ട്രംപിന് മുന്നില്‍ കവാത്ത് മറക്കുന്ന ഇന്ത്യന്‍ നയതന്ത്രം; ശശി തരൂരിനെ പരിഹസിച്ച് കോണ്‍ഗ്രസ് മുഖപത്രം

ട്രംപിന് മുന്നില്‍ കവാത്ത് മറക്കുന്ന ഇന്ത്യന്‍ നയതന്ത്രം; ശശി തരൂരിനെ പരിഹസിച്ച് കോണ്‍ഗ്രസ് മുഖപത്രം

തിരുവനന്തപുരം: ശശി തരൂരിനെതിരെ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. മോഡി വാഴ്ത്ത് പാട്ട് തരൂരിന്റെ തരംമാറ്റവും അവസരവാദവും പ്രകടിപ്പിക്കുന്നതാണെന്ന് വീക്ഷണത്തിലെ ലേഖനം പറയുന്നു. ''ട്രംപിന് മുന്നില്‍ കവാത്ത് മറക്കുന്ന ഇന്ത്യന്‍ നയതന്ത്രം'' എന്ന പേരില്‍ രാഷ്ട്രീയകാര്യ സമിതി അംഗം ജോണ്‍സണ്‍ എബ്രഹാം എഴുതിയ ലേഖനത്തില്‍ തരൂരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയിട്ടുള്ളത്.

അടിയന്തരാവസ്ഥയെ വിമര്‍ശിച്ച് തരൂര്‍ ലേഖനമെഴുതിയതില്‍ കോണ്‍ഗ്രസിനകത്ത് പ്രതിഷേധമുണ്ടായിരുന്നെങ്കിലും നേതാക്കള്‍ പ്രതികരിച്ചിരുന്നില്ല. ഈ വിവാദം നില്‍ക്കുന്നതിനിടെ തന്നെ തരൂര്‍ വീണ്ടും മോഡി സ്തുതിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതു രണ്ടും അടിസ്ഥാനമാക്കിയാണ് വീക്ഷണത്തിലെ ലേഖനം.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം കേന്ദ്ര പ്രതിനിധി സംഘത്തലവന്‍ ആയി അമേരിക്കയില്‍ എത്തിയ തരൂരിനും സംഘത്തിനും യുഎസ് വൈസ് പ്രസിഡണ്ടിനെ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. ഇതുതന്നെ നയതന്ത്രം പൊളിഞ്ഞു വീണതിന്റെ ഉദാഹരണം ആണ്. ഇവരുടെ സന്ദര്‍ശന ശേഷം യുഎസ് പ്രസിഡന്റ് ട്രംപ് തന്നെ നേരിട്ട് പാക്ക് സൈനിക മേധാവിയെ വരവേറ്റതും ലേഖനം ചൂണ്ടിക്കാട്ടുന്നു.

'ഇന്ത്യ-പാക് സംഘര്‍ഷം താനാണ് തീര്‍ത്തെന്ന് അവകാശവാദം പതിനാല് തവണ ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടേയിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നില്‍ തരൂരിന്റെ നയതന്ത്ര നീക്കങ്ങള്‍ തകര്‍ന്നടിഞ്ഞു. തരൂരിനും സംഘത്തിനും യുഎസ് വൈസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താനേ സാധിച്ചുള്ളു എന്നതും അപമാനകരമായി. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റിനോടൊപ്പം സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, മധ്യപൂര്‍വ പ്രദേശത്തെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് തുടങ്ങിയവര്‍ പാക് സൈനിക മേധാവിക്ക് മുന്നില്‍ അണിനിരന്നു. കാനഡയില്‍ നടന്ന ജി 7 രാജ്യങ്ങളുടെ ഉച്ചകോടി വെട്ടിച്ചുരുക്കിയാണ് ട്രംപ് വൈറ്റ് ഹൗസില്‍ കുതിച്ചെത്തിയത്,' എന്നും ജോണ്‍സണ്‍ എബ്രഹാം ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

കോളനി വാഴ്ചയ്ക്കും സാമ്രാജ്യത്വത്തിനും അധിനിവേശ നയങ്ങള്‍ക്കും എതിരെയുള്ള ജനാധിപത്യ മനുഷ്യാവകാശങ്ങളുടെ കരുത്തുറ്റ ശബ്ദമായിരുന്നു ഇന്ദിരാഗാന്ധിയുടേത്. ഇന്ത്യയുടെ യുദ്ധ വിജയത്തിലെ ഇന്ദിരാ ഗാന്ധിയുടെ പ്രഖ്യാപനം ഇടിമുഴക്കം സൃഷ്ടിച്ച ഹര്‍ഷാരവത്തോടെയാണ് പാര്‍ലമെന്റ് സ്വാഗതം ചെയ്തത്. അവിടെയാണ് അമേരിക്കയുടെ സഹായത്തോടെ യുദ്ധത്തില്‍ മോഡിക്ക് തീരുമാനം എടുക്കേണ്ടി വന്നത്.

ഇതെല്ലാം നയതന്ത്രത്തിലെ വീഴ്ചയാണ്. അമിതമായ വിധേയത്വം മൂലം അമേരിക്കയുടെ സാമന്ത രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ് എന്നും ലേഖനം പറയുന്നു. എന്നിട്ടും വിദേശരാജ്യങ്ങളില്‍ പോയി മോഡിയെ പുകഴ്ത്തുന്ന ശശി തരൂരിനെയാണ് ലേഖനത്തില്‍ വിമര്‍ശിച്ചിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.