തിരുവനന്തപുരം: തലസ്ഥാനത്ത് അതിവേഗം നഗരവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിലൊന്നായ കഴക്കൂട്ടത്ത്, കാട്ടുപന്നികളുടെ ശല്യം ആശങ്കാജനകമായ രീതിയില്‍ വര്‍ധിച്ചു. തിരുവനന്തപുരത്തെ ഐടി നഗരം കൂടെയായ ഈ പ്രദേശത്തെ ഭീഷണി കഴക്കൂട്ടം സോണിന് കീഴിലുള്ള നിരവധി നഗരസഭാ വാര്‍ഡുകളില്‍ രുക്ഷമാണ്. ഈ സാഹചര്യത്തില്‍ കാട്ടുപന്നികളെ വെടിവച്ചുകൊല്ലുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ നിര്‍ബന്ധിതരായി.
കാട്ടായിക്കോണത്ത് കാട്ടുപന്നി ശല്യം ഭീതിജനകമായി മാറിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ കാട്ടുപന്നികളുടെ ആക്രമണത്തില്‍ അഭൂതപൂര്‍വമായ വര്‍ധനവാണ് കാണിക്കുന്നത്. കഴക്കൂട്ടത്തെ മൂന്ന് വാര്‍ഡുകളായ കട്ടായിക്കോണം, കഴക്കൂട്ടം, ചന്തവിള എന്നിവിടങ്ങളില്‍ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ നഗരസഭ അനുമതി നല്‍കി.
ഇരുട്ടായതിന് ശേഷം കാട്ടുപന്നികള്‍ കൂട്ടത്തോടെ ഓടി നടക്കുന്നതിനാല്‍ ആളുകള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ്. വന്‍തോതില്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കപ്പെടുന്നു. ഇപ്പോള്‍ കാട്ടുപന്നികള്‍ കാരണം കര്‍ഷകര്‍ കൃഷി ചെയ്യാന്‍ തന്നെ മടിക്കുന്ന അവസ്ഥയാണ്. ഇവിടെ ഡസന്‍ കണക്കിന് കാട്ടുപന്നികള്‍ ഉണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇപ്പോള്‍ കോര്‍പ്പറേഷന്റെ ഭാഗമായ മുന്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം പ്രധാന ആശങ്കയായി മാറുകയാണ്.
കാട്ടുപന്നി പ്രശ്‌നം കാരണം പലരും കൃഷി ഉപേക്ഷിച്ചുവെന്നും ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങള്‍ കാട്ടുപന്നികളുടെ സങ്കേതമായി മാറിയതായും കാണാം. ഈ പ്രദേശം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെങ്കിലും തന്റെ വാര്‍ഡിലെ പ്രധാന തൊഴിലുകളിലൊന്ന് കൃഷിയായിരുന്നുവെന്ന് ചന്തവിള വാര്‍ഡ് കൗണ്‍സിലര്‍ എം ബിനു പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് വരെ തങ്ങള്‍ നെല്‍കൃഷി ചെയ്തിരുന്നു. വിളവെടുത്ത നെല്ല് സപ്ലൈകോയ്ക്ക് നല്‍കിയിരുന്നു. കാട്ടുപന്നികളുടെ ശല്യം കാരണം ഇപ്പോള്‍ ഇതെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. ആളുകള്‍ സുരക്ഷിതരല്ല, രാത്രിയില്‍ ഈ കാട്ടുപന്നികളുടെ ചുറ്റും ആളുകള്‍ ഒറ്റപ്പെടുമ്പോള്‍ അത് അപകടകരമാകുമെന്നും അദേഹം പറഞ്ഞു.
സ്‌പോര്‍ട്‌സ് അതോറിട്ടിയുടെ കീഴിലുള്ള ഫിസിക്കല്‍ എജ്യൂക്കേഷന്‍ സ്ഥാപനമായ എല്‍എന്‍സിപിയുടെ പരിസര പ്രദേശങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങള്‍ കാട്ടുപന്നികളുടെ ഭീഷണിയിലാണ്. ഇതാദ്യമായാണ് നഗരസഭ ഇത്തരമൊരു നടപടി സ്വീകരിക്കുന്നതും കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ തീരുമാനിക്കുന്നതും. കാട്ടുപന്നികളുടെ ശല്യം ഗുരുതരമായ ആശങ്കയായി മാറിയിട്ടുണ്ടെന്നും കാര്‍ഷിക മേഖലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
ഐടി ഹബ്ബിന്റെ വികസനത്തിന്റെ ഭാഗമായി കഴക്കൂട്ടത്ത് ദ്രുതഗതിയിലുള്ള വികസനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, കൃഷിയെ ആശ്രയിക്കുന്ന വലിയൊരു വിഭാഗം ഇപ്പോഴും അവിടെയുണ്ട്. ശ്രീകാര്യം ഉള്‍പ്പെടെയുള്ള ചില വാര്‍ഡുകളില്‍ നിന്ന് തങ്ങള്‍ക്ക് പരാതികള്‍ ലഭിക്കുന്നുണ്ട്. അതിനാല്‍ നടപടിയെടുക്കാന്‍ തീരുമാനിച്ചു. സമാനമായ പ്രശ്‌നങ്ങളുള്ള മറ്റ് വാര്‍ഡുകളെ കണ്ടെത്താനും ശ്രമിക്കുന്നുണ്ടെന്ന് മേയര്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.