കെപിസിസിക്ക് ഇനി പുതിയ നേതൃത്വം; അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് സണ്ണി ജോസഫ്

കെപിസിസിക്ക് ഇനി പുതിയ നേതൃത്വം; അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് സണ്ണി ജോസഫ്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് പേരാവൂർ എംഎൽഎ സണ്ണി ജോസഫ്. ക്രൈസ്തവ വിഭാഗത്തിൽ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഒരാളെത്തുന്നത് 21 വർഷത്തിന് ശേഷമാണ്.

സാമുദായിക സന്തുലനത്തിന്റെ ഭാഗമായി ഈഴവ വിഭാഗത്തിൽ നിന്നുള്ള അടൂർ പ്രകാശ് യുഡിഎഫ് കൺവീനറായും പി. സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ എന്നിവർ‌ വർക്കിങ് പ്രസിഡന്റുമാരായും ചുമതലയേറ്റു.അതേസമയം സണ്ണി ജോസഫിൻ്റെ അധ്യക്ഷ പദവിയിൽ പരസ്യ അതൃപ്തിയുമായി ആന്റോ ആന്റണി രംഗത്തെത്തി.

അഭിമാനവും സന്തോഷവും നിറഞ്ഞ ദിവസമെന്നായിരുന്നു ഉദ്ഘാടന പ്രസംഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞത്. സൗമ്യനായ നേതാവാണ് സണ്ണി ജോസഫ്. ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നിൽക്കുന്നയാൾ. വളരെ ധീരനായ നേതാവിനെ തന്നെയാണ് പുതിയ അധ്യക്ഷനാക്കിയത്. അടൂർ പ്രകാശിൽ വലിയ പ്രതീക്ഷയുണ്ടെന്നും ഒരു ടീം പാക്കേജ് വേണം എന്നത് കൊണ്ടാണ് ഹസനെ മാറ്റിയതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

സാമുദായിക, ഗ്രൂപ്പ് സമവാക്യങ്ങൾ ഏറെക്കുറെ പാലിച്ചുകൊണ്ടായിരുന്നു സംസ്ഥാന കോൺഗ്രസിലെ പൊളിച്ചെഴുത്ത്. അനിവാര്യമായ പടിയിറക്കത്തെ പരമാവധി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കെ. സുധാകരൻ ഒടുവിൽ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങി.

മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി സുധാകരനെ കോൺഗ്രസ് പ്രസിഡന്റാക്കണമെന്ന് വാദിച്ച സണ്ണി ജോസഫ്, സുധാകരന് പകരക്കാരനായി എത്തിയെന്നതാണ് മറ്റൊരു രാഷ്ട്രീയ കൗതുകം. കണ്ണൂർ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുധാകരൻ മാറിയപ്പോഴും പകരക്കാരനായത് സണ്ണി ജോസഫായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.