'പുടിനുമായി താന്‍ അത്ര സന്തോഷത്തിലല്ല; ഉക്രെയ്‌ന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കും': നിലപാടില്‍ മാറ്റം വരുത്തി ട്രംപ്

'പുടിനുമായി താന്‍ അത്ര സന്തോഷത്തിലല്ല; ഉക്രെയ്‌ന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കും': നിലപാടില്‍ മാറ്റം വരുത്തി ട്രംപ്

വാഷിങ്ടണ്‍: റഷ്യന്‍ ആക്രമണങ്ങള്‍ നേരിടുന്ന ഉക്രെയ്‌ന് ഇനി ആയുധങ്ങള്‍ നല്‍കില്ലെന്ന നിലപാടില്‍ മാറ്റം വരുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.  ആയുധങ്ങള്‍ അയക്കുന്നത് നിര്‍ത്തി വെക്കുമെന്ന് കഴിഞ്ഞയാഴ്ച ട്രംപ് പറഞ്ഞെങ്കിലും കൂടുതല്‍ ആയുധങ്ങള്‍ അയക്കുമെന്ന് ഇന്നലെ അദേഹം പ്രഖ്യാപിച്ചു.

'നമുക്ക് കൂടുതല്‍ ആയുധങ്ങള്‍ അയയ്‌ക്കേണ്ടി വരും. പ്രധാനമായും പ്രതിരോധ ആയുധങ്ങള്‍' - അദേഹം വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഉക്രെയ്ന്‍ വളരെ വലിയ ആക്രമണമാണ് നേരിടുന്നതെന്ന് പറഞ്ഞ ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി താന്‍ അത്ര സന്തോഷത്തിലല്ലെന്നും വ്യക്തമാക്കി.

മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടം 65 ബില്യണ്‍ സൈനിക സഹായമാണ് ഉക്രെയ്‌ന് നല്‍കിയിരുന്നത്. ഇതിനിടെ യുദ്ധോപകരണങ്ങളുടെ വിതരണം നിര്‍ത്തലാക്കുന്നത് ഉക്രെയ്‌ന് വലിയ വെല്ലുവിളിയായിരുന്നു.

യൂറോപ്യന്‍ സഖ്യ കക്ഷികളുമായും അമേരിക്കയിലെ പ്രമുഖ ആയുധ നിര്‍മാണ കമ്പനിയുമായും ഡ്രോണുകള്‍ വാങ്ങുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഉക്രെയ്ന്‍ കരാറിലെത്തിയിരുന്നു.

അതിനിടെ അമേരിക്ക മുന്‍കൈയെടുത്ത് തുടങ്ങിയ വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ വിജയം കണ്ടില്ല. ഇരു രാജ്യങ്ങളും തമ്മില്‍ തുര്‍ക്കിയയിലെ ഇസ്താംബൂളില്‍ സമാധാന ചര്‍ച്ച തുടങ്ങാനിരിക്കെയാണ് ഏറ്റുമുട്ടല്‍ വീണ്ടും ശക്തമായത്.

മൂന്ന് വര്‍ഷത്തെ യുദ്ധത്തിനിടെ ഉക്രെയ്‌നെതിരെ ഏറ്റവും വലിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളാണ് റഷ്യ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്. ഒരാഴ്ചക്കിടെ 1270 ഡ്രോണുകളും 39 മിസൈലുകളുമാണ് റഷ്യ ഉക്രെയ്‌നെതിരെ തൊടുത്തത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.