രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് ഇന്ത്യന്‍ ആര്‍മി.
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ തുടരുമ്പോഴും ഇന്ത്യയ്ക്കുനേരെ വീണ്ടും ആക്രമണ ഭീഷണിയുമായി പാകിസ്ഥാന്‍. ഇപ്പോഴത്തെ ഏറ്റുമുട്ടല്‍ കൂടുതല്‍ വ്യാപിക്കുമെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.
78 യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയതെന്നും അല്‍ ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഖ്വാജ ആസിഫ് ആരോപിച്ചു.
കഴിഞ്ഞ ദിവസം കനത്ത തിരിച്ചടി നേരിട്ടിട്ടും പിന്‍മാറാതെ വീണ്ടും ആക്രമണ ഭീഷണി മുഴക്കുകയാണ് പാകിസ്ഥാന്‍. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെന്ന ഇന്ത്യയുടെ വാദം തെറ്റാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയ്‌ക്കെതിരായ പ്രകോപനം തുടരുമ്പോഴും ആഭ്യന്തരമായി വന്‍ പ്രതിസന്ധി നേരിടുകയാണ് പാകിസ്ഥാന്‍ ഭരണകൂടം.
പ്രധാനമന്ത്രി ഷബഹാസ് ഷെരീഫിനെ രഹസ്യ താവളത്തിലേക്ക് മാറ്റി. സൈനിക മേധാവി അസീം മുനീര്‍ എവിടെയെന്ന് വ്യക്തമല്ല. ബലൂചിസ്ഥാന്‍ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തെന്ന് വിഘടനവാദി സംഘടന ബിഎല്‍എ അവകാശപ്പെട്ടു. ഇതിനിടെ ഇമ്രാന്‍ ഖാനെ ജയില്‍ മോചിതന്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് പിടിഐ പ്രവര്‍ത്തകര്‍ തെരുവില്‍ പ്രകടനം നടത്തി.
അതേസമയം പാകിസ്ഥാന്റെ ഏത് ഹീനമായ നീക്കത്തെയും ചെറുത്ത് ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇന്ത്യന്‍ സൈന്യം അറിയിച്ചു. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇന്ത്യന്‍ ആര്‍മി എക്‌സില്‍ കുറിച്ചു. നിയന്ത്രണ രേഖയിലടക്കമുണ്ടായ വെടിവെയ്പ്പിന് ശക്തമായ തിരിച്ചടി ഇന്ത്യ നല്‍കിയെന്നും സൈന്യം വ്യക്തമാക്കി.
ഇന്നലെ രാത്രി മുതല്‍ ഇന്ന് പുലര്‍ച്ച വരെയും പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലകളിലെ വിവിധയിടങ്ങളില്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാക് സൈന്യം ആക്രമണം നടത്തിയെന്നും അതെല്ലാം തകര്‍ത്തുവെന്നും സൈന്യം എക്‌സില്‍ കുറിച്ചു. ഇതിന് പുറമെ ജമ്മു കാശ്മീരില്‍ വിവിധ ഭാഗങ്ങളില്‍ നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ ലംഘിച്ച് ഷെല്ലാക്രമണവും വെടിവെയ്പ്പും തുടര്‍ന്നുവെന്നും ഇതിനും കനത്ത മറുപടി നല്‍കിയെന്നും സൈന്യം അറിയിച്ചു.
ജമ്മുവില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണത്തെയും ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. പൂഞ്ചിലും രജൗരിയിലും അടക്കം നിയന്ത്രണരേഖയിലുടനീളം പുലര്‍ച്ചെയും കനത്ത ഷെല്ലിങ് നടന്നു. പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ ഉറിയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഉറിയിലും പൂഞ്ചിലുമായി രണ്ട് പേരാണ് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജമ്മുവിലെ സര്‍വകലാശാലയ്ക്ക് നേരെയും ഡ്രോണ്‍ ആക്രമണം നടന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.