അമിത വായ്പ കേരളത്തിന് ഭാവിയിൽ ഭാരമായി മാറും: മൻമോഹൻ സിങ്

അമിത വായ്പ കേരളത്തിന് ഭാവിയിൽ ഭാരമായി മാറും: മൻമോഹൻ സിങ്

തിരുവനന്തപുരം∙ അമിതമായി വായ്പയെടുക്കുന്നത് കേരളത്തിന് ഭാവിയിൽ ഭാരമായി മാറുമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. കോവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും പ്രഖ്യാപിച്ച താത്കാലിക നടപടികൾ അപര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്‌മെന്റ് സ്‌‌റ്റഡീസ് സംഘടിപ്പിച്ച 'പ്രതീക്ഷ-2030" ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡ് മൂലം പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലയിൽ ഡിജിറ്റൽ വിപ്ലവം തിരിച്ചടിയുണ്ടാക്കും. പുതിയ സാഹചര്യങ്ങൾ വിലയിരുത്തി പദ്ധതികളിൽ ആവശ്യമായ മാറ്റം വരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. വീണ്ടുവിചാരമില്ലാത്ത നോട്ട് നിരോധനമുണ്ടാക്കിയ പ്രതിസന്ധി മൂലം തൊഴിലില്ലായ്മ വർധിച്ചു. ദരിദ്രർക്കു പിന്തുണ നൽകുന്നത് പോലെയുള്ള പദ്ധതികൾ നടപ്പാക്കിയാൽ മാത്രമേ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ദരിദ്രർക്കായി പ്രത്യേക പാക്കേജ് നടപ്പാക്കിയാൽ സമ്പദ്‌വ്യവസ്ഥയ്ക്ക് പുത്തനുണർവ് ലഭിക്കും. ആഭ്യന്തര ഉപഭോഗം കൂടുകയും ചെറുകിട, ഇടത്തരം, കാർഷിക, അസംഘടിത മേഖലകളിലെല്ലാം ഉത്‌പാദനം മെച്ചപ്പെടുകയും ചെയ്യും. തൊഴിലവസരങ്ങൾ ഉയരും. നീണ്ട സാമ്പത്തികമാന്ദ്യത്തിന് ശേഷം സമ്പദ്‌വ്യവസ്ഥയെ സാധാരണനിലയിൽ എത്തിക്കാൻ ഇതുവഴി കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജന. സെക്രട്ടറി താരീഖ് അൻവർ, ശശി തരൂർ എംപി, കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബി.എസ്.ഷിജു, സാമ്പത്തിക വിദഗ്ധൻ പ്രഫ.ബി.എ.പ്രകാശ്, ഡോ.ഉമ്മൻ വി.ഉമ്മൻ എന്നിവർ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.