'ഏവരും സഹോദരങ്ങള്‍' ചാക്രിക ലേഖനം ലോക സമൂഹത്തിന് പുത്തന്‍വഴികാട്ടി: സി ബി സിഐ ലെയ്റ്റി കൗണ്‍സില്‍

'ഏവരും സഹോദരങ്ങള്‍' ചാക്രിക ലേഖനം  ലോക സമൂഹത്തിന് പുത്തന്‍വഴികാട്ടി:  സി ബി സിഐ ലെയ്റ്റി കൗണ്‍സില്‍

കോട്ടയം: ഫ്രാന്‍സീസ് പാപ്പായുടെ മൂന്നാം ചാക്രികലേഖനമായ ഏവരും സഹോദരങ്ങള്‍ ലോകസമൂഹത്തിനൊന്നാകെ പുത്തന്‍ വഴികാട്ടിയാണെന്നും പ്രശ്‌നസങ്കീര്‍ണ്ണമായ ആധുനിക കാലഘട്ടത്തില്‍ സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയുമായ ചിന്തകളിലൂടെ നവലോകസൃഷ്ടിക്ക് പാതകളൊരുക്കുമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. 

  ലോകത്തുടനീളം പടര്‍ന്നുപിടിച്ചിരിക്കുന്ന കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും സഹോദരസ്‌നേഹം ഊട്ടിയുറപ്പിച്ചും മനുഷ്യസമൂഹമൊന്നാകെ പ്രവര്‍ത്തിക്കേണ്ട ആവശ്യകതയിലേയ്ക്ക് ചാക്രികലേഖനം വിരല്‍ചൂണ്ടുന്നത് വിശ്വാസിസമൂഹം മാത്രമല്ല പൊതുസമൂഹമൊന്നാകെ ഏറെ പ്രതീക്ഷയോടെ കാണുന്നു.  

ഭീകര തീവ്രവാദപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും, മനുഷ്യജീവനും ജീവിതത്തിനും ഉയരുന്ന വെല്ലുവിളികളും, രാഷ്ട്രീയ ഭരണ അരക്ഷിതാവസ്ഥകളും, മതവിദ്വേഷവും യുദ്ധസാധ്യതകളും, വിഘടനവാദങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികളില്‍പോലും ഏവരെയും സഹോദരങ്ങളായി കാണുവാനുള്ള തുറവിയും വിശാല സ്‌നേഹമനോഭാവവും സാമൂഹ്യ സാഹോദര്യത്തിന്റെ പാഠവും പ്രഖ്യാപിച്ച് ക്രൈസ്തവ മൂല്യങ്ങളെയും കത്തോലിക്കാസഭയുടെ നിലപാടുകളെയും ഉയര്‍ത്തിക്കാട്ടുന്നതാണ് ചാക്രികലേഖനം.  

ലോകരാജ്യങ്ങളെയൊന്നാകെ ഒരു കുടുംബമായി കണ്ട് വിശ്വസാഹോദര്യത്തിന്റെ മഹത്വവും നന്മയും ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ വിളിച്ചറിയിക്കുമ്പോള്‍ ജനഹൃദയങ്ങളില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നുറപ്പാണ്. വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ തമ്മില്‍ കൂടുതല്‍ ഒരുമയോടും സ്വരുമയോടുംകൂടി പ്രവര്‍ത്തനനിരതമാകണമെന്ന ആഹ്വാനവും ചാക്രികലേഖനത്തിലുണ്ട്. വിവിധ ലോകരാജ്യങ്ങളിലെ വ്യക്തികളും ഗ്രൂപ്പുകളും മതവിഭാഗങ്ങളും രാഷ്ട്രീയ സാംസ്‌കാരിക ജീവിത പശ്ചാത്തലങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള ചിന്തകളും ആശയങ്ങളുമാണ് ഏവരും സഹോദരങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. മതിലുകള്‍ നിര്‍മ്മിച്ച് മനുഷ്യമനസുകളില്‍ അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കുന്ന ജീവിത സംസ്‌കാരത്തെ നിശിതമായി വിമര്‍ശിക്കുന്നതിനോടൊപ്പം ലോകം മുഴുവനിലേയ്ക്കും ഹൃദയം തുറക്കണമെന്ന ആഹ്വാനവും മതങ്ങള്‍ സാഹോദര്യത്തിന്റെ ശുശ്രൂഷയില്‍ ശ്രദ്ധചെലുത്തണമെന്ന നിര്‍ദ്ദേശവും സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വവും ചാക്രികലേഖനം ഉദ്‌ഘോഷിക്കുന്നു. 

  ചാക്രികലേഖനത്തിന്റെ സന്ദേശങ്ങള്‍ സഭാസമൂഹത്തിലും പൊതുസമൂഹത്തിലും എത്തിക്കുന്നതിനായി സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലെ 14 റീജിയനുകളിലും അല്മായ സംഘടനാ നേതാക്കള്‍ക്കായി കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വെബ്‌സെമിനാറുകള്‍ വരും ദിവസങ്ങളില്‍ നടക്കും. ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ 174 രൂപതാ പാസ്റ്ററല്‍ കൗണ്‍സിലുകളും അല്മായ പ്രസ്ഥാനങ്ങളും ചാക്രികലേഖനം അടിസ്ഥാനപ്പെടുത്തി പഠനശിബിരങ്ങളും എക്യുമെനിക്കല്‍ മതാന്തര സംവാദങ്ങളും സംഘടിപ്പിക്കണമെന്ന് വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.   


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.