ഇറാനെ കബളിപ്പിക്കാന്‍ പസഫിക്കിന് മുകളിലൂടെ പടിഞ്ഞാറോട്ട് പറന്ന ആ ബി 2 സ്റ്റെല്‍ത്ത് ബോംബറുകള്‍ എവിടെ?.. ഹവായിയില്‍ ഇറങ്ങിയോ; ദുരൂഹത

ഇറാനെ കബളിപ്പിക്കാന്‍ പസഫിക്കിന് മുകളിലൂടെ പടിഞ്ഞാറോട്ട് പറന്ന  ആ ബി 2 സ്റ്റെല്‍ത്ത് ബോംബറുകള്‍ എവിടെ?.. ഹവായിയില്‍ ഇറങ്ങിയോ; ദുരൂഹത

ന്യൂയോര്‍ക്ക്: ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ തീമഴ പെയ്യിച്ച അമേരിക്കയുടെ ബി 2 സ്റ്റെല്‍ത്ത് ബോംബറുകളില്‍ ചിലത് എവിടെ?

ഇറാനെ കബളിപ്പിക്കാനായി പസഫിക്ക് മഹാ സമുദ്രത്തിന് മുകളിലൂടെ പടിഞ്ഞാറോട്ട് പറന്ന ബോംബറുകളില്‍ ചിലത് യു.എസ് വ്യോമതാവളത്തില്‍ തിരിച്ചെത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. ആ ബി-2 ബോംബറുകള്‍ക്ക് എന്ത് പറ്റിയെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

ജൂണ്‍ 21 ന് മിസോറിയിലെ വൈറ്റ്മാന്‍ എയര്‍ഫോഴ്സ് ബേസില്‍ നിന്ന് യു.എസ് ബി 2 സ്റ്റെല്‍ത്ത് ബോംബറുകളുടെ രണ്ട് സംഘങ്ങളാണ് പറന്നുയര്‍ന്നത്. ഒരു വിഭാഗം പസഫിക്കിന് മുകളിലൂടെ പടിഞ്ഞാറോട്ട് പറന്നു.

ഇറാന്റെ പ്രതിരോധ സംവിധാനത്തെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. രണ്ടാമത്തെ വിഭാഗം ബി 2 ബോംബറുകള്‍ ടെഹ്റാനിലെ ഫോര്‍ദോ, ഇസ്ഫഹാന്‍, നതാന്‍സ്എന്നീ ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങളെ ആക്രമിക്കാന്‍ കിഴക്കോട്ട് പോയി.

ഈ സംഘം 37 മണിക്കൂര്‍ നിര്‍ത്താതെ പറന്ന് ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം താവളത്തില്‍ തിരിച്ചെത്തി. എന്നാല്‍ പടിഞ്ഞാറോട്ട് പറന്ന സംഘത്തെക്കുറിച്ച് അധികം വിവരങ്ങള്‍ ലഭ്യമല്ല. ആ സംഘത്തിലെ ഒരു വിമാനമെങ്കിലും ഹവായിയില്‍ അടിയന്തരമായി ഇറങ്ങാന്‍ നിര്‍ബന്ധിതമായി എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

ഈ സ്റ്റെല്‍ത്ത് ബോംബര്‍ ഹൊനോലുലുവിലെ ഹിക്കാം എയര്‍ഫോഴ്സ് ബേസുമായി റണ്‍വേ പങ്കിടുന്ന ഡാനിയല്‍ കെ. ഇനോയെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

ബി-2 ബോംബറുകള്‍ മുമ്പും ഹവായിയില്‍ ഇറങ്ങിയിട്ടുണ്ട്. 2023 ഏപ്രിലില്‍, സമാനമായ അടിയന്തര ലാന്‍ഡിങ് ഹിക്കാമില്‍ നടന്നു. എന്നാല്‍ ഏറ്റവും ഗുരുതരമായ ബി 2 അപകടം സംഭവിച്ചത് 2008 ലാണ്.

അന്ന് 'സ്പിരിറ്റ് ഓഫ് കാന്‍സസ്' എന്ന ബി 2 ഫൈറ്റര്‍ ഗുവാമിലെ ആന്‍ഡേഴ്സണ്‍ എയര്‍ഫോഴ്സ് ബേസില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടു പിന്നാലെ തകര്‍ന്നു. വിമാനം പൂര്‍ണ്ണമായും നശിച്ചെങ്കിലും രണ്ട് പൈലറ്റുമാരും സുരക്ഷിതമായി പുറത്തേക്ക് തെറിച്ച് രക്ഷപ്പെടുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.