ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്; ചടങ്ങിന് സാക്ഷിയാകാൻ ലോകനേതാക്കൾ വത്തിക്കാനിൽ

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്; ചടങ്ങിന് സാക്ഷിയാകാൻ ലോകനേതാക്കൾ വത്തിക്കാനിൽ

വത്തിക്കാൻ സിറ്റി: വിശുദ്ധ പത്രോസിൻ്റെ 267-ാമത് പിൻഗാമിയായി ലിയോ പതിനാലാമൻ മാർപാപ്പ ഔദ്യോഗികമായി ഇന്ന് ചുമതലയേൽക്കും. ഇന്ത്യൻ സമയം ഉച്ചക്ക് 1.30ന് ചടങ്ങുകൾ ആരംഭിക്കും. രണ്ട് മണിക്കൂറോളം ചടങ്ങ് നീളും.

വിശുദ്ധ പത്രോസിന്റെ കബറിടത്തിലെത്തി പാപ്പ പ്രാർത്ഥിക്കും. ഇതിന് ശേഷമാണ് സെൻ്റ് പീറ്റേഴ്സ് ബസലിക്കയിൽ നിന്ന് പ്രദക്ഷിണമായി കർദിനാൾമാർക്കൊപ്പം ലിയോ പതിനാലാമൻ മാർപാപ്പ വത്തിക്കാൻ ചത്വരത്തിൽ എത്തിച്ചേരുക. തുടർന്ന് ലത്തീൻ ആരാധനാക്രമത്തിൽ കുർബാന ആരംഭിക്കും.

കുർബാനക്കിടെ മാർപാപ്പയുടെ സ്ഥാനാരോഹണത്തിന്റെ സവിശേഷ ചടങ്ങുകൾ നടക്കും. സഭയെ നയിക്കുന്ന ഇടയൻ എന്ന സൂചകമായി പാലിയം സ്വീകരിക്കലാണ് മുഖ്യചടങ്ങ്. കർദിനാൾ സംഘത്തിന്റെ ഡീൻ കർദിനാൾ ജിയോവാനി ബാസ്റ്റിറ്റ റേ, വൈസ് ഡീൻ കർദിനാൾ ലിയനാദ്രോ സാന്ദ്രി, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിൻ എന്നിവർക്കൊപ്പം വേദിയിലെത്തി മാർപാപ്പയെ പാലിയം അണിയിക്കും.

തുടർന്ന് പാപ്പാ വാഴ്ച്ചയുടെ ഔദ്യോഗിക മുദ്രയായി വലിയമുക്കുവന്റെ മോതിരം അണിയും. ഇതോടെ പുതിയ പാപ്പ വാഴ്ച്ച കത്തോലിക്ക സഭയിൽ തുടങ്ങും. തുടർന്ന് കുർബാനയുടെ തുടർഭാഗങ്ങൾക്ക് ലിയോ പതിനാലാമൻ മാർപാപ്പ നേതൃത്വം നൽകും.

200-ലേറെ വിദേശ ഔദ്യോഗിക പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. ഏകദേശം 6,000 പൊലീസ് ഉദ്യോഗസ്ഥരെയും 1,000 സന്നദ്ധപ്രവർത്തകരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ബൽജിയം രാജാവ് ഫിലിപ്, രാജ്ഞി മറ്റിൽഡ, ബ്രിട്ടനിലെ എഡ്വേഡ് രാജകുമാരൻ, കാനഡ പ്രധാനമന്ത്രി മാർക്ക് കാർനി, ഫ്രഞ്ച് പ്രധാനമന്ത്രി ഹോസ്വ ബെയ്ഹൂ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഇറ്റലി പ്രസിഡന്റ് സെർജിയോ മാറ്ററെല്ല, പ്രധാനമന്ത്രി ജോർജ മെലോനി, ഇസ്ര‌യേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്, സ്പെയിനിലെ ഫെലിപ്പെ രാജാവ്, രാജ്ഞി ലെറ്റീഷ്യ, ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കി, യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. സ്ഥാനാരോഹണ ചടങ്ങുകളിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങാണ് നയിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.