ഛത്തീസ്ഗഡില്‍ 22 മാവോവാദികളെ വെടിവെച്ച് കൊന്നു; ഓപ്പറേഷന്‍ സങ്കല്‍പ്പില്‍ മരണം 26 ആയി

ഛത്തീസ്ഗഡില്‍ 22 മാവോവാദികളെ വെടിവെച്ച് കൊന്നു; ഓപ്പറേഷന്‍ സങ്കല്‍പ്പില്‍ മരണം 26 ആയി

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ 22 മാവോവാദികളെ സുരക്ഷാസേന വധിച്ചു. ഛത്തീസ്ഗഡിസെ ബിജാപുര്‍ ജില്ലയില്‍ സിആര്‍പിഎഫിന് പുറമെ ഛത്തീസ്ഗഡ് പൊലീസിലെ ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡ്, ബസ്തര്‍ ഫൈറ്റേഴ്സ്, സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് തുടങ്ങിയ സംഘങ്ങളും സംയുക്തമായി നടത്തിയ ഓപ്പറേഷന്‍ സങ്കല്‍പ് എന്ന സൈനിക നടപടിയിലാണ് മാവോവാദികളെ വധിച്ചത്. സമീപകാലത്ത് നടന്ന ഏറ്റവും വലിയ മാവോവാദി വിരുദ്ധ വേട്ടയാണ് ഛത്തീസ്ഗഡില്‍ നടന്നത്. അടുത്തിടെ തെലങ്കാന അതിര്‍ത്തിയിലെ കരെഗുട്ട വനത്തില്‍ മാവോവാദികള്‍ക്കെതിരെ നീക്കം നടത്തിയിരുന്നു.

ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മാവോവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. മാവോവാദി സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി (പിഎല്‍ജിഎ)യുടെ ദണ്ഡകാരണ്യ സോണല്‍ കമ്മിറ്റി, തെലങ്കാന സ്റ്റേറ്റ് കമ്മിറ്റി, ബറ്റാലിയന്‍ 1 തുടങ്ങിയവയുടെ അംഗങ്ങള്‍ പങ്കെടുക്കുന്നുവെന്ന വിവരമാണ് സംയുക്ത സേനയ്ക്ക് ലഭിച്ചത്.

ഏപ്രില്‍ 21 നാണ് ഓപ്പറേഷന്‍ സങ്കല്‍പ് എന്ന പേരില്‍ മാവോവാദി വേട്ട ആരംഭിച്ചത്. ഓപ്പറേഷന്‍ തുടങ്ങി ഇതുവരെ ആകെ വധിച്ച മാവോവാദികളുടെ എണ്ണം 26 ആയി. ഏപ്രില്‍ 24 ന് ഇതേ മേഖലയില്‍ നിന്നു തന്നെ മൂന്ന് മാവോവാദികളെ സുരക്ഷാ സേന വധിച്ചിരുന്നു. മെയ് അഞ്ചിന് ഒരു വനിതാ മാവോവാദിയെയും വധിച്ചിരുന്നു.

ഇന്നത്തെ ആക്രമണത്തില്‍ ഏറെനാള്‍ നോട്ടപ്പുള്ളികളായിരുന്ന മുതിര്‍ന്ന മാവോവാദികളില്‍ ചിലര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വെടിയേറ്റ് പരിക്കേറ്റവരെ കൂട്ടാളികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മാവോവാദികളുടെ ഒളിസ്ഥലങ്ങള്‍, ബങ്കറുകള്‍ എന്നിവ തകര്‍ത്തതായും വന്‍ ആയുധശേഖരം പിടിച്ചെടുത്തതായും അധികൃതര്‍ പറഞ്ഞു.

അതേസമയം ഏറ്റമുട്ടലിനിടെ മാവോവാദികള്‍ നടത്തിയ ഐഇഡി സ്ഫോടനത്തില്‍ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 2025 ല്‍ മാത്രം ഇതുവരെ 168 മാവോവാദികളാണ് സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.