത് എങ്ങനെ, ആര്‍ക്കെതിരെ ഉപയോഗിക്കുന്നു എന്നതിലാണ് യഥാര്‍ത്ഥ ആശങ്ക നിലനില്‍ക്കുന്നത്' - പെഗാസസ് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി വ്യക്തമാക്കി.
സ്വകാര്യ വ്യക്തികള്‍ക്കെതിരെ സ്പൈവെയര്‍ ഉപയോഗിച്ചുവെന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്നും ഒരു രാജ്യത്തിന് ദേശീയ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. രാജ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
പെഗാസസ് പോലെ വിവരം ചോര്‍ത്താനുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ഇതിന്റെ ഭാഗമായി കാണാമെന്നും സുപ്രീം കോടതി പറഞ്ഞു. ഇസ്രായേലി സ്‌പൈവെയറായ പെഗാസസ് ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിയവരെ നിരീക്ഷിച്ചുവെന്ന ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് 2021 ല്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ദേശ വിരുദ്ധര്‍ക്കെതിരെ സര്‍ക്കാര്‍ സ്പൈവെയര്‍ ഉപയോഗിച്ചാല്‍ തെറ്റില്ല. ഒരു സ്‌പൈവെയര്‍ ഉണ്ടായിരിക്കുന്നതില്‍ തെറ്റൊന്നുമില്ല. അത് ആര്‍ക്കെതിരെയാണ് ഉപയോഗിക്കുന്നത് എന്നതാണ് ചോദ്യം. രാജ്യത്തിന്റെ സുരക്ഷയില്‍ നമുക്ക് വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
തീവ്രവാദികള്‍ക്ക് സ്വകാര്യത അവകാശപ്പെടാന്‍ കഴിയില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭിപ്രായപ്പെട്ടപ്പോള്‍, സ്വകാര്യതക്ക് അവകാശമുള്ള പൗരന് ഭരണഘടന പ്രകാരം സംരക്ഷണം ലഭിക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.