വന്യജീവി ശല്യം തടയാന്‍ നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍; കരട് തയ്യാറായി വരുന്നതായി വനം മന്ത്രി

വന്യജീവി ശല്യം തടയാന്‍ നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍; കരട് തയ്യാറായി വരുന്നതായി വനം മന്ത്രി

തിരുവനന്തപുരം: വന്യജീവി ശല്യം തടയുന്നതിനുള്ള പുതിയ നിയമത്തിന്റെ കരട് തയ്യാറായി വരുന്നതായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍. സംസ്ഥാനത്തിന് നിയമ നിര്‍മാണം നടത്താനാകുമോയെന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ അഡ്വക്കേറ്റ് ജനറലുമായി ചര്‍ച്ച നടത്തിയിരുന്നു.

കണ്‍കറന്റ് ലിസ്റ്റ് ആയതിനാല്‍, ആ പഴുത് ഉപയോഗിച്ച് നിയമ നിര്‍മാണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നാണ് ഉപദേശം ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ കരട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അടുത്തു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ കരട് നിയമം സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ നീക്കം. അടുത്ത മാസം ചേരുന്ന നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. നിലവില്‍ നിലനില്‍ക്കുന്ന കേന്ദ്ര നിയമങ്ങളും അതിലെ ചട്ടങ്ങളും കേരളത്തില്‍ പ്രായോഗികമല്ലെന്നും സംസ്ഥാനത്തിന് തിരിച്ചടിയാണെന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഈ സാഹചര്യത്തിലാണ് വനുഷ്യ-വന്യജീവി സംഘര്‍ഷം കൂടുതല്‍ ലഘൂകരിക്കാനും മനുഷ്യര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്ന തരത്തിലും നിയമം രൂപീകരിക്കാന്‍ തയ്യാറെടുക്കുന്നതെന്നും ശശീന്ദ്രന്‍ പറഞ്ഞു.

നിലവിലെ നിയമങ്ങള്‍ വന്യ ജീവികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയിലാണുള്ളത്. പുതിയ നിയമത്തില്‍ അതില്‍ മാറ്റം ഉണ്ടാകും. എന്നാല്‍ പുതിയ കരട് നിയമത്തില്‍ മന്ത്രിസഭയിലും ഇടതു മുന്നണിയിലും കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകും. പൊതു സമൂഹത്തിന്റെ കൂടി അഭിപ്രായങ്ങള്‍ കണക്കിലെടുത്ത ശേഷമാകും ബില്ലിന്റെ രൂപത്തില്‍ നിയമസഭയില്‍ അവതരിപ്പിക്കുകയെന്നും മന്ത്രി അറിയിച്ചു.

വന്യജീവി സംഘര്‍ഷം ചര്‍ച്ച ചെയ്യാനായി അടിയന്തര നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി ആവശ്യപ്പെട്ടിരുന്നു. വന്യജീവികളും തെരുവ് നായകളും ഉയര്‍ത്തുന്ന ഭീഷണി മൂലം സംസ്ഥാനത്ത് പല പ്രദേശങ്ങളിലും ആളുകള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്നില്ല.

പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തുകയും പുതിയ നിയമ നിര്‍മാണം നടത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്. ജല്ലിക്കെട്ട് സുപ്രീംകോടതി നിരോധിച്ചപ്പോള്‍ തമിഴ്നാട് സര്‍ക്കാര്‍ വളരെ പെട്ടെന്നു തന്നെ നിയമം പാസാക്കി.

അതുപോലെ, മനുഷ്യ-മൃഗ സംഘര്‍ഷത്തിന്റെയും തെരുവ് നായ്ക്കളുടെ ശല്യത്തിന്റെയും വെല്ലുവിളികള്‍ ഫലപ്രദമായി നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മൃഗ സംരക്ഷണ നിയമം ഭേദഗതി ചെയ്യണം എന്നാണ് ജോസ് കെ. മാണി ആവശ്യപ്പെട്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.