'കടന്നുപോയത് വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും ഒന്‍പത് വര്‍ഷങ്ങള്‍'; സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി

'കടന്നുപോയത് വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും ഒന്‍പത് വര്‍ഷങ്ങള്‍'; സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തില്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും ഒന്‍പത് വര്‍ഷങ്ങളാണ് കടന്നുപോയതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നവകേരളത്തിലേക്ക് നയിക്കുന്ന നയങ്ങളാണ് പിണറായി സര്‍ക്കാര്‍ നടപ്പാക്കിയതെന്നും മാറ്റങ്ങള്‍ പ്രകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ പ്രോഗ്രസ് വെള്ളിയാഴ്ച്ച പുറത്തിറക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. വിഴിഞ്ഞം പദ്ധതിയുടെ തറക്കല്ലിടല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെങ്കിലും അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നൂറ് ശതമാനം കാര്യങ്ങളും പൂര്‍ത്തിയാക്കിയത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്നും മുഖ്യമന്ത്രി എടുത്ത് പറഞ്ഞു.

അതേസമയം കേന്ദ്രസര്‍ക്കാരിനെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കേന്ദ്രം സാമ്പത്തിക രംഗത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ബുദ്ധിമുട്ട് ഉണ്ടാക്കി. അര്‍ഹമായ പല കാര്യങ്ങളും തടഞ്ഞുവച്ചുകൊണ്ട് സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എങ്കിലും ഈ പ്രതിസന്ധി മറികടക്കുമെന്ന പ്രത്യാശയും മുഖ്യമന്ത്രി മുന്നോട്ട് വച്ചു. ഗെയ്ല്‍ പൈപ്പ്‌ലൈന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളെക്കുറിച്ചും ദേശീയപാത വികസനത്തെ കുറിച്ചും മുഖ്യമന്ത്രി പരാമര്‍ശിച്ചു. വഴിമുട്ടിനിന്ന ഒട്ടേറെ പദ്ധതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ അലംഭാവം കൊണ്ട് നിലച്ചുപോയതാണ് ദേശീയപാത വികസനമെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം.

എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് ഏറ്റെടുത്തു നടത്തി. രാജ്യത്ത് ഒരിടത്തും ഇല്ലാത്ത തരത്തില്‍ കേന്ദ്രം നിബന്ധനകള്‍ വച്ചു. അതുകൊണ്ടാണ് സ്ഥലം ഏറ്റെടുപ്പിനായി പണം നല്‍കേണ്ടി വന്നതെന്നും അദേഹം എടുത്തുപറഞ്ഞു. ലൈഫ് പദ്ധതിയിലൂടെ സംസ്ഥാനത്ത് നാല് ലക്ഷത്തില്‍ അധികം വീടുകള്‍ നിര്‍മിച്ചു. കൂടാതെ സംസ്ഥാനത്തെ 60 ലക്ഷത്തോളം പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഒപ്പം കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും യാഥാര്‍ഥ്യമായി. പ്രകടന പത്രികയിലെ വാഗ്ദാനനങ്ങളുടെ പ്രവര്‍ത്തന പുരോഗതി എല്ലാ വര്‍ഷവും പൊതുജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ ഒരു ഘട്ടത്തില്‍ ഉണ്ടായിരുന്നു. അത് തീര്‍ത്തും അപ്രത്യക്ഷമായി. അങ്ങനെ വെല്ലുവിളിച്ചവരൊക്കെ നിശബ്ദരായി. കോവിഡ് പ്രതിസന്ധികളെയും സാമ്പത്തിക രംഗത്തെ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങള്‍ സൃഷ്ടിക്കുന്ന ബിദ്ധിമുട്ടും അതിജീവിച്ചാണ് കേരളം മുന്നോട്ട് പോകുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. വൈദ്യുതി പ്രസരണ രംഗത്തും കാര്‍ഷിക-വ്യാവസായിക രംഗത്തും വന്‍കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കിയ ഇടമണ്‍-കൊച്ചി പവര്‍ഹൈവേയും സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. കേരളത്തിന്റെ മുഖഛായ മാറ്റുന്ന വന്‍ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.

പി.എസ്.സി നിയമനങ്ങളുടെ എണ്ണവുംഅദേഹം ചൂണ്ടിക്കാട്ടി. 2016 മുതല്‍ ഇതുവരെ 2,80,934 ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി വഴി നിയമനം നല്‍കിയെന്നാണ് അദേഹം അറിയിച്ചത്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം ഇതുവരെ 4,00,956 പട്ടയങ്ങള്‍ വിതരണം ചെയ്തു. അതില്‍ തന്നെ 2,23,945 പട്ടയങ്ങള്‍ 2021 ന് ശേഷം വിതരണം ചെയ്തവയാണെന്നും അദേഹം വ്യക്തമാക്കി.

ക്ഷേമ പെന്‍ഷനില്‍ യു.ഡി.എഫ് സര്‍ക്കാരിനെ പിണറായി വിജയന്‍ വിമര്‍ശിക്കുകയും ചെയ്തു. സാമൂഹികക്ഷേമ പെന്‍ഷന്‍ 600 രൂപയില്‍ നിന്ന് 1600 ലേക്ക് എത്തിയിരിക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ 18 മാസത്തെ പെന്‍ഷന്‍ കുടിശികയാക്കിയാണ് പോയത്. രാജ്യത്ത് ഏറ്റവും കുറവ് വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളമെന്നും ജനക്ഷേമ നടപടികളിലൂടെ വിപണയില്‍ കൃത്യമായി ഇടപെടല്‍ നടത്തുന്നത് കൊണ്ടാണ് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നതെന്നും പിണറായി വിജയം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.