കൊച്ചി: മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് പ്രദേശവാസികളെ കുടിയൊഴിപ്പിക്കുന്നത് പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച വസ്തുതാന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട്. സംസ്ഥാന വഖഫ് ബോര്‍ഡുമായി സമവായ ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരം ഉണ്ടാക്കണം. കോടതി വിധി എതിരായാല്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമതടസമില്ലെന്നും കമീഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. ജൂഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട് അടുത്തയാഴ്ചയോടെ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.
കമീഷന്റെ പ്രധാന ശുപാര്‍ശകള്‍ ഇങ്ങനെ:
1. മുനമ്പത്ത് കുടിയൊഴിപ്പിക്കല്‍ പ്രായോഗികമല്ല, സംസ്ഥാന സര്‍ക്കാര്‍ മറ്റ് വഴികള്‍ തേടണം
2. വഖഫ് ബോര്‍ഡും ഫറൂഖ് കോളജ് മാനേജ്‌മെന്റും തമ്മില്‍ സര്‍ക്കാര്‍ സമവായ ശ്രമങ്ങള്‍ നടത്തണം
3. ഭൂമി വഖഫ് എന്ന് കണ്ടെത്തിയാല്‍ അടിയന്തര ഇടപെടല്‍ വേണം
4. ഭൂമി നിയമപരമായി ഏറ്റെടുത്താല്‍ ആവശ്യമായ നഷ്ടപരിഹാരം ഉറപ്പാക്കണം
5. മുനമ്പത്തുകാരുടെ ഭൂമിക്ക് എല്ലാ അവകാശങ്ങളും അടിയന്തരമായി പുനസ്ഥാപിക്കണം.
അതേസമയം വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ വാദം ഇന്ന് വീണ്ടും തുടരും. മുസ്ലിം മതപരമായ ആചാരത്തെ നിയമം സ്പര്‍ശിക്കുന്നില്ലെന്ന് കേന്ദ്രത്തിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്നലെ വാദിച്ചിരുന്നു. വഖഫ് ബോര്‍ഡിന് മതപരമായ സ്വഭാവം ഇല്ല. വഖഫ് ബോര്‍ഡ് ഒരു മതപരമായ ചടങ്ങുകളുടെയും ഭാഗമാകുന്നില്ല എന്നും കേന്ദ്രം വാദിച്ചു. വഖഫ് ഇസ്ലാമിന്റെ അനിവാര്യ ഘടകമല്ലെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
ഇടക്കാല ഉത്തരവുമായി ബന്ധപ്പെട്ട വാദം കേള്‍ക്കല്‍ ഇന്ന് പൂര്‍ത്തിയാക്കാനാണ് സാധ്യത. വഖഫ് സ്വത്തുക്കള്‍ കൈവശപ്പെടുത്താനുള്ള ശ്രമമെന്നും മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണ് നിയമം എന്നുമായിരുന്നു ഹര്‍ജിക്കാര്‍ വാദിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.