കൊച്ചി: ഡാര്‍ക്ക്നെറ്റ് മയക്കുമരുന്ന് ശൃംഖലയായ കെറ്റാമെലോണ്‍ കേസിലെ പ്രതികളെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി)യുടെ കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ സ്വദേശി എഡിസണ്‍, ഡിയോള്‍, അരുണ്‍ തോമസ് എന്നിവരെ നാല് ദിവസത്തേക്കാണ് എന്‍സിബിയുടെ കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം അഡീ. സെഷന്‍സ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കോടിക്കണക്കിന് രൂപയുടെ ഡാര്‍ക്ക്നെറ്റ് മയക്കുമരുന്ന് ശൃംഖലയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. കെറ്റാമലോണ്‍ കേസില്‍ എഡിസണേയും സുഹൃത്തുക്കളായ അരുണ്‍ തോമസ്, കെ.വി ഡിയോള്‍, ഭാര്യ അഞ്ജു ഡേവിസ് എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് എന്‍സിബിയുടെ നീക്കം. ആദ്യഘട്ടത്തില്‍ ഒറ്റയ്ക്ക് ചോദ്യം ചെയ്തതിന് ശേഷമായിരിക്കും ഇവരെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യുക.
എഡിസണ്‍ ബാബു, അരുണ്‍ തോമസ്, ഡിയോള്‍ എന്നിവര്‍ സഹപാഠികളാണ്. മൂവാറ്റുപുഴയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളജിലാണ് മൂന്ന് പേരും പഠിച്ചത്. അതുകൊണ്ട് തന്നെ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള ഇവരുടെ അടുത്ത സുഹൃത്തുക്കളും നിരന്തരമായി ബന്ധപ്പെടുന്നവരും നിലവില്‍ എന്‍സിബിയുടെ അന്വേഷണ പരിധിയിലാണ്.
വിദേശത്ത് നിന്ന് വന്‍തോതില്‍ ലഹരി വാങ്ങി പാഴ്സല്‍ വഴി ഇടപാടുകാര്‍ക്ക് വിതരണം ചെയ്യുകയാണ് എഡിസണ്‍ ചെയ്തിരുന്നത്. ആഗോള എല്‍എസ്ഡി വിതരണക്കാരായ സോയൂ ശൃംഖലയില്‍ നിന്നാണ് എല്‍എസ്ഡിയും മറ്റും വാങ്ങിയിരുന്നത്. 2021 മുതലാണ് ലഹരി ഇടപാടുകള്‍ ഇയാള്‍ തുടങ്ങിയത്. ഏകദേശം ആയിരത്തിനടുത്ത് ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഇതിലൂടെ കോടികള് സമ്പാദിച്ചതെന്നാണ് വിവരം.
കൊച്ചിയിലെത്തിയ പോസ്റ്റല്‍ പാര്‍സലുകളില്‍ 280 എല്‍എസ്ഡി ബ്ലോട്ടുകള്‍ കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ മൂവാറ്റുപുഴ സ്വദേശിയായ എഡിസണ്‍ ആണ് ഇത് ബുക്ക് ചെയ്തിരിക്കുന്നതെന്ന് സ്ഥിരീകരിച്ചു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, 847 എല്‍എസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമിനും കൂടി പിടിച്ചെടുത്തിരുന്നു. ആറ് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് മൂവാറ്റുപുഴ സ്വദേശിയായ എഡിസണിലേയ്ക്ക് എന്‍സിബി എത്തിയത്. കഴിഞ്ഞ 14 മാസത്തിനിടെ 600 പാഴ്സലാണ് എഡിസണ് കിട്ടിയത്.
2023 ല്‍ കൊച്ചി ഫോറിന്‍ ഓഫിസില്‍ കെറ്റമിന്‍ പിടിച്ചെടുത്ത കേസിലാണ് ഡിയോളിലേക്കും ഭാര്യയിലേക്കും അന്വേഷണം എത്തിയത്. ഓസ്ട്രേലിയയിലേക്ക് ലഹരി കടത്തിയെന്ന കേസില്‍ ഇടുക്കി പീരുമേടിന് സമീപം പാഞ്ചാലിമേട്ടിലെ റിസോര്‍ട്ടുടമയായ ഡിയോള്‍, ഭാര്യ അഞ്ജു എന്നിവരെ എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. ഡിയോളും എഡിസണും തമ്മില്‍ അടുത്ത ബന്ധമുള്ളവരാണെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.