തിരുവനന്തപുരം: ബുധനാഴ്ച നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിന് മുന്നോടിയായി ഡയസ്നോണ്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. ജോലിക്ക് ഹാജരായില്ലെങ്കില്‍ അന്നത്തെ വേതനം ലഭിക്കില്ല. സാധാരണ പോലെ എല്ലാ സര്‍വീസുകളും നടത്തണമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്.
കെഎസ്ആര്‍ടിസി എല്ലാ സര്‍വീസുകളും നടത്തുമെന്ന് നേരത്തെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും പറഞ്ഞിരുന്നു. എന്നാല്‍ യൂണിയനുകള്‍ ഇത് തള്ളിയിരുന്നു. പിന്നാലെ നിര്‍ദേശം ഉത്തരവായി ഇറക്കുകയായിരുന്നു. കെഎസ്ആര്‍ടിസിയിലെ തൊഴിലാളികള്‍ ബുധനാഴ്ചത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ വാദം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ നേരത്തേ രംഗത്തെത്തിയിരുന്നു.
തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് പറയാന്‍ മന്ത്രിക്ക് അധികാരമില്ലെന്ന് പറഞ്ഞ ടി.പി രാമകൃഷ്ണന്‍ നാളെ കെഎസ്ആര്‍ടിസി സ്തംഭിക്കുമെന്നും അറിയിച്ചു.
സ്വകാര്യ ബസ് സര്‍വീസുകളും നാളെ ഉണ്ടാവില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെ എല്ലാവരും പണിമുടക്കുമായി സഹകരിക്കുന്നതായിരിക്കും നല്ലതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞിരുന്നു. ഒന്നാം തിയതിക്ക് മുമ്പായി ശമ്പളം കിട്ടുന്നതുകൊണ്ട് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ സന്തുഷ്ടരാണെന്നും അതുകൊണ്ട് തന്നെ അവര്‍ക്ക് സമരം ചെയ്യേണ്ട സാഹചര്യമില്ലെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ നിലപാട്. പതിവ് പോലെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിഐടിയു നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ടി.പി രാമകൃഷ്ണന്റെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.