സാര്‍ക്കിനെ പൊളിക്കാന്‍ ചൈനയുടെ നീക്കം; പാകിസ്ഥാനുമായി ചേര്‍ന്ന് പുതിയ കൂട്ടായ്മ; ചര്‍ച്ചകള്‍ സജീവം

സാര്‍ക്കിനെ പൊളിക്കാന്‍ ചൈനയുടെ നീക്കം;  പാകിസ്ഥാനുമായി ചേര്‍ന്ന്  പുതിയ കൂട്ടായ്മ; ചര്‍ച്ചകള്‍ സജീവം

ബീജിങ്:  പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യന്‍ സംഘടനയായ സാര്‍ക്കിന് പകരം പുതിയ കൂട്ടായ്മ രൂപീകരിക്കാന്‍ പാകിസ്ഥാനും ചൈനയും കൈകോര്‍ക്കുന്നു. പുതിയ സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് സാര്‍ക്ക് കൂട്ടായ്മയിലുള്ളത്. ഇതിന് പകരം ചൈനയ്ക്കും പാകിസ്ഥാനും പ്രാധാന്യം ലഭിക്കുന്ന വിധത്തില്‍ പുതിയ കൂട്ടായ്മ രൂപീകരിക്കാനാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ കൂട്ടായ്മ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുന്നെന്ന് എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനയിലെ കുന്‍മിങില്‍ പാകിസ്ഥാന്‍, ചൈന, ബംഗ്ലാദേശ് പ്രതിനിധികള്‍ തമ്മില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി. സാര്‍ക്കിന്റെ ഭാഗമായ മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളെയും പുതിയ ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ഷണിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയെയും പുതിയ നിര്‍ദ്ദിഷ്ട ഫോറത്തിലേക്ക് ക്ഷണിക്കും. മെച്ചപ്പെട്ട വ്യാപാര കണക്റ്റിവിറ്റി, പ്രാദേശിക ഇടപെടല്‍ ശക്തമാക്കുക എന്നിവയാണ് പുതിയ സംഘടനയുടെ പ്രധാന ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2014 ല്‍ ആണ് സാര്‍ക്ക് ഉച്ചകോടി അവസാനമായി നടന്നത്. കാഠ്മണ്ഡുവില്‍ നടന്ന ഈ ഉച്ചകോടിക്ക് ശേഷം 2016 ല്‍ ഇസ്ലാമാബാദില്‍ ഉച്ചകോടി നടക്കേണ്ടതായിരുന്നു. എന്നാല്‍ 2016 സെപ്റ്റംബര്‍ 18 ന് ജമ്മു കശ്മീരിലെ ഉറിയില്‍ ഇന്ത്യന്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളും ഇസ്ലാമാബാദ് യോഗത്തില്‍ പങ്കെടുത്തില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.