പ്രിയപ്പെട്ട അമ്മയ്ക്ക്,
ഇന്ന്, ഞാന്‍ എന്ന വ്യക്തി ഉണ്ടായ ദിവസം. പക്ഷെ ആർക്കുമറിയില്ല കേട്ടോ . ഞാന്‍ ഇപ്പോള്‍ ഒരു കടുകുമണിയോളം മാത്രമെ ഉള്ളൂ. കുറച്ചു നാള്‍ കഴിയുമ്പോള്‍ എനിക്കും അമ്മയെ പോലെ കണ്ണും, മൂക്കും, വായും എല്ലാം വരും. ഇവിടെ മുഴുവന്‍ ഇരുട്ടാണ്; എന്നാലും എനിക്ക് പേടിയില്ല. അമ്മയല്ലേ എന്റെ കൂടെയുള്ളത്. എനിക്ക് വലിയ സന്തോഷമാണ്.
ഒന്നര മാസമായി അമ്മ തന്നതെല്ലാം കഴിച്ചു ഞാന്‍ കുറച്ചു വലുതായി. എന്നാല്‍ ഇപ്പോഴും അമ്മയ്ക്ക് അറിയില്ലല്ലോ വാവ അമ്മയുടെ കൂടെയുണ്ടെന്ന്. അന്ന് അമ്മ തല കറങ്ങി വീണപ്പോള്‍ എനിക്ക് ശരിക്കും കരച്ചില്‍ വരുന്നുണ്ടായിരുന്നു. പിന്നെ എല്ലാവരും കുഴപ്പമില്ല എന്ന് പറഞ്ഞപ്പോള്‍ ആശ്വാസമായി. ഞാന്‍ ഉണ്ടെന്നറിഞ്ഞപ്പോഴല്ലേ അന്ന് മെല്ലെ വയറ്റില്‍ തൊട്ടതു. എന്നിട്ട് എന്തിനാ അമ്മ കരഞ്ഞത്...? അമ്മയുടെ കൂടെ ഞാനില്ലായിരുന്നോ?
അമ്മ എപ്പോഴും കരയുന്നതും, സന്തോഷമില്ലാതെ നടക്കുന്നതും എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ കെട്ടി പിടിച്ചു ഒരു ഉമ്മ തരുമ്പോള്‍ അമ്മയുടെ വിഷമം എല്ലാം മാറും എന്ന്.
ഇപ്പോൾ രണ്ടു മാസമായി ഞാൻ അമ്മയോടൊപ്പം. അമ്മയുടെ വയറ്റില്‍ ആരോ എന്തോ വയ്ക്കുന്നതും, എന്റെ ഹൃദയം തുടിക്കുന്നത് അമ്മ കേട്ടതും ഞാന്‍ അറിഞ്ഞു. എന്നിട്ടും അമ്മ ഒന്നും മിണ്ടിയില്ല. ഒന്ന് പുഞ്ചിരിച്ചത് പോലുമില്ല.
കുറെ ദിവസം അമ്മ സ്ഥിരം ആശുപത്രിയില്‍ പോയില്ലേ. ഇനി അമ്മയ്ക്ക് എന്തെങ്കിലും ചെറിയ അസുഖം ആയിരിക്കുമോ എന്നാണ് ഞാന്‍ വിചാരിച്ചത്. ഡോക്ടര്‍ അമ്മയ്ക്ക് എന്തോ മരുന്ന് തന്നില്ലായിരുന്നോ.., എനിക്ക് അപ്പോൾ വല്ലാതെ തണുത്തു. ആരോ എന്നെ പിടിച്ചു വലിക്കുന്നത് പോലെ തോന്നി. എനിക്ക് ഒത്തിരി വേദനിച്ചു. എന്റെ കൈകള്‍ക്കു ബലമില്ലാത്തത് പോലെ തോന്നി... പതുക്കെ ശ്വാസം കിട്ടാതായി... ഞാന്‍ അമ്മയില്‍ നിന്നും അകന്നു പോകുന്ന പോലെ...
ഞാന്‍ ഇപ്പോള്‍ ദൈവത്തിന്‍റെ കൂടെയാണ്, സ്വര്‍ഗ്ഗത്തില്‍. എന്നെ പോലെ കുറെ കുട്ടികള്‍ ഇവിടെയുണ്ട്. അവര്‍ക്കാര്‍ക്കും അമ്മമാരുടെ ചൂടേറ്റുറങ്ങാന്‍ പറ്റിയിട്ടില്ല, അവരെ ആരും താരാട്ട് പാടിയുറക്കിയിട്ടില്ല. എന്നാലും ഞങ്ങള്‍ ഇവിടെ സുരക്ഷിതരാണ് ഞങ്ങളെ ഇവിടെ ആരും ഉപദ്രവിയ്ക്കില്ല... വേണ്ട എന്ന് ആരും പറയില്ല. എന്നെ കണ്ടാല്‍ അമ്മയെ പോലെ തനെയാണെന്ന് എല്ലാ മാലാഖമാരും പറയാറുണ്ട്.
എന്തിനാ അമ്മ എന്നെ വിട്ടു കളഞ്ഞത്? അമ്മയ്ക്ക് എന്നെ ഇഷ്ടമില്ലായിരുന്നോ? എന്നാലും എനിക്ക് അമ്മയോട് സ്നേഹം മാത്രമേയുള്ളൂ...
എന്ന് സ്വര്‍ഗ്ഗത്തില്‍ നിന്നും,
ഒരു കൊച്ചു മാലാഖ.
✍ സോണി മനോജ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.